29 May Sunday

തെറ്റിദ്ധരിപ്പിക്കാൻ കഥകളും വ്യാജബദലുകളും

പ്രത്യേക ലേഖകൻUpdated: Wednesday Jan 5, 2022


തിരുവനന്തപുരം
സിൽവർ ലൈൻ  സംബന്ധിച്ച ജനകീയ യോഗങ്ങൾ തുടങ്ങുകയും പദ്ധതിക്ക്‌ പിന്തുണ വർധിക്കുകയും ചെയ്തതോടെ വ്യാജ പ്രചാരണം കടുപ്പിച്ച്‌ ചില മാധ്യമങ്ങളും പ്രതിപക്ഷവും. പദ്ധതിയുടെ സമസ്തമേഖലയെയും കുറിച്ച്‌  ആദ്യയോഗം നടന്ന തിരുവനന്തപുരത്ത്‌ ചർച്ച ചെയ്തു. ഏറ്റവും കുറഞ്ഞ ഒഴിപ്പിക്കലുള്ള പദ്ധതി പരിസ്ഥിതിക്ക്‌ കനത്ത ആഘാതമേൽപ്പിക്കുന്നില്ല. ഏറ്റവും മികച്ച നഷ്ടപരിഹാരവും ഉറപ്പ്‌ നൽകുന്നു. എന്നിട്ടും പ്രതിപക്ഷം രാഷ്‌ട്രീയ എതിർപ്പ്‌ ശക്തമാക്കുമ്പോൾ സംസ്ഥാന വികസനത്തോടുള്ള ഉത്തരവാദിത്വംപോലും മറന്നാണ്‌ ചില മാധ്യമങ്ങൾ വ്യാജ പ്രചാരണത്തിനിറങ്ങുന്നത്‌.

മുംബൈ–-അഹമ്മദാബാദ്‌ ബുള്ളറ്റ്‌ ട്രെയിനിനെതിരായ സമരവും സിൽവർ ലൈനും തമ്മിലുള്ള താരതമ്യമാണ്‌ വ്യാജപ്രചാരണത്തിന്‌ കണ്ടെത്തിയ മാർഗങ്ങളിലൊന്ന്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതസ്ഥിതിമാത്രം പരിഗണിച്ചാൽ സമരത്തിന്റെ സത്യാവസ്ഥ വെളിപ്പെടും. അഭ്യസ്തവിദ്യരുടെ എണ്ണം, ഗ്രാമ സൗകര്യങ്ങൾ, പട്ടിണി, ചികിത്സാ–-വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങി അടിസ്ഥാന മേഖലകളിലടക്കം ആ സംസ്ഥാനങ്ങളിൽ പിന്നോക്കാവസ്ഥയാണ്‌. ആയിരക്കണക്കിന്‌ ഹെക്ടർ കൃഷിഭൂമി സമ്മതംപോലുമില്ലാതെ നിസ്സാര വിലയ്‌ക്കാണ്‌ ഏറ്റെടുക്കുന്നത്‌. അയ്യായിരത്തിലധികം രൂപ ടിക്കറ്റ്‌ നിരക്കുള്ള ബുള്ളറ്റ്‌ ട്രെയിനിലെ യാത്രക്കാർക്ക്‌ സബ്‌സിഡി നൽകുന്നതിനെയും കർഷകർ ചോദ്യം ചെയ്യുന്നു.   

മുംബൈ –- ഹൈദരാബാദ്‌ പാതയ്‌ക്കുവേണ്ടി 60,000 കണ്ടൽമരം വെട്ടുന്നതിനെതിരെ കോടതി വിധിയുണ്ടായി. തുടർന്ന്‌, അലൈൻമെന്റ്‌ മാറ്റി. താനെ ജില്ലയിൽമാത്രം 1200 ഹെക്ടർ ഭൂമിയിൽ ഭൂരിഭാഗവും കൃഷിസ്ഥലമാണ്‌. നഷ്ടപരിഹാരം കുറവാണെന്ന്‌ മാത്രമല്ല, പുനരധിവാസവുമില്ല. പട്ടിണിയടക്കം ബുദ്ധിമുട്ടുകൾ പരിഹരിച്ചശേഷം ബുള്ളറ്റ്‌ ട്രെയിൻ ഓടിക്കൂ എന്നാണ്‌ ജനം പറയുന്നത്‌.  അതിനിടെ സിൽവർ ലൈൻ പദ്ധതിയെ പാരവയ്‌ക്കാൻ കേന്ദ്ര സർക്കാരും ചില ആഹ്വാനങ്ങൾക്ക്‌ ശ്രമിക്കുന്നുണ്ട്‌. മൂന്നാം പാത വന്നാൽ അതിവേഗ ട്രെയിൻ ഓടിക്കാമെന്നാണ്‌ വാദം. അത്‌ വേഗത്തിലാക്കാനുള്ള പ്രഖ്യാപനം ഉടൻ നടത്തുമെന്നും പറയുന്നു. വർഷങ്ങളായി റെയിൽവേ കേരളത്തോട്‌ കാണിക്കുന്ന അവഗണന കൺമുന്നിലുണ്ട്‌. 

പാത ഇരട്ടിപ്പിക്കൽ, കൊച്ചുവേളി സ്‌റ്റേഷൻ വികസനം, ഷൊർണൂർ ട്രയാങ്കിൾ സ്‌റ്റേഷൻ, നേമം വികസനം, തിരുവനന്തപുരം–-ചെങ്ങന്നൂർ ലൈൻ എന്നിങ്ങനെ പതിറ്റാണ്ടുകളായി പ്രഖ്യാപിച്ച്‌ നടക്കാത്ത പദ്ധതികളും അനവധി. മൂന്നാം ലൈനും കേരള വികസനത്തിന്‌ തടയിടാനുള്ള മറ്റൊരു പ്രഖ്യാപനം മാത്രമാകുമെന്നുറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top