25 April Thursday

മാനദണ്ഡം പാലിച്ചു; ദുരന്ത തീവ്രത കുറച്ചത് കെഎസ്ഇബിയുടെ ജാഗ്രത: ചെയര്‍മാന്‍

സ്വന്തം ലേഖകന്‍Updated: Wednesday Aug 22, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനം രാജ്യത്തിന് മാതൃകയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. സംസ്ഥാനം നേരിടുന്ന അഭൂതപൂര്‍വമായ പ്രളയദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കെഎസ്ഇബിയുടെ ജാഗ്രതാപൂര്‍വമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞു. അണക്കെട്ടുകളല്ല, അമിത മഴയാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു

 ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ തുറന്നുവിട്ടത്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 2401 അടി എത്തിയിട്ടും തുറക്കാത്ത ചെറുതോണി അണക്കെട്ടില്‍ 2,398 അടി എത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി വ്യക്തമാക്കിയിരുന്നു.

 അതിനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍, അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയില്‍ ഇടമലയാര്‍ ഡാം നിറഞ്ഞു. ഇരു ഡാമുകളും ഒരുമിച്ച് തുറന്നാല്‍ എറണാകുളം നഗരത്തില്‍ ഉണ്ടാകാവുന്ന ദുരന്തം മുന്നില്‍ കണ്ടാണ് ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ താല്‍ക്കാലികമായി മാറ്റിവച്ചത്. പതിറ്റാണ്ടുകളായി തുലാവര്‍ഷത്തില്‍ മാത്രമേ ഇടുക്കി ഡാം നിറയാറുള്ളൂ.

അതുകൊണ്ടാണ് ഡാമിലെ ജലനിരപ്പ് നിലനിര്‍ത്താനുള്ള ആദ്യ തീരുമാനം എടുത്തത്. മുന്‍ അനുഭവങ്ങള്‍ക്ക് വിരുദ്ധമായി ഒരു മണിക്കൂറില്‍ ജലനിരപ്പ് 0.8 അടി ഉയരുന്ന അവസ്ഥയുണ്ടായി. തുടര്‍ന്നാണ് ഇടുക്കി, എറണാകുളം ജില്ലാ ഭരണസംവിധാനങ്ങളും വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് തികച്ചും യുക്തിഭദ്രമായ രീതിയിലാണ്‌ ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറന്നത്. പിന്നീട് മുല്ലപ്പെരിയാറില്‍നിന്ന് അധികജലം ഒഴുകിയെത്തിയപ്പോഴും ഡാം സുരക്ഷ ഉറപ്പുവരുത്തി കുറ്റമറ്റ രീതിയില്‍ ജലമൊഴുക്ക് നിയന്ത്രിച്ചു.

ബാണാസുരസാഗര്‍, ശബരിഗിരി എന്നിവ ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നപ്പോഴെല്ലാം കീഴ്വഴക്കങ്ങള്‍ കൃത്യമായി പാലിച്ചു. കണക്കുകൂട്ടലുകള്‍ തെറ്റിച്ച ജലപ്രവാഹമുണ്ടാകുമ്പോള്‍ സാങ്കേതികതയുടെ പേരിലുള്ള കാത്തിരിപ്പ്  സുരക്ഷാ ഭീഷണി ഉയര്‍ത്തും. ഡാം തുറന്നുവിട്ടില്ലെങ്കില്‍ ഇതേക്കാള്‍  ഭയാനകമായ ദുരന്തം ഉണ്ടാകുമായിരുന്നു. രണ്ടാംഘട്ട മഴയ്ക്ക് മുമ്പും ബാണാസുരസാഗര്‍ നിറയുകയും ജൂലൈ പതിനഞ്ചിന് തുറന്നുവിടുകയും ചെയ്തിരിന്നു.
 
പെരിയാറിലൂടെ ഒഴുകിയ 6,000 ഘന അടി വെള്ളത്തില്‍ 3,000ത്തില്‍ താഴെ മാത്രമാണ് ഡാമുകളില്‍നിന്ന് വന്നത്. ബാക്കി സംസ്ഥാനമൊട്ടാകെ അനുഭവപ്പെട്ട അതിവൃഷ്ടിയുടെ പരിണിതഫലമാണ്. അച്ചന്‍കോവിലാര്‍ ഉള്‍പ്പെടെയുള്ള നദികളിലും വെള്ളപ്പൊക്കമുണ്ടായി. അണക്കെട്ടുകളാണ് ഒരു പരിധി വരെ വെള്ളം പിടിച്ചുവയ്ക്കുകയും അതുവഴി പ്രളയ തീവ്രത കുറയ്ക്കുകയും ചെയ്തത്. അതിരപ്പള്ളിയില്‍ ചെറുഡാം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചാലക്കുടിയില്‍ പ്രളയം ഇത്ര തീവ്രമാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  

തമിഴ്‌നാട് അപ്പര്‍ ഷോളയാര്‍ ഡാം തുറന്നത് പെരിങ്ങല്‍കുത്ത് ഡാം നിറഞ്ഞുകവിയാന്‍ കാരണമായി. എന്നാല്‍, രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ എടുത്തുവെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

 

പ്രധാന വാർത്തകൾ
 Top