16 June Sunday
ഒരു കാലത്തും മാധ്യമങ്ങളുടെ പിന്തുണയോ ലാളനയോ ഏറ്റല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും വളര്‍ന്നത്

ചില മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷിയെപ്പോലെ: കോടിയേരി

സ്വന്തം ലേഖകന്‍Updated: Saturday Feb 23, 2019

ആലപ്പുഴ > കേരളത്തിലെ ചില മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെപ്പോലെ പെരുമാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മനോരമയിലെ ചില വാര്‍ത്തകള്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പറഞ്ഞതു പോലെയാണ്. മാതൃഭൂമിയുടെ ആലപ്പുഴ പത്രത്തിലും എല്‍ഡിഎഫ് ജാഥയുടെ വാര്‍ത്ത കാണാനില്ല.

കോഴിക്കോട് മാതൃഭൂമി പരിശോധിച്ചപ്പോഴും ഇതാണ് സ്ഥിതി. ഒരു കാലത്തും മാധ്യമങ്ങളുടെ പിന്തുണയോ ലാളനയോ ഏറ്റല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും വളര്‍ന്നത്. എല്‍ഡിഎഫ് തെക്കന്‍മേഖല കേരള സംരക്ഷണ യാത്രക്ക് കുട്ടനാട്ടിലെ നെടുമുടി, ചേര്‍ത്തല, അരൂരിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടനായ കോടിയേരി.

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകമുണ്ടായി. സംഭവത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടെങ്കില്‍ നിര്‍ദാക്ഷിണ്യം നടപടിയെന്ന് പാര്‍ടി പ്രഖ്യാപിച്ചു. പ്രതിഷേധവും അപലപനീയ സംഭവമാണെന്നും പാര്‍ട്ടി നിലപാടെടുത്തു.  അതിനുശേഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് ചെന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ തെറിയഭിഷേകം നടത്തി. കാസര്‍കോട് എംപി പി കരുണാകരനെയും നേതാക്കളെയും തടഞ്ഞു.

മുഖ്യമന്ത്രി അവിടെ പോകാന്‍ സന്നദ്ധനായി. മുഖ്യമന്ത്രി വന്നാല്‍ ചാണകവെള്ളം തളിക്കുമെന്നാണ് ഡിസിസിയുടെ പ്രഖ്യാപനം. പിന്നെയെങ്ങനെ മുഖ്യമന്ത്രിക്ക് പോകാന്‍ കഴിയും. പ്രതിഷേധം വകവയ്ക്കാതെ പോകണമെന്നാണോ പറയുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്കും  അവരുടെ വീടുകള്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും നേരെ വലിയ അക്രമമുണ്ടാകുന്നു.

മാധ്യമങ്ങള്‍ അതെല്ലാം മൂടിവെക്കുന്നു. ഇതെല്ലാമായിട്ടും കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് അക്രമമെന്ന തുറുപ്പുചീട്ടുമായി ഇറങ്ങിയിരിക്കയാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും.എഴുനൂറില്‍പ്പരം കമ്യൂണിസ്റ്റുകാര്‍ കൊല ചെയ്യപ്പെട്ട നാടാണ് കേരളം. പുന്നപ്ര---വയലാറില്‍ നാനൂറില്‍പ്പരം കമ്യൂണിസ്റ്റുകാരെ വെടിവെച്ചു കൊന്നു. ഇത്രയേറെ രക്തസാക്ഷികളുള്ള പാര്‍ടിയെ അക്രമികളെന്ന് ചിത്രീകരിക്കുന്നത് ജനം അംഗീകരിക്കില്ല.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ ഇടതുപക്ഷം വിജയിക്കണം. കോണ്‍ഗ്രസ്  ബിജെപിക്ക് ബദലല്ല. കോണ്‍ഗ്രസുകാര്‍ വിജയിച്ചാല്‍ ബിജെപിയിലേക്ക് പോകുന്നു. മണിപ്പൂരിലും ഗോവയിലും അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസിന്  കൂടുതല്‍  എംഎല്‍എമാര്‍ ഉണ്ടായിട്ടും ബിജെപി മന്ത്രിസഭയുണ്ടാക്കി. 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

 ഹൈക്കമാന്‍ഡ് നേതാക്കള്‍ വരെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഇടതുപക്ഷം വിജയിച്ചാല്‍ ബിജെപിക്കു വേണ്ടി കൈ പൊക്കില്ല. അതു കൊണ്ട് ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യും.എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തീകരിച്ചു. മാര്‍ച്ച് 25ന് 52 ലക്ഷം പേര്‍ക്ക് 5,600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ഈ സര്‍ക്കാര്‍ നല്‍കും. യുഡിഎഫ് ഭരണകാലത്തെ 600 രൂപയാണ് 1200 രൂപയായി വര്‍ധിപ്പിച്ചത്.

ഇത് കോണ്‍ഗ്രസുകാരനും ബിജെപിക്കാരനും കിട്ടും. വനിതാക്ഷേമത്തിന് മുന്തിയ പരിഗണനയാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്. പട്ടികജാതി--വര്‍ഗ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. ഈഴവരെയും വിശ്വകര്‍മരെയും പൂജാരിമാരായി നിയമിച്ചതും എല്‍ഡിഎഫ്  സര്‍ക്കാരിന്റെ നേട്ടമാണെന്നും കോടിയേരി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top