16 January Saturday
ധാരണയുള്ളത്‌ എല്ലാവർക്കുമറിയാം: വെൽഫെയർ പാർടി

വെൽഫെയറോ...? തനിക്കറിയില്ല ; ഉരുണ്ടുകളിച്ച്‌ കെപിസിസി പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


യുഡിഎഫിന്റെ വെൽഫെയർ പാർടി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വീണ്ടും ഉരുണ്ടുകളിച്ച്‌  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. മലപ്പുറം ഏലംകുളം പഞ്ചായത്തിലെ യുഡിഎഫ്‌ സ്ഥാനാർഥി സംഗമത്തിൽ വെൽഫെയർ പാർടി സ്ഥാനാർഥിക്കൊപ്പം ഫോട്ടോ എടുത്ത്‌ ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ചെയ്‌ത കാര്യം ചോദിച്ചപ്പോഴാണ് ഈ‌ ഉരുണ്ടുകളി.‌ അങ്ങനെയൊരു സംഭവം അറിയില്ലെന്നും അവിടത്തെ കോൺഗ്രസുകാർ ഇക്കാര്യം തന്നോട്‌ പറഞ്ഞിട്ടില്ലെന്നുമായിരുന്നു‌ മുല്ലപ്പള്ളിയുടെ  പ്രതികരണം‌. ആ പാർടിയുമായി ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി ചർച്ച നടത്തിയത് ‌അവരുടെ കാര്യമാണ്‌. 

അതേസമയം, വെൽഫെയറുമായി സഖ്യമുണ്ടെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പ്രസ്‌താവനയിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ എംപിക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്നും  കലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദ ലീഡർ പരിപാടിയിൽ മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ അറിവോടെയാണ്‌ കല്ലാമല ഡിവിഷനിൽ ആർഎംപിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥിയെ നിർത്തിയതെന്ന്‌ മുരളീധരൻ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.


 

കോൺഗ്രസ്‌ നിലപാട്‌ അവസരവാദം ; ധാരണയുള്ളത്‌ എല്ലാവർക്കുമറിയാം: വെൽഫെയർ പാർടി
തദ്ദേശ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയശേഷം തള്ളിപ്പറയുന്ന കോൺഗ്രസ്‌ നേതാക്കളുടെ നിലപാട്‌ അവസരവാദമെന്ന്‌ വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെൽഫെയർ കൂട്ടുകെട്ടിനെ അംഗീകരിക്കാത്തത്‌ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. മലപ്പുറം പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ‌  യുഡിഎഫുമായി ധാരണയുള്ള കാര്യം എല്ലാവർക്കുമറിയാം.  പാർടി മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയം നടപ്പാക്കാനാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌.

അതിൽ ആർക്കും അസ്വസ്ഥത തോന്നേണ്ടതില്ല. മുസ്ലിം മതസംഘടനകൾ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നതിൽ‌ വെൽഫെയർ മറുപടി പറയേണ്ടതില്ല. അത്‌ മതപരമാണ്‌. അതിനെ രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


 

മുല്ലപ്പള്ളിയുടെ ചിത്രം  ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന്‌: ഉമ്മൻചാണ്ടി
വെൽഫെയർ പാർടിയുമായി യുഡിഎഫിന്‌ ധാരണയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ  വെൽഫെയർ പാർടി സ്ഥാനാർഥിക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ വന്നത്‌  ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതരചേരിയെ ദുർബലപ്പെടുത്തുന്ന സഖ്യം ആത്മഹത്യാപരം: കെഎൻഎം  
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തുന്ന നീക്കുപോക്കുകളിൽനിന്ന് രാഷ്ട്രീയ പാർടികൾ വിട്ടുനിൽക്കണമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹമ്മദ്കുട്ടി, ജനറൽ സെക്രട്ടറി  സി പി ഉമർ സുല്ലമി എന്നിവർ പറഞ്ഞു.

വർഗീയ ഫാസിസ്റ്റ് ശക്തികൾ സംസ്ഥാനത്ത്  വേരുറപ്പിക്കാൻ തീവ്രശ്രമം നടത്തുന്ന സാഹചര്യത്തിൽ വെൽഫെയർ, എസ്ഡിപിഐ പോലുള്ള പാർടികളുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കുന്നത് ആത്മഹത്യാപരമാണ്. മതരാഷ്ട്രവാദ–-തീവ്രവാദ ആശയാടിത്തറയുള്ള സംഘടനകളുമായുള്ള കൂട്ടുകെട്ട് മതേതരകക്ഷികളുടെ വിശ്വാസ്യത തകർക്കും. താൽക്കാലിക രാഷ്ട്രീയനേട്ടത്തിനായി മതേതര കൂട്ടായ്മയിൽ വിള്ളൽവീഴ്‌ത്താതിരിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികൾ  ശ്രദ്ധിക്കണമെന്നും ഉമർ സുല്ലമി അഭ്യർഥിച്ചു.

മുന്നണിക്ക്‌ പുറത്ത്‌ സഖ്യം വേണ്ട: താരിഖ് അൻവർ     
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക്‌ പുറത്ത്‌ സഖ്യം വേണ്ടെന്നാണ്‌ യുഡിഎഫ്‌ തീരുമാനമെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെൽഫയർ പാർടിയുമായി യുഡിഎഫ്‌ സഖ്യമുണ്ടാക്കുന്നുവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് മുതലാളിമാരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർടിയുമായി  സഖ്യമില്ലെന്ന്‌ ഹസ്സൻ
വെൽഫെയർപാർടിയുമായി  ഐക്യവും സഖ്യവുമില്ലെന്ന്‌ യുഡിഎഫ്  കൺവീനർ എം എം ഹസൻ. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും  തൃശൂർ പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദി പ്രസിൽ അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്‌മസിന്‌ സൗജന്യ കിറ്റ്‌ വിതരണം ചെയ്യുമെന്ന  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്‌. ഇതിനെതിരെ  തെരഞ്ഞെടുപ്പ്‌ കമീഷൻ കേസെടുക്കണമെന്നും എം എം ഹസൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top