തൃശൂർ > ദേശമംഗലം പഞ്ചായത്തിൽ കാടുപിടിച്ചു കിടന്നിരുന്ന, കൊണ്ടയൂരിലെ പുതുക്കുളം തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനാധ്വാനത്തിൽ ‘പുതുകുള’മായി മാറി. ഇത്തരത്തിൽ നാട്ടിടങ്ങളിൽ ജലനിറവേകാൻ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ നിർമിക്കുന്നത് 99 കുളങ്ങൾ. 77 കുളങ്ങൾ ജലദിനത്തിൽ നാടിന് സമർപ്പിച്ചു. ബാക്കി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തിയാണ് കുളങ്ങൾ യാഥാർഥ്യമാക്കിയത്. ജില്ലയിൽ 86 പഞ്ചായത്തുകളിൽ ഒരു കുളം, 13 നിയോജക മണ്ഡലങ്ങളിൽ ഒന്നുവീതം എന്ന നിലയിൽ 99 കുളങ്ങളാണ് നിർമിക്കുന്നത്.
ജില്ലാതല ഉദ്‌ഘാടനം ദേശംഗലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത് നിർമിച്ച ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ വരുമാനത്തിനൊപ്പം ജലസംരക്ഷണം, മണ്ണു സംരക്ഷണം, മത്സ്യകൃഷി പ്രോത്സാഹനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം അന്തിക്കാട് ബ്ലോക്കിൽ രണ്ട് കുളവും ചാലക്കുടി ഏഴ്, ചാവക്കാട് നാല്, ചേർപ്പ് നാല്, ചൊവ്വന്നൂർ രണ്ട്, ഇരിങ്ങാലക്കുട നാല്, കൊടകര എട്ട്, മാള രണ്ട്, മതിലകം ഏഴ്, മുല്ലശേരി അഞ്ച്, ഒല്ലൂക്കര രണ്ട്, പഴയന്നൂർ ഏഴ്, പുഴയ്‌ക്കൽ അഞ്ച്, തളിക്കുളം ആറ്, വെള്ളാങ്ങല്ലൂർ ആറ്, വടക്കാഞ്ചേരി ആറ് എന്നിങ്ങനെ 77 കുളങ്ങൾ നിർമാണം പൂർത്തിയായി. 22 കുളങ്ങൾ നിർമാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വർഷംതന്നെ പൂർത്തിയാവുമെന്ന് എൻആർഇജി ജോയിന്റ് പ്രോഗ്രാം കോ–- ഓഡിനേറ്റർ എം കെ ഉഷ പറഞ്ഞു.
തൃശൂർ ജില്ലാ പഞ്ചായത്ത് ജലരക്ഷ, ജീവ രക്ഷ എന്ന സന്ദേശവുമായി ജലരക്ഷയ്‌ക്ക് ബജറ്റിൽ 40 കോടി മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിനപരിപാടികളുടെ ഭാഗമായി രണ്ടായിരം കുളങ്ങൾ നിർമിക്കാനാണ് ലക്ഷ്യം. കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ തുടങ്ങിയവ നിർമിക്കാനും മഴവെള്ള റീച്ചാർജ് സംവിധാനങ്ങൾ സജ്ജമാക്കാനുമുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. 55,668 പ്രവൃത്തികളിലായി ഈ വർഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..