22 September Sunday

മംഗളൂരു‐ ബെംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു, കൊങ്കൺ പാത തിങ്കളാഴ്ച തുറന്നേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 മംഗളൂരു > മണ്ണിടിഞ്ഞ്‌ വീണ്‌ 20 ദിവസമായി ട്രെയിൻ ഗതാഗതം സ്തംഭിച്ച മംഗളൂരു‐ ബെംഗളൂരു പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു. കനത്ത മണ്ണടിച്ചലിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ട കൊങ്കൺ പാതയിൽ തിങ്കളാഴ്ച ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിച്ചേക്കും.
ഞായറാഴ്ചയാണ് മംഗളൂരു‐ ബെംഗളൂരു പാതയിൽ ഗതാഗതം പുനസ്ഥാപിച്ചത്. ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള ട്രെയിനുകൾ രാത്രി പുറപ്പെട്ടു. മണ്ണിടിഞ്ഞു കോച്ചുകൾ മറുഭാഗത്ത് കുടുങ്ങിയതിനാൽ കണ്ണൂരിൽ നിന്നും കാർവാറിൽ നിന്നും ഇതു വഴി് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകൾ ഞായറാഴ്ചയും സർവീസ് നടത്തിയില്ല. തിങ്കളാഴ്ച്ച മുതൽ റൂട്ടിൽ ട്രെയിൻ സർവീസ് സാധാരണ നിലയിലാകും.
 
 കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം സ്തംഭിക്കാൻ കാരണമായി  മംഗളൂരുവിനു സമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയിൽ പാളത്തിൽ മണ്ണിടിഞ്ഞുണ്ടായ തടസം തിങ്കളാഴ്ച ഉച്ചയോടെ മാറ്റാനാകുമെന്നാണ് കരുതുന്നത്. ഇതിനായി രാത്രിയിലും തിരക്കിട്ട പണി നടക്കുകയാണ്. മഴ മാറി നിന്നതോടെ ഞായറാഴ്ച്ച പ്രവൃത്തി വേഗത്തിലായി. മണ്ണിടിഞ്ഞ ഭാഗത്തെ പ്രവൃത്തിക്കായി ഇന്നലെ രാത്രി അരിക് ഉറപ്പിക്കാനും മണ്ണിടിച്ചിൽ തടയാനും കരിങ്കല്ല്, മണൽചാക്ക്, പാളം ഉറപ്പിക്കാൻ ജില്ലി എന്നിവയുമായി 35 വാഗണുകളുള്ള ട്രെയിൻ ഷൊർണൂരിൽ നിന്നു മംഗളൂരു ജംങ്ഷനിലെത്തി. ഇവിടെ നിന്ന് ട്രെയിൻ പിന്നോട്ടെടുത്ത് മണ്ണിടിഞ്ഞ ഭാഗത്ത് എത്തിച്ച് പുനർനിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. ഉച്ചയോടെ ഇതു പൂർത്തീകരിച്ച് പാളം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 
 
 മംഗളൂരു‐ മഡ്ഗാവ് പാസഞ്ചർ, മംഗളൂരു‐ മഡ്ഗാവ് ഇന്റർസിറ്റി എന്നിവ തിങ്കളാഴ്ച പൂർണമായി റദ്ദാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നു കാർവാറിലേക്കുള്ള എക്‌സ്പ്രസ് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. മറ്റു ട്രെയിനുകളുടെ കാര്യം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി തിങ്കളാഴ്ച്ച രാവിലെ തീരുമാനിക്കും. എന്നാൽ തിങ്കളാഴ്ചയോടെ കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ റെയിൽവേ തിങ്കളാഴ്ച രണ്ട് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. തിങ്കളാഴ്ച പകൽ 11 ന്‌  കൊച്ചുവേളിയിൽ നിന്ന് പോർബന്തറിലേക്കും,രാത്രി 8.25 ന്  എറണാകുളത്ത് നിന്ന് അജ്മീറിലേക്കും ആണ്  പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തുക.
 
 പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് റദ്ദ് ചെയ്ത പ്രതിവാര ട്രെയിനായ കൊച്ചുവേളി - പോർബന്തർ (19261) ,എറണാകുളം‐ അജ്മീർ മരുസാഗർ എക്സ്പ്രസ് (12977 ) എന്നിവയുടെ സ്റ്റോപ്പുകളാണ് ഈ പ്രത്യേക ട്രെയിനുകൾക്ക് ഉണ്ടാകുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top