21 February Thursday

ശബരിമല ഓർഡിനൻസ്‌: യുഡിഎഫ്‌ നീക്കം അപകടകരം; മുസ്ലീം ലീഗും കോൺഗ്രസും ആർഎസ്‌എസിന് ആയുധം നൽകുന്നു‐ കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019

തിരുവനന്തപുരം > ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയെ മറികടക്കാൻ ഓർഡിനൻസ്‌ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന യുഡിഎഫ്‌ എംപിമാരുടെ തീരുമാനം അത്യന്തം അപകടകരമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംഘപരിവാർ ശക്തികളെ പ്രീതിപ്പെടുത്താനുള്ള തീരുമാനമാണിത്‌. അയോധ്യ കേസിൽ കോടതി വിധി എതിരായാലും സമാനമായ രീതിയിൽ ഓർഡിനൻസ്‌ പുറപ്പെടുവിക്കാൻ ആർഎസ്‌എസിന്‌ അവസരമൊരുക്കുന്നതാകും ഈ തീരുമാനം‐ കോടിയേരി പറഞ്ഞു.

മുസ്ലീം ലീഗ്‌ അടക്കമുള്ള യുഡിഎഫ്‌ ആർഎസ്‌എസിന്റെ കൈയിൽ ആയുധം കൊടുക്കുകയാണ്‌. ഇപ്പോൾ ശബരിമല വിഷയത്തിൽ സുപ്രീം കോടതിവിധിയെ മറികടക്കാൻ  ഓർഡിനൻസ്‌ കൊണ്ടുവരണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടാൽ നാളെ അയോധ്യാ കേസിൽ വിധി എതിരായാലും ഇതാവർത്തിക്കപ്പെടും. അയോധ്യാ കേസിൽ തങ്ങൾക്ക്‌ പ്രതികൂലമായ വിധിയെ മറികടക്കാൻ ബിജെപി ഓർഡിനൻസ്‌ കൊണ്ടുവന്നാൽ അതിനെ എതിർക്കാൻ ഇന്ന്‌ ഓർഡിനൻസ്‌ ആവശ്യപ്പെടുന്ന മുസ്ലീം ലീഗിന്‌ സാധിക്കുമോ? കോൺഗ്രസിന്റെ നിലപാടെന്തായിരിക്കും? മുസ്ലീം ലീഗ്‌ സ്വന്തം കുഴിതോണ്ടുകയാണ്‌. കോൺഗ്രസിന്റേത്‌ ആർഎസ്‌എസിനെ പ്രീതിപ്പെടുത്തുന്ന മൃദുഹിന്ദുത്വ സമീപനമാണ്‌ എന്ന്‌ വ്യക്തമായിക്കഴിഞ്ഞു. ഇന്ന്‌ ബിജെപി ഹർത്താൽ നടത്തുമ്പോൾ കോൺഗ്രസ്‌ കരിദിനം ആചരിക്കുകയാണ്‌. രണ്ടുകൂട്ടർക്കും ഒരേ നിലപാടാണ്‌‐  കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top