20 September Friday

പാലായിൽ യോജിച്ച സ്ഥാനാർഥിയെപ്പോലും നിർത്താൻ യുഡിഎഫിന്‌ കഴിഞ്ഞിട്ടില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

പാലാ > ഉപതെരഞ്ഞെടുപ്പിൽ യോജിച്ച സ്ഥാനാർഥിയെ നിർത്താൻ പോലും യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മൂന്ന് കേരള കോൺഗ്രസുകാർ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുകയാണ്‌ പാലായിൽ. എൽഡിഎഫ് ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോകുകയാണെന്നും കോടിയേരി പറഞ്ഞു.

കേരള കോൺഗ്രസിലെ തർക്കത്തിൽ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന ചിന്ത എൽഡിഎഫിനില്ല. തർക്കമുണ്ടായി മുന്നണി വിട്ടാൽ പിറ്റേന്ന് കയറി വരാനുള്ള സ്ഥലമല്ല ഇടതുപക്ഷ മുന്നണി. രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തു വരുന്നവരുന്നവരെ ഉൾക്കൊണ്ട ചരിത്രമാണ് എൽഡിഎഫിനുള്ളത്.

മരട് ഫ്ലാറ്റ് -കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കണ്ണിൽച്ചോരയില്ലാത്ത തീരുമാനമാണ് സുപ്രീം കോടതി ഉത്തരവിൽ പ്രതിഫലിക്കുന്നത്. നിയമ ലംഘനം നടത്താത്തവരാണ് ഇപ്പോൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. കോടതി വിധി നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് ബാധ്യത വരും. ഇക്കാര്യത്തിൽ അനുകമ്പയോടെയുള്ള ഇടപെടൽ വേണം. ഫ്ലാറ്റ് ഉടമകൾക്ക് തണൽ നൽകുന്ന ഇടപെടൽ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവർക്കെതിരെയാണ് നടപടി വേണ്ടത്. പൊളിക്കാൻ നിർബന്ധിതമായാൽ പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി ധാരണയുണ്ടാക്കണം.

മോട്ടോർ വാഹന നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയപ്പോൾ എതിർത്തത് ഇടതുപക്ഷവും ഡിഎംകെയും മാത്രമാണ്‌. ബില്ലിനെ അനുകൂലിച്ചിട്ട് നടപ്പാക്കുമ്പോൾ കേരളത്തിൽ എതിർക്കുന്ന കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണ് കാണിച്ചത്‌. ഇതേ ഇരട്ടത്താപ്പാണ് മരട് ഫ്ലാറ്റ് വിഷയത്തിലും കോൺഗ്രസ് സ്വീകരിക്കുന്നത്. 

പിഎസ്‌സി ചോദ്യപേപ്പറിൽ മലയാളം ഉൾപ്പെടുത്തുന്നത് ഘട്ടം ഘട്ടമായി നടപ്പാക്കുന്ന കാര്യം ആലോചിക്കണം. ആവശ്യം പൂർണമായി നിരാകരിക്കേണ്ട ഒന്നല്ല. പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കണം. സർക്കാർ പി എസ് സി യുമായി ചർച്ചയ്ക്ക് മുൻകൈയെടുത്തിട്ടുണ്ട്. കണ്ണൂർ ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യക്ക് പിന്നിൽ കോടിക്കണക്കിന്‌ രൂപയുടെ കുംഭകോണമാണ്‌ നടന്നിട്ടുള്ളത്‌. കളവു മുതൽ പിടിക്കപ്പെട്ടപ്പോൾ തിരിച്ചു കൊടുത്ത് തടി തപ്പാനുള്ള ശ്രമമാണ് ആ കുടുംത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന മുല്ലപ്പള്ളിയുടെ വാക്കുകൾ. കൊലപാതകത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിനാണ്‌ ‐ കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top