21 March Thursday

കൊല്ലം തുളസിയുടെ പ്രസംഗം അയ്യപ്പ ഭഗവാന്റ പേരിൽ സ്ത്രീകളെ ആക്രമിയ്ക്കാനുള്ള ആഹ്വാനം: ജാമ്യം നിഷേധിച്ച വിധിയില്‍ രൂക്ഷ വിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019
കൊച്ചി> ബിജെപി വേദിയില്‍ കൊലവിളി പ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസിയ്ക്ക് മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ തുളസിയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍.

കൊല്ലം തുളസിയുടെ പ്രസംഗത്തിലെ വാക്കുകൾ അയ്യപ്പ ഭഗവാന്റ പേരിൽ  സംസ്ഥാനത്ത് അക്രമമുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ ബോധപൂർവ്വം തിരഞ്ഞെടുത്തതാണെന്ന് ജസ്റ്റിസ് വി രാജാവിജയരാഘവൻ വിധിയില്‍ പറയുന്നു. മല കയറുന്ന സ്ത്രീയെ രണ്ടായി കീറി ഒരു കഷണം മുഖ്യമന്ത്രിയ്ക്കും മറ്റൊന്ന് ഡല്‍ഹിയ്ക്കും അയക്കണമെന്നാണ് പ്രസംഗിച്ചത്. ഡല്‍ഹിയ്ക്ക് എന്നതുകൊണ്ട്‌ ഉദ്ദേശിയ്ക്കുന്നത് സുപ്രീംകോടതി എന്നാണെന്ന് വ്യക്തം. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അധിക്ഷേപാര്‍ഹമായ വേറെ പരാമര്‍ശങ്ങളും തുളസി നടത്തി. -വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

അയ്യപ്പ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിയ്ക്കാന്‍ എന്ന പേരില്‍ ആയിരത്തിലേറെ അക്രമങ്ങള്‍ ഉണ്ടായതായി പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അക്രമങ്ങളിൽ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ പൊതു-സ്വകാര്യ മുതൽ നശിച്ചു.നിയമത്തോട് യാതൊരു ആദരവുമില്ലാത്ത സമൂഹവിരുദ്ധരാണ് ഇത് ചെയ്തത്.

കൊല്ലം തുളസിക്ക് തന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം പോലെ സമൂഹത്തിനും ശാന്തിക്കും സമാധാനത്തിനുള്ള അവകാശമുണ്ട്. ശബരിമല കയറാനിരുന്ന സ്ത്രീകളെ അപായപ്പെടുത്താന്‍ സമാന മനസ്ക്കരെ പ്രേരിപ്പിയ്ക്കുകയും കലാപം ഉണ്ടാക്കാനും ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു പ്രസംഗം. ഇങ്ങനെയൊരാൾക്ക് സ്വയം ഇരയാണെന്ന് നടിച്ച് മുൻകൂർ ജാമ്യം തേടാനാകില്ല. അതുകൊണ്ട് ജാമ്യം നിഷേധിയ്ക്കുകയാണ്-വിധിയില്‍ വ്യക്തമാക്കുന്നു.

ബിജെപി ജാഥയോട‌് അനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ 12ന് പകൽ 11ന് ചവറ ബസ്റ്റാൻഡിൽ നടത്തിയ പൊതുയോ​ഗത്തിലായിരുന്നു തുളസിയുടെ പ്രകോപന പ്രസം​ഗം. ‘

ഇവിടുത്തെ അമ്മമാർ ശബരിമലയിൽ പോകണം, എന്തിനാണെന്നറിയാമോ, ചില അവളുമാര‌് വരും. അങ്ങനെ ആരെങ്കിലും വന്നാൽ അവരെ രണ്ടായിട്ട് വലിച്ചുകീറണം. കീറി ഒന്ന് ഡൽഹിയിലേക്കും ഒന്ന് കേരള മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം.  കേരളത്തിൽ അമ്മമാർ നടത്തുന്ന പ്രതിഷേധത്തി​ന്റെ സ്വരം അങ്ങ് കേൾക്കണം ഡൽഹിയിലെ  സുപ്രീം കോടതിയിൽ. സുപ്രീംകോടതിയിലെ  നാലു ശുഭന്മാരും ഇതു കേൾക്കണം’–- ഇങ്ങനെയായിരുന്നു പ്രസംഗം.

ഐപിസി 117, 504, 505(ബി), 505 (സി), 506 (ഐ), 354എ (ഐ)(നാല‌്), 295എ, 298 വകുപ്പുകളും പൊലീസ് ആക്ട് 119എ പ്രകാരവും പ്രസം​ഗം സ്ത്രീത്വത്തെ അപമാനിക്കുന്നതും ഹിന്ദുമത വിശ്വാസങ്ങൾക്കെതിരുമാണ്.  സ്ത്രീകൾക്കെതിരെ കുറ്റംചെയ്യാൻ പ്രേരിപ്പിക്കുന്ന നിലയിലും ശബരിമല കേസിൽ വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാരെ അധിക്ഷേപിക്കുന്ന നിലയിലും ഉള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതി തുളസിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വി രാജാവിജയരാഘവൻ ജനുവരി പത്തിന്  തള്ളിയത്. ബിജെപിയുടെ  മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം.

 

പ്രധാന വാർത്തകൾ
 Top