13 July Monday

വീട്ടമ്മയുടെ കൊലപാതകം: മുഖ്യപ്രതിയായ യുവാവ് കൊച്ചിയിൽ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

കോട്ടയം> താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതി പൊലീസ് പിടിയിലായി. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ അയല്‍വാസി മുഹമ്മദ് ബിലാല്‍ (23) ആണ് കൊച്ചിയില്‍ നിന്ന് പിടിയിലായത്. ഇയാള്‍ ഇടപ്പള്ളി കുന്നുംപുറത്ത് വാടകവീട്ടില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിക്കു ശേഷം വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. വീട്ടില്‍ നിന്ന് പ്രതി മോഷ്ടിച്ച 28 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
 
താഴത്തങ്ങാടി ഷാനിമന്‍സിലില്‍ ഷീബ(60)യാണ് തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് സാലി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നു. കവര്‍ച്ച നടത്താനായിരുന്നു പ്രതി അരുംകൊല നടത്തിയത്. താഴത്തങ്ങാടിയില്‍ താമസിച്ചിരുന്ന ബിലാലിന് ഷീബയും സാലിയുമായി അടുത്ത പരിചയമുണ്ടായിരുന്നു. സ്ഥിരം പ്രശ്‌നക്കാരനായ ഇയാളെ ഇടയ്ക്കിടെ കുടുംബം സഹായിച്ചിരുന്നു. ഇവരുടെ വീട്ടില്‍ പണമുണ്ടെന്ന് മനസിലാക്കിയ ബിലാല്‍ അത് കൈക്കലാക്കാന്‍ പദ്ധിതിയിട്ടു.


തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതിക്ക് പക്ഷേ ആരും ഉണരാത്തതിനാല്‍ അകത്തു കടക്കാനായില്ല. തിരിച്ച് പോയ ഇയാള്‍ രാവിലെ ഒമ്പത് മണിയോടെ വീണ്ടും എത്തി. വീട്ടുകാര്‍ തന്നെയാണ് വാതില്‍ തുറന്ന് കൊടുത്തത്. ഭക്ഷണമെടുക്കാന്‍ ഷീബ അകത്തേക്ക് പോയപ്പോള്‍ പ്രതി മുറിയിലെ ടീപ്പോ ഉപയോഗിച്ച് സാലിയെ ആക്രമിക്കുകയായിരുന്നു. മുറിയിലേക്കെത്തിയ ഷീബ ഇത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും അടിച്ചുവീഴ്ത്തി. ക്രൂരമായി രണ്ടു പേരെയും അടിച്ചു.

ദേഹത്ത് ഇരുമ്പു കമ്പി ചുറ്റി കറണ്ടടിപ്പിക്കാന്‍ ശ്രമിച്ചു. അലമാര പരിശോധിച്ച് സ്വര്‍ണവും പണവും കൈക്കലാക്കി. ഗ്യാസ് കുറ്റി ഹാളിലേക്ക് കൊണ്ടുവന്ന് തുറന്നുവിട്ട ശേഷം പിന്‍വാതിലിലൂടെ പുറത്തിറങ്ങി കാറുമെടുത്ത് സ്ഥലംവിട്ടു. കവര്‍ച്ച ലക്ഷ്യമിട്ട് തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിലാല്‍ ഇടയ്ക്കിടെയുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സാലി സംസാരിച്ചതും ഉപദേശിച്ചതും ബിലാലിനെ പ്രകോപിപ്പിച്ചു. ഇതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ടീപ്പോയും അതിന്റെ ഒടിഞ്ഞ കാലുമുപയോഗിച്ച് അടിച്ച് രണ്ട് പേരുടെയും തലയോട് തകര്‍ത്തു.
 
എറണാകുളത്തേക്ക് പോകുന്ന വഴിക്ക് ബിലാല്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ കയറി ഇന്ധനം നിറച്ചു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതിയെ വ്യക്തമായത്. പെട്രോള്‍ പമ്പ് ജീവനക്കാരില്‍നിന്നും ചില സൂചനകള്‍ ലഭിച്ചു. കുമരകം മുതല്‍ കൊച്ചി വരെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതും നിര്‍ണായകമായി.

പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്തും എറണാകുളത്തെ വാടകവീട്ടിലുമെത്തി തെളിവെടുത്തു. കാര്‍ കണ്ടെടുക്കാനായിട്ടില്ല. കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി ജയ്‌ദേവ്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം ജെ അരുണ്‍, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top