29 October Thursday

വിമോചനസമരം ആവർത്തിക്കാൻ ശ്രമം; പക്ഷേ കാലം മാറിയെന്ന് ഓർക്കണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

തിരുവനന്തപുരം > വിമോചനസമരകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള പ്രചരണമാണ് പ്രതിപക്ഷം ഇപ്പോൾ കേരളത്തിൽ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പശ്ചിമ ബംഗാളിലും തൃപുരയിലും സർക്കാരിനെ ഇറക്കാൻ ശ്രമിച്ചത് ഇതേ തന്ത്രത്തിലൂടെയാണ്. എന്നാൽ കാലം മാറിയെന്ന് പ്രതിപക്ഷം മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈ സമരത്തിനു മുന്നിൽ കീഴടങ്ങില്ല. ഈ മന്ത്രിസഭ വികസന പദ്ധതികളുമായി മുന്നോട്ട് തന്നെ പോകും. ജനങ്ങളാണ് എൽഡിഎഫിനെ തെരഞ്ഞെടുത്ത്. ആ ജനങ്ങളിലാണ് എൽഡിഎഫിന് വിശ്വാസവും. ജനങ്ങളെ അണിനിരത്തി തന്നെ അക്രമസമരത്തെ നേരിടുമെന്നും കോടിയേരി പറഞ്ഞു.

എൻഐഎ കെ ടി ജലീലിനെ വിളിപ്പിച്ചപ്പോൾ നൽകിയ നോട്ടീസ് പുറത്തുവന്നതാണ്. സാക്ഷിമൊഴിയെടുക്കാനാണ് ജലീലിനെ വിളിപ്പിച്ചതെന്ന് നോട്ടീസിൽ വ്യക്തമാണ്. സ്വർണക്കടത്ത് കേസുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ശ്രമമെല്ലാം തകർന്നു. കേസിൽ കസ്റ്റംസും എൻഐഎയും പിടികൂടിയവർ ബിജെപിയുമായും മുസ്ലിം ലീഗുമായും യുഡിഎഫുമായും ബന്ധമുള്ളവരാണ്. അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് തന്നെ എത്തും എന്ന സ്ഥിതി വന്നപ്പോൾ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിതതന്ത്രമാണ് സമരങ്ങളെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമല്ല എൽഡിഎഫ് സർക്കാരിന്റേത്. എന്നാൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പല ഉന്നതർക്കെതിരെയും അന്വേഷണം വന്നപ്പോൾ സ്വീകരിച്ച നിലപാട് സിബിഐക്ക് രാജസ്ഥാനിൽ പ്രവേശനമില്ല എന്നാണ്. പശ്ചിമബംഗാളിൽ മമത സർക്കാരും ഇതേ നിലപാട് സ്വീകരിച്ചു. എൽഡിഎഫ് സ്വീകരിക്കുന്ന നയം സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വർണക്കടത്ത് കേസിൽ യുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രകീർത്തിച്ചുകൊണ്ടാണ് എൻഐഎയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ സംസാരിച്ചത്.

ഓരോദിവസവും ഓരോ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. പിന്നീടത് മാറ്റിപ്പറയും. സ്വർണക്കടത്തിൽ കെ ടി ജലീലിന് ബന്ധമുണ്ടെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. പിന്നെ പറഞ്ഞു പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന്. ഖുറാൻ വിതരണം ചെയ്തതിനെതിരായിട്ടായി പിന്നത്തെ പ്രചരണം.

യുഎഇയിൽ നിന്ന് ജലീൽ ചോദിച്ച് വാങ്ങിയതല്ല ഖുറാൻ. ഇവിടുത്തെ യുഎഇ കോൺസുലേറ്റ് ജനറലിനാണ് ഖുറാൻ വന്നത്. വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലുള്ള ഇടപെടൽ മാത്രമാണ് ജലീൽ നടത്തിയത്. ഖുറാൻ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. എന്നിട്ടും ആർഎസ്എസ് നടത്തിയ പ്രചരണത്തിൽ എന്തിന് കൂട്ടുനിൽക്കുന്നുവെന്ന് യുഡിഎഫ് ആലോചിക്കണം.

ഇങ്ങനെ അൽപ്പായുസ്സ് മാത്രമുള്ള പ്രചരണങ്ങൾ ഏറ്റെടുത്താണ് യുഡിഎഫ് അക്രമസമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സമരത്തിന് ആളെ കിട്ടാതാകുമ്പോൾ പൊലീസിനെ ആക്രമിക്കുക. ഗുണ്ടാസംഘത്തെ അണിനിരത്തുക- ഇതാണ് ഇപ്പോൾ നടക്കുന്നത്. ഒരു പൊലീസുകാരനെ കൊലപ്പെടുത്തി വെടിവെപ്പുണ്ടാക്കുക രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നിങ്ങനെ കേരളത്തിൽ ചോരപ്പുഴയൊഴുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമരമാണ് നടക്കുന്നത്.

ഇഡി ചോദ്യം ചെയ്തതു സംബന്ധിച്ച് ഏറ്റവും അധികം പരാതി ഉന്നയിച്ച പാർട്ടി കോൺഗ്രസ്സ് പാർട്ടിയാണ്. ശിവകുമാറിനെയും ചിദംബരത്തിനെയും ചോദ്യം ചെയ്തപ്പോൾ ജയിലിലടച്ചോൾ ഇഡിയെ വിമർശിച്ചത് കോൺഗ്രസ്സാണെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top