03 August Monday

യുഡിഎഫിൽ നടക്കുന്നത്‌ ഹെഡ്‌മാസ്റ്ററും കുട്ടികളും കളി ; പ്രതിപക്ഷത്തിന്റേത്‌ പൊയ്‌വെടി; കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


കേരള കോൺഗ്രസ്‌ ജോസ്‌ വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള യുഡിഎഫ്‌ നീക്കമാണ്‌ പൊളിഞ്ഞതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. യുഡിഎഫിനുള്ളിൽ കഴിഞ്ഞ കുറച്ചുനാളായി നിലനിന്ന ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനമാണ്‌ ജോസ്‌ കെ മാണി വിഭാഗത്തിന്റെ പുറത്താക്കലിൽ കലാശിച്ചത്‌. തമ്മിലടി യുഡിഎഫിന്റെ സഹജ സ്വഭാവമാണ്‌. ചെന്നിത്തലയും ഘടകകക്ഷികളും ഹെഡ്‌മാസ്റ്ററും കുട്ടികളും കളിക്കുകയാണ്‌. യുഡിഎഫ്‌ വലിയ പ്രതിസന്ധിയിലാണ്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കൂടെയുണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ്‌. കേരള കോൺഗ്രസിനെ പുറത്താക്കിയെന്നു പറഞ്ഞവർ ഇപ്പോൾ മാറ്റിനിർത്തിയെന്നാണ്‌ പറയുന്നത്‌. ക്ലാസിൽനിന്ന്‌ പുറത്താക്കി സ്‌കൂളിൽനിന്ന്‌ ആക്കിയിട്ടില്ലത്രേ. പി ജെ ജോസഫും കെ എം മാണിയുംകൂടി ഉൾക്കൊള്ളുന്ന കേരള കോൺഗ്രസ്‌ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം കുറച്ചുകാലം യുഡിഎഫ്‌ വിട്ടുനിന്നു. അന്ന്‌ കേരള കോൺഗ്രസിനെ അനുനയിപ്പിച്ചത്‌ ചെങ്ങന്നൂരിൽ ജയിക്കാനായിരുന്നു.

തമ്മിലടിക്കുക, പുറത്താക്കുക വീണ്ടും യോജിക്കുക എന്നതൊക്കെ യുഡിഎഫിൽ നടക്കുന്ന കാര്യമാണ്‌. എന്നാൽ, ജോസ്‌ പക്ഷത്തെ പുറത്താക്കിയത്‌ യുഡിഎഫിനെ ശിഥിലമാക്കും. അത്‌ മുതലെടുക്കുകയാണ്‌ സിപിഐ എം ലക്ഷ്യം. ഞങ്ങൾ മാത്രം മതിയെന്ന നില സിപിഐ എമ്മിനില്ല. തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ ഇന്നത്തെനിലയ്‌ക്ക്‌ എൽഡിഎഫിന്‌ കഴിവുണ്ട്‌. പക്ഷേ, യുഡിഎഫ്‌ വിട്ട ഒരു കക്ഷി അവിടേക്കു തന്നെ തിരിച്ചുപോകണമെന്ന നിലപാടുമില്ല. ബിജെപിയെയും യുഡിഎഫിനെയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി എൽഡിഎഫിന്റെ ബഹുജനാടിത്തറ വിപുലീകരിക്കുകയാണ്‌ ഉദ്ദേശ്യം. എൽഡിഎഫിന്‌ അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ഇപ്പോൾ സംസ്ഥാനത്തുള്ളത്‌. വലിയ വെല്ലുവിളികൾ മറികടന്നാണ്‌ സർക്കാർ പ്രവർത്തിക്കുന്നത്‌. ഈ സർക്കാർ നാടിന്‌ ആവശ്യമാണെന്ന്‌ പൊതുബോധം ഉയർന്നുകഴിഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷത്തിന്റേത്‌ പൊയ്‌വെടി
സർക്കാരിനെതിരെ പറയാനൊന്നും ഇല്ലാത്തതുകൊണ്ടാണ്‌ പ്രതിപക്ഷം പൊയ്‌വെടി പൊട്ടിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴിമതിരഹിതമായാണ്‌ സർക്കാർ പ്രവർത്തിക്കുന്നത്‌. ഉന്നയിച്ച ഒരു ആരോപണത്തിലും പ്രതിപക്ഷം ഉറച്ചുനിൽക്കുന്നില്ല. ഗുരുതരമായ ആരോപണം ഉന്നയിക്കുകയും കുറച്ചുദിവസം കഴിയുമ്പോൾ സർക്കാർ നൽകുന്ന വിശദീകരണത്തോടെ തങ്ങൾ തൃപ്‌തരായെന്ന്‌ പറയുന്നതുമാണ്‌ പ്രതിപക്ഷനേതാവിന്റെ രീതി.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പാർടി പരിശോധിക്കേണ്ട കാര്യമില്ല. വ്യക്തമായ തെളിവുണ്ടെങ്കിൽ പ്രതിപക്ഷത്തിന്‌ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വിജിലൻസിനെയോ കോടതിയെയോ സമീപിക്കാമല്ലോ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രി മറുപടി നൽകി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top