24 February Monday

സംഘടനാ പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം വരുത്തും; സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്ക്‌ മതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവനന്തപുരം > ശത്രുവർഗത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി കാലാനുസൃതമായ മാറ്റം സിപിഐ എമ്മിന്റെ പ്രവർത്തനത്തിൽ കൊണ്ടുവരുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മുൻപ്‌ ഇല്ലാത്തവിധം ദേശീയതലത്തിൽ വലതുപക്ഷ കക്ഷികൾക്ക്‌ മുൻകൈ ലഭിച്ചിട്ടുണ്ട്‌. ആഗോളതലത്തിലും വലതുപക്ഷ ശക്തികൾക്കാണ്‌ കൂടുതൽ പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്‌. കേരളത്തിലും ഇതിന്റെ കഴിവ്‌ വർദ്ധിച്ചിട്ടുണ്ട്‌. വലതുപക്ഷ നിലപാടുകൾ എല്ലാ മേഖലയിലും കൊണ്ടുവരാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്‌. ഇക്കാര്യങ്ങൾ മനസ്സിലാക്കിയാകും സിപിഐ എമ്മിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുക ‐ കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നത്‌. വികസനപ്രവർത്തനങ്ങളിൽ സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള മുന്നേറ്റം ഉണ്ടായി. ഇനിയുള്ള സമയം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ വേഗം കൂട്ടണം. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും സർക്കാർ ശ്രമിക്കേണ്ടതുണ്ട്‌.

പണ്ടുമുതലേ നമ്മുടെ സംസ്ഥാനത്ത്‌ വലതുപക്ഷ ശക്തികൾ പ്രവർത്തിച്ചിരുന്നു എന്നുള്ളത്‌ വസ്‌തുതയാണ്‌. എപ്പോളെല്ലാം ഇടതുപക്ഷം ശക്തിപ്പെടാൻ ശ്രമിക്കുന്നുണ്ടോ അപ്പോഴെല്ലാം വലതുപക്ഷം ഒന്നിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട്‌. എന്നാൽ ഇത്‌ മുൻപ്‌ ഇല്ലാത്തവിധം വർദ്ധിച്ചിട്ടുണ്ട്‌. ഇടതുപക്ഷത്തിന്‌ എതിരായ വികാരം ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്‌. ഇത്‌ പ്രതിരോധിക്കണം. ആശയ പ്രചരണം ശക്തിപ്പെടുത്തണം.

ഇതിനായി സാംസ്‌കാരിക, ശാസ്‌ത്രീയ രംഗത്ത്‌ കൂടുതൽ ഇടപെടൽ ആവശ്യമാണ്‌. സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച്‌ വരെയുള്ളവരെ പ്രവർത്തകരെ കൂടുതൽ കഴിവുറ്റവരാക്കി മാറ്റണം. ബഹുജന നേതാക്കന്മാരായി ഓരോ കേഡറേയും വളർത്തിയെടുക്കുക എന്നത്‌ അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാൻ.

നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. സാധാരണ യുഡിഎഫ്‌ സംഘടനാരൂപം തെരഞ്ഞെടുപ്പ്‌ ഘട്ടത്തിലാണ്‌ പുറത്തുവരാറുള്ളത്‌. എന്നാൽ ഇന്ന്‌ യുഡിഎഫ്‌ മാത്രമല്ല. ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച്‌ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. ഈ വെല്ലുവിളി നേരിടുന്ന തരത്തിലായിരിക്കണം പ്രവർത്തനം മാറ്റേണ്ടത്‌.

ആർഎസ്‌എസിന്റെ ജനവിരുദ്ധ ഭരണത്തെ എതിർക്കാൻ കഴിയാതെ കേന്ദ്രത്തിൽ കോൺഗ്രസ്‌ വിറങ്ങലിച്ച്‌ നിൽക്കുന്നതാണ്‌ കാണുന്നത്‌. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയാണ്‌. കോൺഗ്രസിന്റെ രാജ്യസഭയിലെ ചീഫ്‌ വിപ്പ്‌തന്നെ രാജിവച്ച്‌ പോയ സ്ഥിതി ഉണ്ടായി. അമിത്‌ഷായുടെ വാഗ്‌ദാനങ്ങൾക്ക്‌ ശക്തമായ മറുപടി കൊടുത്ത തൃപുരയിലെ സിപിഐ എം എംപി ത്സർണാ ദാസിനെയാണ്‌ ഇത്തരത്തിലുള്ളവർ മാതൃകയാക്കേണ്ടത്‌.  ആർഎസ്‌എസിന്‌ മുമ്പിൽ കീഴടങ്ങാത്ത രാഷ്‌ട്രീയം. അതാണ്‌ രാജ്യത്ത്‌ വളർന്നുവരാൻ പോകുന്നത്‌. ബംഗാൾ, തൃപുര സംസ്ഥാനങ്ങളിൽ ആർഎസ്‌എസ്‌ നടത്തിയ വിഭജന രാഷ്‌ട്രീയം ഒർമവേണം. ഈ വെല്ലുവിളി കണക്കിലെടുത്ത്‌ വേണം സിപിഐ എം പ്രവർത്തിക്കാൻ. പതിവില്ലാത്തവിധം കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മത‐ജാതി കക്ഷികൾ ശ്രമിക്കുന്നുണ്ട്‌. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കേരളത്തിൽ ശക്തിപ്പെട്ടുവരുന്നു. ജമാ അത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്‌, എസ്‌ഡിപിഐ എന്നീ സംഘടനകൾ ന്യൂനപക്ഷ വർഗീയത വളർത്താൻ ശക്തമായ പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.

‘ഇതില്‍ നിന്നും വ്യക്തമാകുന്നത് മുസ്‌ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്നാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ വിപലുമായി അണിനിരത്താന്‍ പാര്‍ട്ടിക്ക് സാധിക്കണം. ‘ അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആര്‍.എസ്.എസിന്റെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആര്‍.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളികൂടി ഏറ്റെടുത്തുകൊണ്ടാവണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക്‌ മുൻപ്‌ ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി വിലയിരുത്തിയിട്ടുണ്ട്‌. 2006 ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ടാണ്‌ ഇടതുമുന്നണിക്ക്‌ ലഭിച്ചത്‌. അന്ന്‌ ഇടതുപക്ഷ മുന്നണിക്ക്‌ കൈവരിക്കാൻ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരേണ്ടതുണ്ട്‌. സിപിഐ എമ്മിനുതന്നെ അതിന്റെ സ്വാധീനം വികസിപ്പിക്കണം. മുന്നണിക്ക്‌ പിന്തുണനൽകുന്ന കക്ഷികളും ജനപിന്തുണ വർദ്ധിപ്പിക്കണം. ബഹുജന അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകണം. പരിസ്ഥിതി, ദലിത്‌, വനിതാ മേഖലയിൽ പ്രവർത്തിക്കുന്നവരെ അടുപ്പിച്ച്‌ നിർത്തിവേണം പാർട്ടി മുന്നോട്ടുപോകാൻ.

ജനങ്ങളുടെ പിന്തുണ നഷ്‌ടപ്പെടുന്ന പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ല. ജനങ്ങൾ നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ അംഗീകരിക്കണമെന്നില്ല. അവരെ നിർബന്ധിക്കേണ്ടതില്ല. ജനങ്ങൾക്ക്‌ താൽപര്യമുള്ള നിലപാടിൽ ഒപ്പം നിൽക്കണം. പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കാൻ പാടില്ല. അക്രമപ്രവർത്തനങ്ങളിൽ പ്രവർത്തകർ ഒരുതരത്തിലും ഉൾപ്പെടാൻ പാടില്ല. ചാവക്കാട്ടേയും കണ്ണൂരിലേയും എസ്‌ഡിപിഐ കൊലപാതകങ്ങൾ വേണ്ടത്ര ചർച്ചയായില്ല. ഇതേ സംഭവം സിപിഐ എമ്മിനെതിരെ ആരോപിക്കാൻ കഴിയുകയാണെങ്കിൽ മാധ്യമങ്ങൾ ഈ രീതിയിലാകില്ല വാർത്തകൾ നൽകുക. ഈ വസ്‌തുത തിരിച്ചറിഞ്ഞ്‌ അക്രമപ്രവർത്തനങ്ങളിൽനിന്ന്‌ മാറിനിൽക്കണം. അതൊരു പാർട്ടി ബോധമാക്കി മാറ്റണം ‐ കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top