26 January Tuesday

കെപിസിസിയുടെ അന്തിമപട്ടികയായില്ല ; കുഴഞ്ഞുമറിഞ്ഞ്‌ പുനഃസംഘടന

കെ ശ്രീകണ‌്ഠൻUpdated: Saturday Sep 14, 2019

ഗ്രൂപ്പ്‌ വീതംവയ്‌പിനും നോമിനികളെ കുത്തിത്തിരുകാനുമുള്ള നീക്കങ്ങളിൽ അമർഷം പുകയുന്നതിനിടെ കെപിസിസി പുനഃസംഘടന കുഴഞ്ഞുമറിഞ്ഞു. ജനറൽ സെക്രട്ടറിമാരാകാൻ മുൻമന്ത്രിമാരടക്കമുള്ളവരുടെ ചരടുവലിയും പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ബിജെപിയിലേക്ക്‌ പോകുമെന്ന ഭീഷണിയും പുകയുകയാണ്‌. ജൂലൈ 31നുള്ളിൽ നടത്തുമെന്ന്‌ വീമ്പുപറഞ്ഞ പുനഃസംഘടനയ്‌ക്ക്‌ ഇതുവരെ അന്തിമരൂപമായില്ല. ഓണം കഴിഞ്ഞാലുടനെ നടത്തുമെന്നാണ്‌ ഏറ്റവുമൊടുവിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ അവകാശവാദം.
ജംബോ കമ്മിറ്റി പാടില്ല. ഒരാൾക്ക്‌ ഒരു പദവി എന്നിവ മാനദണ്ഡമാക്കുമെന്ന്‌ പറഞ്ഞെങ്കിലും അതെല്ലാം അഴകൊഴമ്പൻ മട്ടിലായി. എ, ഐ ഗ്രൂപ്പുകൾ 13 പേർ വീതമുള്ള പട്ടിക നൽകി.

ഇതിലെ പേരുകാർക്കെതിരെ ഗ്രൂപ്പുകളിൽ പരസ്യ പോരും മുറുകി. ഇതിനിടെയാണ്‌ ഭാരവാഹിത്വം നൽകിയില്ലെങ്കിൽ ബിജെപിയിലേക്ക്‌ പോകുമെന്ന ഭീഷണിയുമായി മറ്റു ചിലർ വന്നത്‌. എ കെ ആന്റണി, വി എം സുധീരൻ, പി സി ചാക്കോ, കെ സി വേണുഗോപാൽ എന്നിവർ സ്വന്തംനിലയ്‌ക്ക്‌ ചില നോമിനികളുടെ പേര്‌ മുല്ലപ്പള്ളിക്ക്‌ കൈമാറിയിട്ടുണ്ട്‌.
ഒരാൾക്ക്‌ ഒരു പദവി എന്നതിൽ കെ മുരളീധരനും ഉമ്മൻചാണ്ടിയും കടുത്ത നിലപാട്‌ എഐസിസിയെ അറിയിച്ചിട്ടുണ്ട്‌. വർക്കിങ്‌ ചെയർമാൻ പദവിക്കു പകരം വൈസ്‌ പ്രസിഡന്റ്‌ എന്ന ധാരണയുണ്ടാക്കിയെങ്കിലും നിലവിലുള്ള വൈസ്‌ പ്രസിഡന്റ്മാർ തന്നെ അതിനെതിരെ രംഗത്തുവന്നു. വർക്കിങ്‌ പ്രസിഡന്റ്‌ ആക്കിയില്ലെങ്കിൽ പുനഃസംഘടനയിൽ ഉൾപ്പെടുത്തരുതെന്ന്‌ വി ഡി സതീശൻ മുല്ലപ്പള്ളിയെ അറിയിച്ചിട്ടുണ്ട്‌. കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ്‌ പ്രസിഡന്റ്‌ സ്ഥാനം നിലനിർത്തണമെന്ന്‌ ആവശ്യമുന്നയിച്ചു.

ഇതിനു പുറമെയാണ്‌ വിജയൻ തോമസിനെപ്പോലുള്ള ചിലർ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി ബിജെപി ഭീഷണിയുമായി രംഗത്തിറങ്ങിയത്‌. ഇതേതുടർന്ന്‌ വിജയൻ തോമസിനെ ഐ ഗ്രൂപ്പിന്റെ ക്വാട്ടയിൽ ഉൾപ്പെടുത്താൻ ധാരണയായി. മുൻമന്ത്രി വി എസ്‌ ശിവകുമാറിനെ ജനറൽ സെക്രട്ടറിയാക്കാനുള്ള ഐ ഗ്രൂപ്പ്‌ നീക്കത്തിന്‌ ഗ്രൂപ്പിനുള്ളിൽ തന്നെ കലാപമാണ്‌.
മുൻ കെപിസിസി ട്രഷറർ കരകുളം കൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവർ ശിവകുമാറിനെതിരെ നിലപാട്‌ കടുപ്പിച്ചു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്‌തനാണ്‌ വി എസ്‌ ശിവകുമാർ. എല്ലാ പദവിയും ശിവകുമാറിന്‌ നൽകുന്നതിനെതിരെയാണ്‌ ഗ്രൂപ്പിലെ മറ്റുള്ളവർ ചോദ്യം ചെയ്തിരിക്കുന്നത്‌. മുതിർന്ന നേതാക്കളുടെ നോമിനികൾക്ക്‌ ബർത്ത്‌ നൽകണമെന്ന കടമ്പയാണ്‌ മുല്ലപ്പള്ളിയുടെ മുന്നിലുള്ളത്‌. സ്വന്തം വിശ്വസ്‌തരായ രാജ്‌മോഹൻ ഉണ്ണിത്താനെ പോലുള്ളവരെ പരിഗണിക്കാതെ തരമില്ല. യുവാക്കൾ, വനിതകൾ എന്നിവർക്ക്‌ പരിഗണന നൽകിയില്ലെങ്കിൽ എഐസിസി തടയിടും.

ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായി ഒരുവട്ടംകൂടി ചർച്ച നടത്തിയാൽ അന്തിമരൂപം നൽകാൻ കഴിയുമെന്നാണ്‌ മുല്ലപ്പള്ളിയുടെ പ്രതീക്ഷ. പാലാ ഉപതെരഞ്ഞെടുപ്പിനുമുമ്പ്‌ ഒരുമിച്ചിരിക്കണമെന്ന്‌ മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാൽ, പാലായിലെ അന്തരീക്ഷം വഷളാകുന്നത്‌ കണക്കിലെടുത്ത്‌ പുനഃസംഘടനാ ചർച്ചയെല്ലാം ഉപതെരഞ്ഞെടുപ്പിനു ശേഷമാകാമെന്നാണ്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിലപാട്‌ എടുത്തിരിക്കുന്നത്‌. പട്ടിക കിട്ടിയാൽ ഉടൻ അംഗീകരിക്കാൻ എഐസിസി തയ്യാറാണ്‌. നേരത്തെ പട്ടിക ഏറ്റുവാങ്ങാൻ പോലും ആളില്ലാത്ത സ്ഥിതിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top