23 March Saturday

കൊലയ്‌ക്ക്‌ പകരം കൊല എന്നത്‌ സിപിഐ എം നയമല്ല; സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാർടിയോട്‌ വേണ്ട : കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ആലപ്പുഴ > കൊലയ്‌ക്ക്‌ പകരം കൊല എന്നത്‌ സിപിഐ എമ്മിന്റെ  നയമല്ലെന്നും ചില സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാർടിയോട്‌ വേണ്ടെന്നും സിപിഐ എം സംസ്‌‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളരാക്ഷായാത്രയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു  കോടിയേരി.

കേരളം രാഷ്‌ട്രീയ കൊലപാതകങ്ങളുടെ  നാടാണ്‌ എന്നത്‌ മാറണം. പെരിയ കൊലപാതകത്തെ തുടർന്ന്‌ സിപിഐ  എം സ്വീകരിച്ച നിലപാട്‌ മാതൃകാപരമാണ്‌. . ഈ നിലപാട്‌  പിന്തുടരാൻ മറ്റ്‌ രാഷ്‌ട്രീയ കക്ഷികൾ തയ്യാറുണ്ടോയെന്നും  കോടിയേരി ചോദിച്ചു. പാർടികൾ തമ്മിൽ  രാഷ്‌ട്രീയ സംവാദം ആണ്‌ നടക്കേണ്ടത്‌. എല്ലാ പാർടികൾക്കും എവിടേയും  പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം . അക്രമം വഴി ഒരു പാർടിയേയും നശിപ്പിക്കാൻ കഴിയില്ല. അങ്ങിനെയെങ്കിൽ കമ്മ്യുണിസ്‌റ്റ്‌ പാർടി കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. അത്രമാത്രം കമ്മ്യുണിസ്റ്റുകാർ കൊല്ലപ്പെട്ടിട്ടുണ്ട്‌. സിപിഐ എം അക്രമത്തിന്‌ എതിരാണ്‌.

സാമുദായസംഘടനാ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതിക്കേട്‌ പാർടിക്കില്ലെന്നും ചില സമുദായ നേതാക്കളുടെ മാടമ്പിത്തരം മനസിൽവെച്ചാൽ മതിയെന്നും അത്‌ പാർടിയോട്‌ വേണ്ടെന്നുംഎൻഎസ്‌എസിനെ  പരമാർശിച്ച്‌  കോടിയേരി പറഞ്ഞു. സാമുദായിക സംഘടനയിലെ സാധാരണക്കാർ സിപിഐ എമ്മിനൊപ്പമാണ്‌. പണ്ടുകാലത്തെ  തമ്പ്രാൻക്കർമാരുടെ നിലപാടാണ്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക്‌ .എല്ലാ സംഘടനാ പാർടികളിലും പ്രവർത്തിക്കുന്നവർ  ഉള്ള സാമുദായിക സംഘടനയാണ്‌ എൻഎസ്‌എസ്‌. എന്നിട്ടാണ്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ഈ നിലപാട്‌ എടുക്കുന്നത്‌. 

അമിത്‌ ഷാ കേരളത്തിൽ വന്ന്‌ പറഞ്ഞ വാക്കുകൾ ശുദ്ധ അസംബന്ധമാണ്‌. കല്ലുവെച്ച നുണയാണ്‌. പ്രളയത്തിൽ മുങ്ങിയ കേരളത്തിന്‌ നൽകിയ അരിക്ക്‌ പോലും കേന്ദ്രം പണം വാങ്ങി. കേരളത്തിനോട്‌  വൈര്യനിര്യാതന സമീപനമാണ്‌ കേന്ദ്രത്തിന്‌.  ആർഎസ്‌എസിനും കോൺഗ്രസിനും ഒരേ നിലപാടാണ്‌. ഇന്നലെ  കോൺഗ്രസിന്റെ  ജനറൽ സെക്രട്ടറി രാമക്ഷേത്രവിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായം ആണോ കേരളത്തിലെ യുഡിഎഫിനുള്ളത്‌.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടും.അതിൽ സംശയമില്ല. ചില മാധ്യമ മേധാവികൾ യുഡിഎഫ്‌ ഘടകകക്ഷി നേതാക്കളെപോലെയാണ്‌ പ്രവർത്തിക്കുന്നതെന്നും  കോടിയേരി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top