28 September Monday

ജൂലൈ 22 മുതൽ 28 വരെ ഗൃഹസന്ദർശനം; സിപിഐ എം ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

തിരുവനന്തപുരം> കേരളത്തിൽ സിപിഐ എമ്മിനു വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. അതിനുവേണ്ടി ജൂലൈ 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലം പാർടിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുമെന്നും കോടിയേരി മാധ്യമങ്ങളോടെ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി മെമ്പർമാർ ഉൾപ്പടെയുള്ള പാർടിയുടെ നേതാക്കന്മാരും, പ്രവർത്തകരും, എംപിമാർ, എംഎൽഎമാർ തദ്ദേശ സ്ഥാപനങ്ങളിലെ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചേർന്നുകൊണ്ട് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. ജനങ്ങളുടെ എല്ലാ കാര്യങ്ങളും കേൾക്കാനും അതിനുവേണ്ട പരിഹാരം കാണാനും അതുവഴി ശ്രമിക്കും.


ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ പാർട്ടി മെമ്പർമാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് മൂന്നു കേന്ദ്രങ്ങളായിലായി മേഖലാ പ്രവർത്തക യോഗങ്ങൾ വിളിച്ചുചേർക്കും. ജൂലൈ 3നു എറണാകുളം, ജൂലൈ 4നു കോഴിക്കോട്, ജൂലൈ 5 തിരുവനന്തപുരം എന്നിങ്ങനെയാണ‌് യോഗങ്ങൾ. മൂന്നു കേന്ദ്രങ്ങളിലും ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് ലോക്കൽ അടിസ്ഥാനത്തിൽ പാർട്ടി മെമ്പർമാരുടെ ജനറൽ ബോഡി യോഗങ്ങൾ വിളിച്ചുചേർത്ത് ജില്ലാ നേതാക്കന്മാർ ഈ റിപ്പോർട്ട് നൽകണം. ലോക്കൽ അടിസ്ഥാനത്തിൽ യോഗങ്ങൾ വിളിച്ച്  അനുഭാവി ഗ്രൂപ്പ് അംഗങ്ങൾക്കും റിപ്പോർട്ട് നൽകുമെന്നും കോടിയേരി പറഞ്ഞു.

ഓഗസ്റ്റ് മാസം പ്രാദേശികമായി പാർടി കുടുംബയോഗങ്ങൾ ഒരു ലോക്കലിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ജൂൺ 26 അടിയന്തിരാവസ്ഥ വിരുദ്ധ ദിനമായി സംഘടിപ്പിക്കും. അടിയന്തരാവസ്ഥയുടെ മറ്റൊരു രൂപത്തിൽ രാജ്യത്തെ കൊണ്ടുപോകാൻ നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്നത്തെ പാർലമെന്ററി ജനാധിപത്യ ഘടന മാറ്റാനുള്ള ആസൂത്രിതമായ ശ്രമമാണ്. പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറ്റി രാജ്യത്തെ ഒരു മിലിട്ടറി സ്റ്റേറ്റ് ആയി മാറ്റാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ മുൻനിർത്തി ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടുവെക്കാൻ ഈ പ്രചാരണ പരുപാടിയിൽ കഴിയണം.

എല്ലാ വർഷവും ഓഗസ്റ്റ് മാസം 19നു കൃഷ്ണപിള്ള ദിനമായി ആചരിക്കാറുണ്ട്. ഇത്തവണ ആ ദിനത്തിൽ വീടുകളിൽ സ്വാന്തന പരിചരണ പ്രവർത്തനത്തിൽ പാർടി പ്രവർത്തകർ ഏർപ്പെടണം. കിടപ്പു രോഗികളെ കണ്ട് അവർക്ക് എന്തെല്ലാം ആവശ്യങ്ങളാണ് വേണ്ടത് എന്ന് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയണമെന്നും കോടിയേരി പറഞ്ഞു.

കൂടാതെ 2019ലെ പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ചത‌് പ്രകാരം സംസ്ഥാനത്ത് 514781 മെമ്പർമാർ പാർടിക്കുണ്ട്. 25695 മെമ്പർമാർ കഴിഞ്ഞ വർഷത്തേതിനേക്കാൾ വർധിച്ചിട്ടുണ്ട്. അതോടൊപ്പം സിഎംപി സിപിഐ എമ്മിൽ ലയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിഎംപിയിൽ പ്രവർത്തിച്ച 3160 പേർക്ക് പാർട്ടി അംഗത്വം നൽകാൻ തീരുമാനിച്ചു. അവരിൽ ഓരോരുത്തർക്കും വിവിധ പാർട്ടി ഘടകങ്ങൾ നിശ്ചയിച്ചുകൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

ബിനോയ് കോടിയേരിയുടെ വിഷയത്തിൽ പാർട്ടി എന്ന നിലയിലോ താനെന്ന നിലയിലോ ഇടപ്പെട്ടിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണൻ മറുപടി പറഞ്ഞു. ആരും മധ്യസ്ഥക്ക് പോയിട്ടില്ല. വിഷയം കോടതി പരിശോധിക്കുന്നുണ്ട്. ബിനോയ് ഉണ്ടാക്കിയ പ്രശ്നങ്ങൾ ബിനോയ് തന്നെ തീർക്കണം എന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top