17 January Sunday

കോലിഞ്ചിക്ക് ഭൗമശാസ്ത്ര സൂചിക പദവി നേടിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

തിരുവനന്തപുരം> കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പഠനം നടത്തി കോലിഞ്ചിക്ക് ഭൗമശാസ്ത്ര സൂചിക പദവി നേടിക്കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോലിഞ്ചി കര്‍ഷകര്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോലിഞ്ചി കൃഷി ചെയ്യുന്ന പ്രദേശം കേന്ദ്രീകരിച്ച് കര്‍ഷകരുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കും. ഇവ ഔഷധി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനും അതിനായി ട്രെയിഡിങ് സെന്റര്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. നിലവില്‍ കോലിഞ്ചിയുടെ സംസ്‌കരണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്.

നിലവില്‍ 54 ഹെക്ടര്‍ പ്രദേശത്ത് ചെയ്തിട്ടുള്ള കൃഷിക്ക് കൃഷിവകുപ്പ് സബ്‌സിഡി നല്‍കും. ഔഷധസസ്യ ബോര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി  ഈ വര്‍ഷം 200 ഹെക്ടര്‍ കൃഷിക്കുള്ള സഹായവും മറ്റു സഹായ നടപടികളും ബോര്‍ഡ് മുഖാന്തരം ആവശ്യപ്പെടുന്നതിനും യോഗത്തില്‍ തീരുമാനമായി. കോലിഞ്ചിയെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. ഇതിനകം തന്നെ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജനീഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top