06 August Thursday

അന്നമ്മ കേസിലും ജോളിക്ക്‌ ജാമ്യമില്ല; മൂന്ന്‌ വധക്കേസുകളിൽ ജാമ്യഹർജി ഫയൽചെയ്‌തു

സ്വന്തം ലേഖകൻUpdated: Saturday Dec 7, 2019

കോഴിക്കോട്‌ > ഭർതൃമാതാവ്‌ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലും ജോളിയുടെ  ജാമ്യാപേക്ഷ കോടതി തള്ളി. താമരശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌  കോടതിയാണ് തള്ളിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കേസിലെ  ജാമ്യാപേക്ഷയാണ് തള്ളുന്നത്. നേരത്തെ റോയ്‌ തോമസ്‌, സിലി കേസുകളിലും ജോളിക്ക്‌  ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം അൽഫെയ്‌ൻ, മഞ്ചാടിയിൽ മാത്യു, ടോം തോമസ്‌ വധക്കേസുകളിൽ ജോളി ജാമ്യഹർജി ഫയൽചെയ്‌തു. ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് ജോളിയെ അറസ്‌റ്റ്‌ ചെയ്‌തതെന്നും ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ  അന്വേഷണസംഘത്തിന്‌ സാധിച്ചിട്ടില്ലെന്നും ജോളിക്കുവേണ്ടി ഹാജരായ അഡ്വ. ഹൈദർ വാദിച്ചു. വേണ്ടത്ര ദിവസം പ്രതിയെ കസ്‌റ്റഡിയിൽ കിട്ടിയിട്ടുണ്ട്‌. കസ്‌റ്റഡിയും തെളിവെടുപ്പും അവസാനിച്ചതിനാൽ ഇനിയും ജാമ്യം നൽകാതിരിക്കുന്നത്‌ നീതി നിഷേധമാണെന്നും വാദിച്ചു. എന്നാല്‍,
നിരവധി കൊലപാതകങ്ങൾ നടത്തിയ കൊടുംകുറ്റവാളിയായ പ്രതിക്ക്‌ ജാമ്യം നൽകുന്നത്‌ അന്വേഷണത്തെ ബാധിക്കുമെന്ന്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ സുജയ സുധാകരൻ വാദിച്ചു. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും വാദിച്ചു. ഇരുവരുടെയും വാദങ്ങൾ കേട്ടശേഷം കോടതി  ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

പുതുതായി നൽകിയ മൂന്ന്‌ ജാമ്യാപേക്ഷയിലും പ്രോസിക്യൂഷൻ തടസ്സഹർജി ഫയൽചെയ്യും. കേസ്‌ തിങ്കളാഴ്‌ച പരിഗണിക്കും. അതേസമയം, വ്യാജരേഖ ചമയ്‌ക്കാൻ ജോളിയെ സഹായിച്ചെന്ന കേസിൽ അറസ്‌റ്റിലായ കെ മനോജിനെ 15 ദിവസംകൂടി റിമാൻഡിൽ വിട്ടു.  റിമാന്‍ഡ് കാലാവധി ശനിയാഴ്‌ച അവസാനിച്ചതിനെ തുടർന്നാണ് നടപടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top