13 May Thursday

കുവി തിരിച്ചെത്തി, കൂട്ടുകാരിയുടെ 
ഓർമകളുള്ള മണ്ണിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021

വീട്ടിൽ തിരിച്ചെത്തിയ കുവി പളനിയമ്മയോടൊപ്പം


ഇടുക്കി
പെട്ടിമുടി ദുരന്തഭൂമിയിൽനിന്ന്‌ പൊലീസ്‌ ഏറ്റെടുത്ത കുവി തിരിച്ചെത്തി, കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ഓർമകൾ ഉറങ്ങുന്ന മണ്ണിലേക്ക്‌. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ പൊലീസ് സേന കൂടെക്കൂട്ടിയ കുവി എട്ടുമാസത്തിനുശേഷമാണ്‌ സ്വന്തം കുടുംബത്തിന്റെ തണലിലേക്ക്‌ തിരികെയെത്തിയത്‌. നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ പെട്ടിമുടി ദുരന്തം ബാക്കിവച്ച നൊമ്പരപ്പെടുത്തുന്ന ഓർമകളിൽ ഒന്നായിരുന്നു കുഞ്ഞു ധനുവും അവളുടെ കുവിയെന്ന നായക്കുട്ടിയും.

ആർത്തിരമ്പിയ മഴയ്‌ക്കും മണ്ണിടിച്ചിലിനും ഒപ്പം ധനുവിനെ അന്വേഷിച്ചു നടന്ന കുവിയെ കേരളം മറന്നിട്ടുണ്ടാകില്ല. ഒടുവിൽ ആർക്കും കണ്ടെത്താൻ കഴിയാതിരുന്ന തന്റെ പ്രിയപ്പെട്ട ധനുവിന്റെ ചേതനയറ്റ ശരീരം കുവിതന്നെ രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുക്കുകയായിരുന്നു. ദുരന്തം നടന്ന സ്ഥലത്തുനിന്ന്‌ കിലോമീറ്ററുകൾ അകലെ ഗ്രാവൽ ബാങ്കിനു സമീപത്താണ് ധനുഷ്കയുടെ ശരീരം മരക്കൊമ്പിൽ ഉടക്കിയ നിലയിൽ കണ്ടെത്തിയത്. പുഴയരികിലെത്തി കുരയ്‌ക്കുകയും വെപ്രാളം കാട്ടുകയും ചെയ്ത കുവിയെ നിരീക്ഷിച്ചാണ്‌ ധനുഷ്കയുടെ മൃതശരീരം കണ്ടെത്തിയത്‌. 

കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിനു ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിനു പുറകിൽ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ ഏറ്റെടുത്ത് പരിപാലിച്ചു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ നിർദേശപ്രകാരം ഡോഗ് സ്ക്വാഡിനൊപ്പം വളർത്തി സംരക്ഷണം നൽകുകയായിരുന്നു. കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവർന്ന ഉരുൾപൊട്ടലിൽ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹപ്രകാരമാണ് കുവിയെ തിരികെ നൽകിയത്.

ദുരന്തത്തിൽ ഒറ്റപ്പെട്ട് മൂന്നാർ ടൗണിൽ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാൻ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിൽ ഇത്‌ സംബന്ധിച്ചുവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട സംസ്ഥാന പൊലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കൾക്ക് നൽകുന്ന കാര്യം പരിഗണിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് നിർദേശിച്ചു. തുടർന്ന്‌ മൂന്നാറിൽ പളനിയമ്മ താമസിക്കുന്ന വീട്ടിൽ കുവിയെ എത്തിക്കുകയായിരുന്നു. പൊലീസ് നായ്‌ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാൽ വീടിന്റെ അന്തരീക്ഷവുമായി ഇണങ്ങി വരുന്നതേയുള്ളൂ അവൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top