07 October Friday

തീരാനോവായി അവർ... തീരദേശ റോഡിലെ അപകടകാരണം തേടി പൊലീസ്‌

എം അനിൽUpdated: Saturday Aug 20, 2022

അപകടസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. അപകടത്തിൽപ്പെട്ട ബെെക്ക് സമീപം

കൊല്ലം > തീരദേശ റോഡിൽ മൂന്ന്‌ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹതയകറ്റാൻ പൊലീസ്‌ അന്വേഷണം ശക്തമാക്കി. പിന്നിൽവന്ന ഏതെങ്കിലും വാഹനം ബൈക്കിൽ ഇടിച്ചതാണോ, പിറകിലുണ്ടായിരുന്നവർ ഉറങ്ങിയതുമൂലമുണ്ടായ ഉലച്ചിലിൽ ബൈക്കിന്റെ നിയന്ത്രണം വിട്ടതാണോ, എതിരെവന്ന ഏതെങ്കിലും വാഹനത്തിൽ തട്ടാതെ വെട്ടിച്ചുമാറ്റിയതാണോ എന്നിവ പൊലീസ്‌ അന്വേഷിച്ചുവരുന്നു.
 
ബൈക്ക്‌ നിയന്ത്രണംവിട്ട്‌ പാറക്കല്ലിലും ടെട്രാപോഡിലും ഇടിച്ചതാണെങ്കിൽക്കൂടി മൂന്നുപേരും മരിക്കുമോ എന്ന സംശയവും പൊലീസിനെ അലട്ടുന്നു. അപകടം നടന്ന സ്ഥലത്ത്‌ മറ്റു വാഹനങ്ങൾ ബ്രേക്കിട്ടതിന്റെയോ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെയോ ലക്ഷണമില്ല. വണ്ടിയുടെ ഒരുവശം പാറക്കല്ലിൽ ഉരഞ്ഞ നിലയിലാണ്‌. മഡ്ഗാഡ്‌, ഹാൻഡിൽ, ഹെഡ്‌ലൈറ്റ്‌ എന്നിവയ്‌ക്ക്‌ തകരാറില്ല. എന്നാൽ, ബൈക്കിന്റെ പിൻഭാഗം തകർന്നിട്ടുണ്ട്‌. ഇത്‌ പിറകെവന്ന മറ്റേതെങ്കിലും വാഹനം തട്ടിയതാണോ എന്ന്‌ പരിശോധിച്ചു വരുന്നതായി കൊല്ലം എസിപി എ അഭിലാഷ്‌ പറഞ്ഞു. മോട്ടോർ വാഹനവകുപ്പും എൻഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ട്‌.
 
അപകടത്തിൽപ്പെട്ട കെ എൽ 02 ബിഎം 1301 നമ്പർ ബൈക്ക്‌ മരിച്ച അമീൻ സഫറുള്ളയുടേതാണ്‌. അമീൻ തന്നെയാണ്‌ ബൈക്ക്‌ ഓടിച്ചിരുന്നതും. സംഭവസമയത്ത്‌ ഏതെല്ലാം വാഹനങ്ങൾ ഇതുവഴി കടന്നുപോയെന്ന്‌ കണ്ടെത്താൻ സിസിടിവി പരിശോധന ആരംഭിച്ചിട്ടുണ്ട്‌. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ്‌ ഇരവിപുരം പൊലീസ്‌ കേസെടുത്തിട്ടുള്ളത്‌. അന്വേഷണത്തിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും. പൊലീസും മോട്ടോർവാഹന വകുപ്പും സംഭവസ്ഥലത്ത്‌ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട്‌ എസ്‌പിക്കും കലക്ടർക്കും കൈമാറും. അതിനിടെ ആർടിഒ മഹേഷ്‌, ജോയിന്റ്‌ ആർടിഒ വി സുരേഷ്‌കുമാർ, എൻഫോഴ്‌സ്‌മെന്റ്‌ അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സിജു, ബിജോയ്‌ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയും സ്ഥലത്ത്‌ നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top