23 October Wednesday

കേരളത്തിൽ ബിജെപി-കോൺഗ്രസ‌് അവിശുദ്ധ കൂട്ടുകെട്ട‌്; അഞ്ചു മണ്ഡലങ്ങളിൽ ദുർബലരെ നിർത്തി യുഡിഎഫ‌ിനെ സഹായിക്കാനാണ‌് ആർഎസ‌്എസ‌് നിർദ്ദേശം: കോടിയേരി

സ്വന്തം ലേഖകൻUpdated: Wednesday Mar 20, 2019


തിരുവനന്തപുരം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌്–- ആർഎസ‌്എസ‌്–- എസ‌്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട‌് നിലവിൽവന്നുവെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി യുഡിഎഫിനെ സഹായിക്കാൻ അഞ്ചുമണ്ഡലത്തിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ ആർഎസ‌്എസ‌് തീരുമാനിച്ചിട്ടുണ്ട‌്.

വടകര, കൊല്ലം, കണ്ണൂർ, കോഴിക്കോട‌്, എറണാകുളം മണ്ഡലങ്ങളിലാണിത‌്. വ്യാഴാഴ‌്ച എൻഡിഎയുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങുമ്പോൾ ഇക്കാര്യം വ്യക്തമാകും.  ഈ മണ്ഡലങ്ങളിൽ ആർഎസ‌്എസ‌് യുഡിഎഫിനെ സഹായിക്കും. പകരം തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ‌് കുമ്മനം രാജശേഖരനെ സഹായിക്കാനാണ‌് ധാരണ. ഇതിന്റെ ഭാഗമായാണ‌് കെ മുരളീധരനെ വട്ടിയൂർക്കാവിൽനിന്ന‌് മാറ്റി വടകരയിലേക്ക‌് പറഞ്ഞയച്ചത‌്. മുരളീധരന്റെ സ്ഥാനാർഥിത്വത്തെ ബിജെപി തൃശൂർ ജില്ലാ സെക്രട്ടറിയും യുവമോർച്ച കോഴിക്കോട‌് ജില്ലാ സെക്രട്ടറിയും പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട‌്. കോൺഗ്രസ‌്–- ബിജെപി സഖ്യം നിലവിലുണ്ടെന്നതിന‌് ഇതിൽപ്പരം വേറെ എന്തുതെളിവുവേണം.

 

വടകരയിലും തോറ്റ‌് ‘ചരിത്രം’സൃഷ്ടിക്കും
വടകരയിലും തോറ്റ‌് ചരിത്രം സൃഷ്ടിക്കാനാണ‌് മുരളീധരൻ അങ്ങോട്ടുപോയത‌്. മത്സരിച്ച ഒമ്പത‌് തെരഞ്ഞെടുപ്പിൽ അഞ്ചിലും മുരളീധരൻ തോറ്റു. ലോക‌്സഭയിലേക്ക‌് കോഴിക്കോട‌്, വയനാട‌്, തൃശൂർ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വടകരയിൽക്കൂടി തോൽക്കുന്നതോടെ അത‌് ചരിത്രമാകും.
പരിശ്രമിക്കുന്നത‌്

നേമം ആവർത്തിക്കാൻ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ പരീക്ഷിച്ച‌് വിജയിപ്പിച്ച അവിശുദ്ധകൂട്ടുകെട്ടിന്റെ ആവർത്തനമാണ‌് ഇപ്പോൾ തിരുവനന്തപുരത്തുള്ളത‌്. നേമത്ത‌് ഇരുപതിനായിരത്തിൽപ്പരം വോട്ട‌് മറിച്ചുകൊടുത്താണ‌് കോൺഗ്രസ‌് ഒ രാജഗോപാലിനെ വിജയിപ്പിച്ചത‌്. ഇതുപോലെ ഈ ലോക‌്സഭാ തെരഞ്ഞെടുപ്പിലും ഒരുസീറ്റിലെങ്കിലും ജയിക്കാൻ ബിജെപി കോൺഗ്രസുമായി ധാരണയുണ്ടാക്കിയിട്ടുണ്ട‌്. തിരുവനന്തപുരത്ത്‌ ബിജെപിയെ ജയിപ്പിക്കാനാണ്‌ ധാരണ.

1991ൽ വടകര ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി  കെ പി ഉണ്ണിക്കൃഷ്ണനെ തോൽപ്പിക്കാൻ കോൺഗ്രസ‌്– -ലീഗ‌്–- ബിജെപി സഖ്യമുണ്ടായിരുന്നു. ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും സമാന സഖ്യമുണ്ടാക്കി. രണ്ടുസ്ഥലത്തും യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട‌് കൂട്ടിയാൽ എൽഡിഎഫ‌് പരാജയപ്പെടും എന്നാണ‌് പ്രതീക്ഷിച്ചത‌്. എന്നാൽ, എൽഡിഎഫ‌് സ്ഥാനാർഥികൾ വിജയിച്ചു. കോ–- ലീ– -ബി അവിശുദ്ധ കൂട്ടുകെട്ട‌ിനെ അന്ന‌് ജനങ്ങൾ തിരിച്ചറിഞ്ഞു. അവർ എൽഡിഎഫിന‌് വോട്ട‌് ചെയ്തു. വിജയം എൽഡിഎഫിനൊപ്പം നിന്നു.

ഹിന്ദുവർഗീയവാദികളോടും മുസ്ലിം തീവ്രവാദ സംഘടനയായ എസ‌്ഡിപിഐയോടും യുഡിഎഫ‌് ഒരുപോലെ സഖ്യമുണ്ടാക്കിയിരിക്കുകയാണ‌്. മുസ്ലിം ലീഗിനെ മുന്നിൽനിർത്തി എസ‌്ഡിപിഐയുമായി സഖ്യമുണ്ടാക്കാൻ നേതൃത്വം നൽകിയത‌് കോൺഗ്രസാണ‌്. ബിജെപിക്ക‌് ആർഎസ‌്എസ‌് എന്നതുപോലെയാണ‌് ലീഗിന‌് എസ‌്ഡിപിഐ.

ഹിന്ദു, മുസ്ലിം വർഗീയവാദികളെ ഒരുപോലെ കൂട്ടുപിടിക്കുന്നത‌് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ‌് കാണിക്കുന്നത‌്. സിപിഐ എമ്മാണ‌് മുഖ്യശത്രുവെന്ന‌് ബിജെപിയും കോൺഗ്രസും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട‌്. സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫിനെ തോൽപ്പിക്കാൻ എന്തുംചെയ്യുമെന്ന അവസ്ഥയിലാണിവർ. ശക്തമായ രാഷ്ട്രീയ പ്രചാരണത്തിലൂടെ സിപിഐ എം ഈ അവിശുദ്ധകൂട്ടുകെട്ടിനെ തുറന്നുകാണിക്കും. ആഭ്യന്തരകലാപം മൂലമാണ‌് യുഡിഎഫ‌് സ്ഥാനാർഥിപ്രഖ്യാപനം വൈകിയത‌്. എന്നാൽ, എൽഡിഎഫ‌് നേരത്തെതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച‌് ചിട്ടയായ പ്രവർത്തനം നടത്തിവരികയാണ‌്. വെള്ളിയാഴ്ച മുതൽ സ്ഥാനാർഥികൾ വോട്ടർമാരെ വീടുകളിൽച്ചെന്ന‌് നേരിട്ട‌് കാണുമെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top