29 February Saturday

കെപിസിസി ഭാരവാഹികൾ : ജംബോ പട്ടികതന്നെ ; ആറ്‌ വർക്കിങ്‌ പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും !!!

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ന്യൂഡൽഹി > കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയ്‌ക്ക്‌ സമവായമായി. പട്ടിക സോണിയ ഗാന്ധിക്ക്‌ കൈമാറി. ബുധൻ രാത്രി വൈകുംവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ്‌ ജംബോ പട്ടിക ധാരണയായത്‌. ആറ്‌ വർക്കിങ്‌ പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ്‌ പ്രസിഡന്റുമാരും ട്രഷററും പട്ടികയിലുണ്ട്‌. ഇരട്ടപ്പദവി ഇല്ലാതാക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കങ്ങൾ പരാജയപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ ആവശ്യപ്രകാരം ടി സിദ്ദിഖിനെ വർക്കിങ്‌ പ്രസിഡന്റാക്കി. കെ വി തോമസ്‌, കൊടിക്കുന്നിൽ സുരേഷ്‌, കെ സുധാകരൻ, വി ഡി സതീശൻ, പി സി വിഷ്‌ണുനാഥ്‌ എന്നിവരും വർക്കിങ്‌ പ്രസിഡന്റുമാരാകും. ശൂരനാട്‌‌ രാജശേഖരൻ, അടൂർ പ്രകാശ്‌, വി എസ്‌ ശിവകുമാർ, സി പി മുഹമ്മദ്‌, എ പി അനിൽകുമാർ, ജോസഫ്‌ വാഴയ്‌ക്കൻ, കെ പി ധനപാലൻ, തമ്പാനൂർ രവി, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, ഒ അബ്ദുറഹ്‌മാൻകുട്ടി, കെ സി റോസക്കുട്ടി, ടി എൻ പ്രതാപൻ എന്നിവരാകും വൈസ്‌ പ്രസിഡന്റുമാർ. 

ഭാരവാഹികളുടെ എണ്ണം കുറയ്‌ക്കണമെന്നും ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകൾ നൽകിയ പട്ടികയിലെ പേരുകൾ വെട്ടാൻ അദ്ദേഹം ദിവസങ്ങളോളം ഡൽഹിയിൽ തങ്ങി. തന്റെ നിലപാട്‌ അംഗീകരിച്ചില്ലെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നതായും വാർത്തകൾ വന്നു. 115 പേരുള്ള പട്ടികയിലെ എണ്ണം 75 ആയി കുറയ്‌ക്കാൻ നീക്കമുണ്ടായി. എന്നാൽ, രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും അവരുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top