14 December Saturday

കെപിസിസി പട്ടിക : ഹൈക്കമാൻഡിന്‌ പരാതി പ്രവാഹം ; ആഗ്രഹിച്ചത്‌ ചെറിയ പട്ടികയെന്ന് മുല്ലപ്പള്ളി

പ്രത്യേക ലേഖകൻUpdated: Wednesday Nov 13, 2019



കെപിസിസിയുടെ നൂറോളം പേരടങ്ങിയ കരട്‌ ഭാരവാഹി പട്ടികയിൽനിന്ന്‌ യുവാക്കളെ കൂട്ടത്തോടെ പുറത്താക്കിയത്‌ പുതിയ തർക്കത്തിന്‌ വഴിതുറന്നു. നാല്‌ വർക്കിങ്‌ പ്രസിഡന്റുമാരും പത്ത്‌ വൈസ്‌ പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരും അടങ്ങിയ  പട്ടികയിൽ അമ്പതിൽ താഴെ പ്രായമുള്ളവർ മൂന്ന് പേർ മാത്രം.

പത്ത്‌ വൈസ്‌ പ്രസിഡന്റുമാരിൽ അഞ്ച്‌ പേരും എഴുപതിലെത്തിയവരും നാല്‌ വർക്കിങ്‌ പ്രസിഡന്റുമാരിൽ രണ്ടും എഴുപതിന്‌ മുകളിലുള്ളവരുമാണത്രേ. വൃദ്ധരെ കുത്തിനിറച്ച പട്ടികയ്‌ക്കെതിരെ യുവനേതാക്കളിൽ ആളിപ്പടരുന്ന പ്രതിഷേധം പരാതിയായി ഹൈക്കമാൻഡിലേക്ക്‌  പ്രവഹിക്കുന്നുണ്ട്‌. ഗ്രൂപ്പ്‌ വീതംവയ്‌പിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പട്ടിക ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്‌. ജനറൽ സെക്രട്ടറിമാരിൽ ഏറിയപങ്കും പഴയ മുഖങ്ങളാണ്‌. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നതും വെള്ളത്തിൽ വരച്ച വരയായി. കരട്‌ പട്ടിക ഹൈക്കമാൻഡ്‌ അംഗീകരിച്ചാൽ ഭാരവാഹികളുടെ ശരാശരി പ്രായം അറുപത്‌ ആണെന്നാണ്‌ ആക്ഷേപം.

30 ജനറൽ സെക്രട്ടറിമാരിൽ വനിതകൾ രണ്ട്‌ മാത്രം. പത്മജ വേണുഗോപാലും രമണി പി നായരും. ഏക വനിതാ വൈസ്‌ പ്രസിഡന്റ്‌ റോസക്കുട്ടിക്ക്‌ പ്രായം എഴുപതിന്‌ മുകളിലെന്നാണ്‌ ആക്ഷേപം. ഗ്രൂപ്പുകൾ എഴുതിക്കൊടുത്ത പേരുകൾ ഹൈക്കമാൻഡിന്‌ കൈമാറിയെന്നാണ്‌ ആരോപണം. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഡൽഹിയിൽ തിരിമറി നടത്തിയെന്നും പരാതി ഉയർന്നു. കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ അടുപ്പക്കാരായ  ചിലരെ തിരുകിക്കയറ്റിയിട്ടുമുണ്ട്‌.


ആഗ്രഹിച്ചത്‌ ചെറിയ പട്ടിക: മുല്ലപ്പള്ളി
കണ്ണൂർ
കെപിസിസി ഭാരവാഹികളുടെ ചെറിയ പട്ടിക കൊടുക്കണമെന്നാണ്‌ ആഗ്രഹിച്ചിരുന്നതെന്ന്‌ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹിയിലെ ചർച്ച രഹസ്യ സ്വഭാവമുള്ളതിനാൽ ഘടനയെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ പറയില്ല. ബാബറി മസ്‌ജിദ്‌ വിധിയെക്കുറിച്ച്‌ വ്യക്തിയെന്ന നിലയിൽ അഭിപ്രായമുണ്ടെങ്കിലും സെൻസിറ്റീവ് വിഷയമായതിനാൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top