24 October Thursday

വയനാട്ടിലെ ദുരിതബാധിത മേഖലകൾ കോടിയേരി ബാലകൃഷ്‌ണൻ സന്ദർശിച്ചു

സ്വന്തം ലേഖകൻUpdated: Monday Sep 2, 2019

കൽപ്പറ്റ >  വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതബാധിതരെയും സന്ദർശിച്ച്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഉരുൾപൊട്ടലുണ്ടായ പുത്തുമലയും മണ്ണിടിഞ്ഞ്‌ ദമ്പതികൾ മരിച്ച മുട്ടിൽ പഴശ്ശി കോളനിയും  ദുരന്തഭീഷണി നേരിടുന്ന കുറിച്യർമലയും സന്ദർശിച്ചു.  ആശങ്കകൾ പങ്കിട്ട ദുരിതബാധിതരോട്‌  പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണുമെന്ന്‌ കോടിയേരി പറഞ്ഞു.





 മുട്ടിൽ പഴശ്ശി കോളനിയിലായിരുന്നു ആദ്യസന്ദർശനം. മണ്ണിടിഞ്ഞ്‌ മരിച്ച മഹേഷ്‌–-പ്രീതു ദമ്പതിമാരുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ഊരുമൂപ്പൻ അച്യുതൻ കോളനിക്കാർ നേരിട്ട ദുരിതം വിവരിച്ചു. പിന്നീടായിരുന്നു പുത്തുമല സന്ദർശനം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ഇവിടെയുണ്ടായിരുന്നു. മരിച്ച അജിതയുടെ മകൻ എബി, അണ്ണയ്യന്റെ മകൻ സുനിൽ, ഇബ്രാഹിമിന്റെ സഹോദരൻ കുഞ്ഞമ്മദ്‌, അച്ഛനും അമ്മയും മരിച്ച അംബിക,  ദുരന്തത്തിൽ കാണാതായ അവറാന്റെ മകൻ സലീം എന്നിവരുമായി സംസാരിച്ചു. പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു. 

 വീടും സ്ഥലവും ഒലിച്ചുപോയവരും  കൃഷി നശിച്ചവരും കാര്യങ്ങൾ വിവരിച്ചു.  മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക്‌ പരമാവധി സഹായം സർക്കാരിൽനിന്ന്‌  ലഭ്യമാക്കുമെന്നും- അദ്ദേഹം പറഞ്ഞു. തുടർച്ചയായി രണ്ടാംവർഷവും ഉരുൾപൊട്ടിയ പൊഴുതന പഞ്ചായത്തിലെ കുറിച്യർമല, മേൽമുറി ഭാഗങ്ങളിലുമെത്തി. ഉരുൾപൊട്ടിയ പ്രദേശത്തിനടുത്തുവരെ പോയി ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കി.



 ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ ഇടപെടുമെന്നും കോടിയേരി പറഞ്ഞു.  സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കോടിയേരിക്കൊപ്പമുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top