21 November Thursday

സത്യം തെളിഞ്ഞു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി: റോയിയുടെ സഹോദരി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2019

കോഴിക്കോട്‌ > കൂടത്തായി കൊലപാതക പരമ്പരയില്‍ സത്യം തെളിഞ്ഞുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജി. അച്ഛന്റേയും അമ്മയുടേയും സഹോരന്റേയും മരണം തീര്‍ത്തും സ്വഭാവികമായിരിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സത്യം തെളിഞ്ഞു. ആരെയും തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും, മാതാപിതാക്കളുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അറിയാനാണ് ശ്രമിച്ചതെന്നും രഞ്ജി മാധ്യമങ്ങളോട് പറഞ്ഞു.

'ക്രൈംബ്രാഞ്ച് അന്വേഷണം നന്നായി പുരോഗമിക്കുന്നുണ്ട്. ഞങ്ങളുടെ സത്യാന്വോഷണം വിജയിച്ചു. ബാക്കിയൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദി പറയുന്നു. ഞാനും എന്റെ സഹോദരനും ഒറ്റയ്ക്കാണ് പൊരുതിയത്. കുടുംബത്തില്‍ നിന്നോ മറ്റൊ ഒരു പിന്തുണയും കിട്ടിയില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. പതിനേഴ് വര്‍ഷമല്ല 27 വര്‍ഷമായാലും സത്യം എന്നെങ്കിലും തെളിയും. ഒരിക്കലും എന്റെ മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ചിന്തിച്ചിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, എനിക്ക് നേരിട്ട അനുഭവവും പിറകോട്ട് ചിന്തിപ്പിച്ചു. താങ്ങാനാകാത്ത സത്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. പലരും പറഞ്ഞു ഇത് സ്വത്ത് കിട്ടാനുള്ള കളിയാണെന്ന് അതിന്റെ ആവശ്യമില്ല. ഏതൊരു പിതാവിന്റെയും സ്വത്ത് മക്കള്‍ക്ക് തുല്യമായി കിട്ടും'-രഞ്ജി പറഞ്ഞു.

സഹോദരനും ജോളിയുടെ ഭര്‍ത്താവുമായ റോയിയുടെ മകന്‍ റോമോയ്ക്ക് ഒപ്പമാണ് രഞ്ജി മാധ്യമങ്ങളെ കണ്ടത്. വീടുകള്‍ പൊലീസ് സീല്‍ ചെയ്തതിനെ തുടര്‍ന്ന് റോയിയുടെ രണ്ട് മക്കളേയും കൂട്ടി രഞ്ജി വൈക്കത്തെ വീട്ടിലേക്ക് പോരുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top