കൽപ്പറ്റ
കോൺഗ്രസ് നേതാക്കളുടെ വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അറസ്റ്റിൽ. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ചൊവ്വ രാത്രി പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്‌ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധൻ രാത്രി 10.30ഓടെ പുൽപ്പള്ളി സിഐ അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വയനാട്ടിലെത്തിച്ച അബ്രഹാമിനെ വ്യാഴം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വീണ്ടും പരിശോധിച്ചു. പത്തോടെ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ചികിത്സയിലായിരുന്നതന്നെ പൊലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റ് ചെയ്തതാണെന്നും ജാമ്യം അനുവദിക്കണമെന്നും അബ്രഹാം ആവശ്യപ്പെട്ടു. ചികിത്സാവിവരങ്ങളടക്കം പരിശോധിച്ച കോടതി അബ്രഹാമിനെ റിമാൻഡ് ചെയ്‌ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. കേസിൽ ബുധനാഴ്‌ച അറസ്‌റ്റിലായ പുൽപ്പള്ളി സഹകരണ ബാങ്ക് മുൻസെക്രട്ടറി രമാദേവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാ തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് എട്ടര കോടി രൂപയുടെ തട്ടിപ്പ്. തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേലും ഭാര്യ സാറാക്കുട്ടിയും നൽകിയ പരാതിയുൾപ്പെടെ പരിഗണിച്ചാണ് അറസ്‌റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..