27 May Monday

പോളിങ് വർധിച്ചത് അനുകൂലം; ഇടതുമുന്നണി 18ലേറെ സീറ്റ് നേടും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2004ന് സമാനമായ സാഹചര്യം ആണ് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയും യുഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ എല്‍ഡിഎഫ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന നിലപാട് എടുത്തിട്ടില്ലെന്നും ശബരിമല ചര്‍ച്ച ചെയ്താല്‍ അതില്‍ എല്‍ഡിഎഫിന് പ്രതികൂലമായി വരുന്ന ഒരു ഘടകവും ഇല്ലെന്നും കോടിയേരി പറഞ്ഞു.

ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടില്‍ ധ്രുവീകരണം ഉണ്ടായിട്ടില്ല. ബിജെപിയുടെ വോട്ട് ഷെയര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും കോടിയേരി നല്‍കി. ഇടതുപക്ഷത്തിന് ഒരിക്കലും വോട്ട് ചെയ്യാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. അവര്‍ അടക്കം ഇത്തവണ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം വയനാട്ടില്‍ മാത്രമേ ദൃശ്യമായിട്ടുള്ളൂ. മറ്റിടങ്ങളില്‍ അത്തരം സാന്നിധ്യം ലഭ്യമായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 20 ലോകസഭാ മണ്ഡലം കമ്മറ്റികളില്‍ നിന്ന് ലഭിച്ച തെരുഞ്ഞെടുപ്പ് കണക്കുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top