12 August Wednesday

കണ്ടെയ്‌ൻമെന്റ്‌ സോൺ : സ്വയം റീഡിങ്‌ കണക്കാക്കാം

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Monday Jun 29, 2020


സംസ്ഥാനത്തെ കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ സെൽഫ്‌മീറ്റർ റീഡിങ്‌ ഏർപ്പെടുത്താൻ‌ കെഎസ്‌ഇബി. ഉപയോക്താവിന്‌ സ്വയം റീഡിങ്‌ കണക്കാക്കി കെഎസ്‌ഇബിക്ക്‌ സമർപ്പിക്കാം. ഇതിനായി പ്രത്യേക സോഫ്‌റ്റ്‌വെയർ തയ്യാറാക്കും.

എടുക്കേണ്ട തീയതി, റീഡിങ്‌ വിവരങ്ങൾ നൽകേണ്ട ലിങ്ക്‌ എന്നിവ കെഎസ്‌ഇബി ഉപയോക്താവിന്റെ മൊബൈൽ നമ്പറിൽ നൽകും. നിശ്ചിത തീയതിയിൽ ഉപയോക്താവ്‌ സ്വയം റീഡിങ്‌ എടുത്തശേഷം ഈ വിവരം ലിങ്ക്‌ വഴി നൽകണം. റീഡിങ്‌ ചിത്രവും നൽകാം. റീഡിങ്ങിന്റെ അടിസ്ഥാനത്തിൽ കെഎസ്‌ഇബി ബിൽ തുക കണക്കാക്കും. തുടർന്ന്‌ ബിൽ എസ്‌എംഎസ്‌, ഇമെയിൽ, കെഎസ്‌ഇബിയുടെ സൈറ്റുകൾ എന്നിവയിലൂടെ ഉപയോക്താവിന്‌ ലഭ്യമാക്കും. ഓൺലൈനായോ, സെക്‌ഷൻ വഴിയോ ബില്ലടയ്‌ക്കാം. നിർബന്ധപൂർവം ഇത്‌ നടപ്പാക്കില്ല. ഉപയോക്താവിന്‌ ഇഷ്ടമുണ്ടെങ്കിൽമാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കണ്ടെയ്‌ൻമെന്റ്‌ സോണിൽ മീറ്റർ റീഡർമാരെ നിയോഗിച്ചുള്ള റീഡിങ്‌ സാധ്യമല്ല. ഇവിടങ്ങളിൽ ശരാശരിയുടെ അടിസ്ഥാനത്തിൽ ബിൽ നൽകുകയാണ്‌ നിലവിലുള്ള പോംവഴി. എന്നാൽ, അടുത്തിടെ ശരാശരിയുടെ അടിസ്ഥാനത്തിൽ ബിൽ നൽകിയപ്പോൾ കെഎസ്‌ഇബിക്ക്‌ എതിരെ വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങളും ആക്ഷേപങ്ങളും ഉയർന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ്‌ സെൽഫ്‌ മീറ്റർ റീഡിങ്‌ ഏർപ്പെടുത്താൻ ആലോചിക്കുന്നത്‌.


വൈദ്യുതി ബിൽ; സബ്‌സിഡി വിവരം എസ്‌എംഎസ്‌ വഴിയും ; വാണിജ്യ ഉപയോക്താക്കൾക്കും ഇളവ്‌
ലോക്ഡൗൺ കാലയളവിലെ വൈദ്യുതി ബില്ലിന്‌ കെഎസ്‌ഇബി നൽകുന്ന സബ്‌സിഡി വിവരങ്ങൾ ഉപയോക്താവിന്‌ എസ്‌എംഎസ്‌ വഴിയും ലഭിക്കും. ബിൽ ലഭിക്കുന്നതിന്‌ ചുരുങ്ങിയത്‌ രണ്ട്‌ ദിവസം മുമ്പെങ്കിലും മൊബൈൽ ഫോണിൽ സബ്‌സിഡി തുക എത്രയെന്ന്‌ സന്ദേശം വരും. വൈദ്യുതി ബില്ലിലും സബ്‌സിഡി രേഖപ്പെടുത്തിയിരിക്കും.

സബ്‌സിഡി ഉൾക്കൊള്ളിച്ചുള്ള ബിൽ തയ്യാറാക്കാൻ സോഫ്‌റ്റ്‌വെയർ പരിഷ്‌കരണ നടപടി കെഎസ്‌ഇബി ഐടി വിഭാഗം ഊർജിതമാക്കി. ദിവസം രണ്ട്‌ ലക്ഷം ബില്ലെങ്കിലും തയ്യാറാക്കും വിധമാണ്‌ പരിഷ്‌കാരം. സോഫ്‌റ്റ്‌വെയറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഉടൻ നടത്തും. ജൂലൈ ആദ്യ ആഴ്‌ചമുതൽ സബ്‌സിഡി അടങ്ങുന്ന ബിൽ നൽകും. ആഗസ്‌ത് അവസാനമാകും ബിൽ വിതരണം പൂർത്തിയാവുക. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ബില്ലുകൾക്കാണ്‌ സബ്‌സിഡി.

ലോക്ഡൗൺ കാലയളവിനു മുമ്പുള്ള ഡോർ ലോക്ക് അഡ്‌ജസ്‌റ്റ്‌മെന്റ്‌, മുൻ ബിൽ കുടിശ്ശിക, മറ്റേതെങ്കിലും കണക്കിൽ അടയ്ക്കാനുള്ളതോ ആയ തുക ഒഴിവാക്കിയാകും ബിൽ തുക കണക്കാക്കുക. കോവിഡ് പശ്ചാത്തലത്തിൽ വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്കും സ്വകാര്യ ആശുപത്രികൾക്കും ഫിക്സഡ് ചാർജിൽ അനുവദിച്ച ഇളവ്‌ ജൂലൈയിൽ ലഭിക്കും. 25 ശതമാനമാണ്‌ ഇളവ്‌.  മാർച്ച് ഒന്നുമുതൽ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാർജിന്റെ ഫിക്‌സഡ്‌ നിരക്കിനാണ്‌ ഇത്‌ ബാധകം. 17 ലക്ഷം പേരാണ്‌ ഗുണഭോക്താക്കൾ. ഇളവ് ജൂലൈ മാസത്തെ ബില്ലിൽ കുറവ് ചെയ്തു നൽകും. 35 കോടി രൂപയാണ്‌ ഈ ഇനത്തിൽ കെഎസ്‌ഇബി നൽകുന്നത്‌. നേരത്തെ ഗാർഹിക ഉപയോക്താക്കൾക്ക്‌ 200 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ജൂലൈയിൽ ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top