18 November Monday

ബിജെപി നേതാവിന്റെ ഭീഷണി: അടൂർ നൽകിയത്‌ കേരളത്തിന്റെ മറുപടി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

തിരുവനന്തപുരം> ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന്‌ അടൂർ ഗോപാലകൃഷ്‌ണൻ നൽകിയത്‌ കേരളത്തിന്റെ മറുപടിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നിങ്ങൾ ടിക്കറ്റെടുത്തുതന്നാൽ ചന്ദ്രനിലേക്ക്‌ പൊയ്‌ക്കൊള്ളാമെന്ന മറുപടി നൽകാനുള്ള ചങ്കൂറ്റം അടൂരിന്‌ നൽകിയത്‌ കേരളമാണ്‌. അടൂരിനെതിരായ സംഘപരിവാർ ഭീഷണിയിൽ കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ സാംസ്‌കാരികവിഭാഗമായ രചന സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ഈ ഭൂമിയിൽ ജീവിക്കാൻ പാടില്ലെന്നാണ്‌ അടൂരിനോട്‌ ആജ്ഞാപിച്ചത്‌. നാളെ ഇത്തരം ഭീഷണി ആർക്കുമെതിരെ ഉയരാം. കേരളത്തിനകത്തുനിന്നുതന്നെയാണ്‌ ഈ ആക്രോശമെന്നത്‌ ലജ്ജിപ്പിക്കുന്നു. കുമ്മനം രാജശേഖരനും ഇതിനെ അനുകൂലിച്ചത്‌ ഗൗരവതരമാണ്‌. ആർഎസ്‌എസിന്റെ നിലപാടാണിത്‌. ആർഎസ്‌എസിന്റെ  അഭിപ്രായത്തോട്‌ വിയോജിക്കുന്നവർക്ക്‌ ജീവിക്കാനാകാത്ത സ്ഥിതിയാണ്‌.

വ്യത്യസ്‌തമായ അഭിപ്രായങ്ങളും ചിന്താഗതികളും വച്ചുപുലർത്തുന്ന നാടാണ്‌ കേരളം. ഏത്‌ അഭിപ്രായമുള്ളവർക്കും ജീവിക്കാനും അഭിപ്രായം പറയാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്‌. ആ സ്വാതന്ത്ര്യം നിലനിർത്തിയാണ്‌ ശ്രീരാമന്റെ പേര്‌ പറഞ്ഞുള്ള ആൾക്കൂട്ടക്കൊലപാതകങ്ങളെ അടൂർ വിമർശിച്ചത്‌. ഇത്‌ അസഹിഷ്ണുതയോടെയാണ്‌ ആർഎസ്‌എസ്‌ കാണുന്നത്‌. ഈ അസഹിഷ്‌ണുത കേരളത്തിൽ വിലപ്പോകില്ലെന്നും കോടിയേരി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top