Deshabhimani

കെപിസിസി പുനഃസംഘടന ചർച്ചയ്‌ക്ക്‌ തുടക്കം ; മുതിർന്ന തലകൾ ഉരുളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 12:25 AM | 0 min read



തിരുവനന്തപുരം
എഐസിസി മാതൃകയിൽ കെപിസിസിയിൽ പുഃനസംഘടന നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മുതിർന്ന നേതാക്കളടക്കം നിർജീവമായവരും ആരോഗ്യ പ്രശ്നമുള്ളവരും ഒഴിയണമെന്ന വികാരവും ശക്തമാണ്‌. ഭാരവാഹികളിൽ 50 ശതമാനം യുവനിരയ്ക്കും 25 ശതമാനം വനിത, ഒബിസി, എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കുമെന്ന എഐസിസി സമവാക്യമാണ്‌ യുവനേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്‌. എന്നാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരനെ നിലനിർത്തിക്കൊണ്ട്‌ മറ്റ്‌ സ്ഥാനങ്ങളിലേക്ക്‌ പുനഃസംഘടനയെന്ന ചർച്ചയാണ്‌ ഇപ്പോഴുള്ളത്‌. സുധാകരനെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന്‌ മാറി ഹൈക്കമാൻഡ്‌ തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എത്തിയെന്ന്‌ ചില ഭാരവാഹികൾ പറയുന്നു. പ്രസിഡന്റ്‌ മാറിയാൽ പ്രതിപക്ഷ നേതാവും മാറണമെന്ന മുൻനിലപാടിൽ നിന്ന്‌ സുധാകരനൊപ്പമുള്ളവരും അയഞ്ഞിട്ടുണ്ട്‌.

ഒഴിവുള്ള വർക്കിങ്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ട്രഷറർ സ്ഥാനങ്ങൾ കൂടാതെ ജനറൽ സെക്രട്ടറിമാരെയും അവരെ സഹായിക്കാൻ സെക്രട്ടറിമാരും എന്ന നിലയിലാണ്‌ പുനസംഘടന ചർച്ച. ഒരു ജനറൽ സെക്രട്ടറിക്ക്‌ രണ്ട്‌ സെക്രട്ടറിമാർ എന്ന നിലയിൽ നോമിനേഷൻ ഉണ്ടാകാനാണ്‌ സാധ്യത. സെക്രട്ടറിമാരുടെ എണ്ണം വർധിപ്പിക്കണമെന്നാണ്‌ സംഘനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജുവിന്റെയും നിലപാട്‌. അതേസമയം, ഡിസിസി പ്രസിഡന്റുമാരിൽ ബഹുഭൂരിപക്ഷം പേരെയും മാറ്റണമെന്ന്‌ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ നേതാക്കൾ പറയുന്നു. 

അടുത്തിടെവന്ന സന്ദീപ്‌ വാര്യരെ പോലുള്ളവർക്ക്‌ വലിയ പദവി നൽകുന്നതിനോട്‌ ഉയർന്ന സ്ഥാനങ്ങൾ മോഹിച്ച്‌ ഇരിക്കുന്ന യുവനേതാക്കൾക്ക്‌ എതിർപ്പുണ്ട്‌. രാജ്‌മോഹൻ ഉണ്ണിത്താൻ, ചെറിയാൻ ഫിലിപ്പ്‌ തുടങ്ങിയവർ പരസ്യമായി ആവശ്യപ്പെടുന്നതുപോലെ ചെറുപ്പക്കാരായ പുതിയ ആളുകളെ ഉയർത്തിക്കൊണ്ടുവരണമെന്ന നിലപാടുള്ളവരാണ്‌ അധികവും. എത്രയും പെട്ടെന്ന്‌ പുനഃസംഘടന നടത്തിയില്ലെങ്കിൽ പൂർത്തിയാക്കാനാകില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുമുള്ളതിനാൽ നീട്ടിവയ്ക്കാൻ എളുപ്പമുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

0 comments
Sort by

Home