Deshabhimani

കോട്ടൂരിലെ ഗജമുത്തച്ഛൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 11:19 AM | 0 min read

സ്വാതി സുരേഷ്‌ > ഒരു പതിറ്റാണ്ടുമുമ്പ്‌ വിതുരയെ വിറപ്പിച്ചുകൊണ്ടൊരു കാട്ടാന നാടിറങ്ങി. സർവതും തകർത്തെറിഞ്ഞു. ജനത്തെ കൊമ്പിൽ കോർത്തു. മനുഷ്യൻ തോറ്റിടത്ത്‌ അവനെ തളയ്ക്കാൻ ഒരു നായകനെത്തി. കോന്നി ആനക്കൂട്ടിലെ താപ്പാന സോമൻ. മുഖാമുഖം കണ്ടപ്പോഴൊക്കെ ആ കൊലകൊല്ലിയെ സോമൻ കാടുകയറ്റി. വനം വകുപ്പിന്റെ ആനയായിരുന്ന ആ ഗജവീരൻ വിരമിക്കലിനുശേഷം ഇപ്പോൾ കോട്ടൂരിലെ പുനരധിവാസ കേന്ദ്രത്തിൽ വിശ്രമത്തിലാണ്. 84–-ാം വയസ്സിൽ കോട്ടൂരിലെ 15 ആനകൾക്ക്‌ മുത്തശ്ശനായി വിശ്രമജീവിതം നയിക്കുകയാണ്‌ സോമൻ.

വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സോമനൊപ്പം എന്തിനുമേതിനും പാപ്പാൻ ശശിയുമുണ്ടാകും. കോട്ടൂർ പുനരധിവാസ കേന്ദ്രം തുടങ്ങിയ കാലംമുതൽ പല ആനകൾക്കും പാപ്പാനാണ്‌ ശശി. 2017 മുതൽ സോമന്റെ കൂടെയാണ്‌. "61 വയസ്സുള്ള എനിക്ക് 84 വയസ്സുള്ള സോമൻ മൂത്ത ചേട്ടനാണ്. സോമണ്ണാ എന്നാണ് വിളിക്കാറ്. നടക്കാനിറങ്ങുമ്പോ കാഴ്ചപരിമിതി അവനിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഞാനൊന്ന്‌ മാറിയാൽ തുമ്പിക്കൈ ഊന്നുവടിയാക്കി തപ്പി നടക്കും. ഇടയ്‌ക്കൊക്കെ എവിടെയെങ്കിലും ഇടിക്കും. ഞാൻ അവന്റെ വലതു വശത്താണ് നടക്കാറ്. അവനെയൊന്ന് തൊട്ട് ഞാൻ അവിടെ ഉണ്ടെന്ന് ഉറപ്പിക്കും. ആ സ്നേഹം അവന്‌ എന്നോടുമുണ്ട്. പല ആനകളും എന്നെ ഉപദ്രവിച്ചിട്ടുണ്ടെങ്കിലും സോമൻ ഇതുവരെ എന്റെ  നോവിച്ചിട്ടില്ല' ശശി പറയുന്നു.  

ചെറുപ്പംമുതൽ അധ്വാനിയായ സോമന്‌ ഇപ്പോഴും അവന്റെ കാര്യങ്ങൾ സ്വന്തമായി  ചെയ്യാനാണ്‌ ഇഷ്‌ടം. രാവിലെ 7.30 മുതൽ ഒമ്പതുവരെ സോമനും പാപ്പാനും പ്രഭാതസഞ്ചാരത്തിനിറങ്ങും. വഴിയെല്ലാം തിട്ടമാണ്. അതിനുശേഷം കുളി. തുമ്പിക്കൈയിൽ വെള്ളം നിറച്ച്‌ സ്വയം കുളിക്കാനാണ്‌ സോമന്‌ ഇഷ്‌ടം. 215 കിലോയോളം തീറ്റപ്പുല്ല്‌ എല്ലാ ദിവസവും തനിയെ കൂട്ടിലെത്തിക്കും. പല്ല്‌ കൊഴിഞ്ഞതുകൊണ്ട്‌ സാവധാനമാണ്‌ കഴിക്കുന്നത്‌. കട്ടികൂടിയ ഭാഗങ്ങൾ കഴിക്കാറില്ല. പ്രത്യേക ഡയറ്റുമുണ്ട് സോമന്‌. അരി, റാഗി, ഗോതമ്പ്‌, മിനറൽ മിക്സ്‌ചർ, ശർക്കര എന്നിവ വേവിച്ച്‌ കൊടുക്കതിനൊപ്പം അവിലും ഈന്തപ്പഴവും പ്രത്യേകമായി നൽകാറുണ്ട്‌. പ്രായത്തിന്റേതായ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ സോമൻ ആരോഗ്യവാനാണെന്ന്‌ അധികൃതർ പറയുന്നു.



deshabhimani section

Related News

0 comments
Sort by

Home