05 December Thursday

മാത്യുവിനെ കൊന്നത്‌ വഴിവിട്ട ബന്ധങ്ങൾ അച്ഛനെ അറിയിച്ചതിനാലെന്ന്‌ ജോളി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

കോഴിക്കോട്‌> കുടിവെള്ളത്തിൽ സയനൈഡ്‌ കലർത്തിയാണ്‌ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയെന്ന്‌ ചോദ്യംചെയ്യലിൽ ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ. മദ്യത്തിലും ഭക്ഷണത്തിലും വിഷം കലർത്തിയാണ്‌ കൊന്നതെന്നായിരുന്നു ജോളി നേരത്തെ പറഞ്ഞിരുന്നത്‌. ഇത്‌ കള്ളമാണെന്ന്‌ പൊലീസ്‌ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചു. ജോൺസൺ ഉൾപ്പെടെയുള്ളവരുമായുള്ള  വഴിവിട്ട ബന്ധങ്ങൾ കട്ടപ്പനയിലെ ജോളിയുടെ അച്ഛനെ അറിയിച്ചതാണ്‌ മാത്യുവിനെ  വകവരുത്താൻ പ്രധാന കാരണമെന്ന്‌ ജോളി വെളിപ്പെടുത്തി. വ്യാജ ഒസ്യത്തിനെകുറിച്ചും റോയിയുടെ മരണത്തിലെ അസ്വഭാവികതയെക്കുറിച്ചും മാത്യുവിന്‌ അറിയാമെന്നുള്ളതും കൊലപാതകത്തിലേക്ക്‌ വഴിതെളിച്ചു.
2014 ഏപ്രിൽ 24നാണ്‌ ജോളിയുടെ ഭർതൃമാതാവിന്റെ സഹോദരനായ മാത്യുവിന്റെ മരണം.

വീട്ടിലുള്ളവർ കല്യാണത്തിന്‌ പോയപ്പോഴാണ്‌ ജോളി പുലിക്കയത്തെ ഇവരുടെ വീട്ടിലെത്തി കൃത്യം നിർവഹിച്ചത്‌. ഭക്ഷണത്തിനു ശേഷം  നൽകിയ വെള്ളത്തിലാണ്‌ സയനൈഡ്‌ കലർത്തിയത്‌. വൈകിട്ട്‌  മൂന്നരയോടെ ജോളി വീട്ടിലേക്ക്‌  മടങ്ങി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ മാത്യു ജോളിയെ വീണ്ടും വിളിച്ചു വരുത്തി. ഇളയ മകന്റെ ഒപ്പമാണ്‌ ജോളി ഇത്തവണ മാത്യുവിന്റെ വീട്ടിലെത്തിയത്‌. കൊല്ലണമെന്ന ഉറപ്പോടെ തുടർന്നും മാത്യുവിന്‌ സയനൈഡ്‌ കലർത്തിയ വെള്ളം നൽകി. അമ്മ വെള്ളം കൊടുത്തുവെന്ന്‌ ഇളയമകനും മൊഴി നൽകിയിട്ടുണ്ട്‌.  ജോളി  വീട്ടിൽ വന്നുപോയതായി  അയൽക്കാരുടെ മൊഴിയും ഉണ്ട്‌.

മഞ്ചാടിയിൽ മാത്യു വധത്തിൽ പൊലീസ്‌ കസ്‌റ്റഡി  അവസാനിക്കുന്നതിനാൽ തിങ്കളാഴ്‌ച ജോളിയെ കോടതിയിൽ ഹാജരാക്കും. 11 ന്‌ താമരശേരി ഫസ്‌റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി രണ്ടിലാണ്‌ ഹാജരാക്കുക. അൽഫെയ്‌ൻ വധക്കേസിൽ രണ്ടാം പ്രതി എം എസ്‌ മാത്യുവിനെ തിങ്കളാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ്‌ ഇതിനുള്ള അപേക്ഷനൽകുക.


പ്രധാന വാർത്തകൾ
 Top