02 July Saturday

കടലാസിൽ രചിച്ച വ്യവസായ ചരിത്രം; 1500 പേർക്ക്‌ തൊഴിൽ നൽകാൻ വെള്ളൂർ കെപിപിഎൽ

സ്വന്തം ലേഖകൻUpdated: Wednesday May 18, 2022

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ് (കെപിപിഎൽ) 
പേപ്പർ മെഷീൻ പ്ലാന്റ്

വെള്ളൂർ > അധികൃതരുടെ അനാസ്ഥമൂലം തകർന്ന സ്ഥാപനം; അത്‌ മറ്റൊരു പേരിൽ പൂർവാധികം ശക്തിയോടെ പുനരുജ്ജീവിക്കുക എന്ന അപൂർവതയ്‌ക്കാണ്‌ വെള്ളൂർ സാക്ഷിയാകുന്നത്‌. പത്രം അച്ചടിക്കുന്ന കടലാസായ ന്യൂസ്‌ പ്രിന്റ്‌ ഉൽപാദനത്തിനായി കേന്ദ്രസർക്കാരിന്റെ കീഴിലുണ്ടായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ആണ്‌ കെപിപിഎൽ ആയി മാറിയത്‌. പൊതുമേഖലാ സ്ഥാപനങ്ങളെ ഒരുതരത്തിലും വിട്ടുകൊടുക്കില്ലെന്ന എൽഡിഎഫ്‌ സർക്കാരിന്റെ ദൃഢനിശ്‌ചയത്തിന്റെ ഫലമാണ്‌ കെപിപിഎൽ.
 
കേരള സർക്കാരും കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനും (എച്ച്പിസി) വെള്ളൂരിൽ വൻകിട പേപ്പർ നിർമാണശാല സ്ഥാപിക്കാൻ 1974-ൽ ദീർഘകാല ധാരണയിൽ ഏർപ്പെട്ടു. നിർദിഷ്‌ട നിലവാരത്തിലുള്ള മര അസംസ്‌കൃത വസ്‌തുക്കൾ, ജലം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കേരള സർക്കാർ ലഭ്യമാക്കാമെന്ന് സമ്മതിച്ചിരുന്നു. 1979- ൽ കേരള സർക്കാർ 700 ഏക്കർ ഭൂമി എറ്റെടുത്ത്‌ ഹിന്ദുസ്ഥാൻ ന്യൂസ്‌പേപ്പർ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പർ നിർമാണശാലയുടെ പ്രവർത്തനങ്ങൾക്കായി പാട്ടത്തിനു നൽകി. ഇവിടെയാണ്‌ എച്ച്എൻഎലിന്റെ കഥ ആരംഭിക്കുന്നത്. 1982-ൽ പ്ലാന്റ് കമീഷൻ ചെയ്ത്‌ പ്രവർത്തനം ആരംഭിച്ചു. ആദ്യ മൂന്നു ദശാബ്ദങ്ങളിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ചു.
 
പിന്നീട്‌ വിവിധ കാരണങ്ങളാൽ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. 2019 ജനുവരിയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. എച്ച്‌എൻഎൽ ഏറ്റെടുക്കാൻ കേരള സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. 2019 നവംബർ 28-ന് എൻസിഎൽടിയുടെ കൊച്ചി ബെഞ്ചിൽ കോർപറേറ്റ് ഇൻസോൾവെൻസി ആൻഡ്‌ റെസലൂഷൻ പ്രക്രിയയ്‌ക്ക്‌ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസല്യൂഷൻ അപേക്ഷകരിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു. കേരള സർക്കാരിനു വേണ്ടി കിൻഫ്ര റസല്യൂഷൻ അപേക്ഷ സമർപ്പിച്ചു. എൻസിഎൽടി  ഈ പദ്ധതി അംഗീകരിച്ചതിനെ തുടർന്ന്‌ സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുത്തു. കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരിനും വൈകാതെ അംഗീകാരം കിട്ടി. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവർത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയുമായിരുന്നു. നാല്‌ ഘട്ട വികസനം പൂർത്തിയാകുന്നതോടെ കുറഞ്ഞത്‌ 1,500 പേർക്ക്‌ തൊഴിൽ നൽകുന്ന സ്ഥാപനമായി കെപിപിഎൽ മാറും.
 
ആദ്യ റീൽ പേപ്പർ നാളെ പുറത്തിറക്കും

സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്ട്‌സ്‌ ലിമിറ്റഡിൽ ഉൽപാദിപ്പിക്കുന്ന ആദ്യ റീൽ പേപ്പർ വ്യാഴാഴ്‌ച തന്നെ പുറത്തിറക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. മര അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന്‌ വനംവകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്‌. റീസൈക്കിൾഡ് പൾപ്പിങ് പ്ലാന്റിനായി ഉപയോഗിച്ച കടലാസുകൾ സംസ്ഥാനത്ത്‌ എല്ലായിടത്തുനിന്നും ശേഖരിക്കും. കുടുംബശ്രീയുടെ വിപുലമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഈ പദ്ധതി ഉടൻ ആരംഭിക്കുമെന്നും കെപിപിഎല്ലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
 
വ്യാവസായിക, ചെറുകിട മേഖലകളിൽ പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായങ്ങളിൽ വൻ വളർച്ചയാണ് ഇപ്പോഴുള്ളത്. ഇ- – കോമേഴ്‌സ്, ഓൺലൈൻ റീട്ടെയിൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണ-പാനീയ മേഖല തുടങ്ങിയ രംഗങ്ങളിലെ വളർച്ച, പ്ലാസ്റ്റിക്കിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ പേപ്പർ മേഖലയ്‌ക്ക്‌ കരുത്തുപകരുന്നു.  ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധത്തിലുള്ള ഉൽപന്ന വൈവിധ്യവൽക്കരണ വികസന പദ്ധതികളാണ് കെപിപിഎൽ മുന്നോട്ടു വയ്‌ക്കുന്നത്. ഇതിനായി പാക്കേജിങ്, പേപ്പർ ബോർഡ് മേഖലകളിലേക്കും പ്രവേശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top