24 October Thursday

ഹിന്ദി ഏകഭാഷയാക്കുന്നത്‌ പ്രാദേശിക ഭാഷകളെ തകർക്കാൻ: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

തലശേരി >  ഏകഭാഷാ നയം അടിച്ചേൽപിക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ തകർക്കുകയാണ്‌ സംഘപരിവാർ ലക്ഷ്യമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. രാജ്യം ത്രിഭാഷാ നയമാണ്‌ പിന്തുടരുന്നത്‌. ഇത്‌ അട്ടിമറിച്ച്‌ ഏകഭാഷാനയം നടപ്പാക്കുന്നത്‌ പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

 ഭാഷ എന്ന നിലയിൽ ഹിന്ദിക്ക്‌ അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്‌. അത്‌ അംഗീകരിച്ചാണ്‌ രാജ്യത്ത്‌ ത്രിഭാഷാനയം നടപ്പാക്കിയത്‌. ഓരോ സംസ്ഥാനത്തുമുള്ള ഭാഷകളെ ഒരേ തരത്തിൽ പ്രാധാന്യം നൽകിയ ഭാഷാനയമാണിത്‌. അതിനുപകരം ഹിന്ദി ഏകഭാഷയാക്കുന്നത്‌ പ്രാദേശിക ഭാഷകളെ തകർക്കാനാണ്‌. രാജ്യത്തിന്റെ വൈവിധ്യം തകർക്കാനാണ്‌ ഒരു ഭാഷ, ഒരു രാഷ്‌ട്രം, ഒരു സംസ്‌കാരം എന്ന മുദ്രാവാക്യവുമായി ആർഎസ്‌എസ്‌ വരുന്നത്‌. ഇത്‌ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്‌ടിക്കും.

 ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ നേരത്തെ തമിഴ്‌നാട്ടിൽ വലിയ കലാപം നടന്നതാണ്‌. അങ്ങനെയാണ്‌ ഓരോ സംസ്ഥാനത്തെയും പ്രത്യേക ഭാഷകർക്ക്‌ അർഹമായ പ്രാധാന്യം നൽകാൻ തീരുമാനിച്ചത്‌.

 കേരളത്തിൽ മലയാളം ഭരണഭാഷയായി അംഗീകരിച്ചിട്ടുണ്ട്‌. കൂടാതെ ശ്രേഷ്‌ഠപദവി കൂടി ലഭിച്ച ഭാഷയാണ്‌. മലയാളത്തിന്‌ പകരം ഹിന്ദി അടിച്ചേൽപിക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. പൗരത്വരജിസ്‌റ്ററിന്റെ പേരിൽ അസാമിൽ 20ലക്ഷം പേരെ പുറത്താക്കിയത്‌ പോലെ നാളെ ഹിന്ദി അറിയാത്തവരെല്ലാം പുറത്തുപോകണമെന്ന സ്ഥിതിയുമുണ്ടാകും.

 എല്ലാ പ്രദേശത്തും പുതിയ പ്രശ്‌നങ്ങൾ കുത്തിപ്പൊക്കുന്ന ആർഎസ്‌എസ്‌ അജണ്ട തിരിച്ചറിയണമെന്നും ഈ തീരുമാനം പുന:പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top