18 February Monday

മോഡിയുടെ കൊല്ലം പ്രസംഗം : സുപ്രീംകോടതി കോടതിയലക്ഷ്യത്തിന‌് കേസ‌് എടുക്കണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


കളമശേരി
നരേന്ദ്രമോഡിയുടെ കൊല്ലം പ്രസംഗം കേരളത്തിൽ ആർഎസ‌്എസിന്റെ വർഗീയ അജൻഡ മറനീക്കി പുറത്തുകൊണ്ടുവന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതിവിധി സംസ്ഥാന സർക്കാർ നടപ്പാക്കിയത‌് മഹാപാപമായെന്നാണ‌് നരേന്ദ്രമോഡി പറഞ്ഞത‌്. ഇതിന‌് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന‌് സ്വമേധയാ കേസ‌് എടുക്കേണ്ടതാണെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ ബാലാനന്ദൻ അനുസ‌്മരണദിനാചരണവും പി കെ അബ‌്ദുൾറസാക്ക‌് രക‌്തസാക്ഷി ദിനാചരണവും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ ഇടതുപക്ഷം അവസരത്തിനൊത്ത‌് ഉയർന്നില്ലായിരുന്നെങ്കിൽ കേരളം കലാപഭൂമിയാകുമായിരുന്നു. മുഖ്യമന്ത്രി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ വിളിച്ചുകൂട്ടി. ആ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒന്നിനു തീർത്ത വനിതാമതിൽ കേരളം ആർഎസ‌്എസിനു മുന്നിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചു. വനിതാമതിലിൽ പങ്കെടുത്ത 55 ലക്ഷം സ‌്ത്രീകളാണ‌് കേരളത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചത‌്. പക്ഷെ, ശത്രുക്കൾ ഇപ്പോഴും ഈ പ്രശ‌്നം സജീവമാക്കി നിർത്താനാണ‌് ശ്രമിക്കുന്നത‌്.

ശബരിമല വിഷയത്തോടെ കേരളം മാറിയെന്നാണ‌് നരേന്ദ്രമോഡി പ്രഖ്യാപിച്ചത‌്. അത്ര ആത‌്മവിശ്വാസമുണ്ടെങ്കിൽ ശബരിമല ഉൾപ്പെടുന്ന പാർലമെന്റ‌് മണ്ഡലത്തിൽ വന്നു മൽസരിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. കേരളമാണ‌് അടുത്ത ലക്ഷ്യമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് ഇതിനു തുടക്കമാകുമെന്നും നരേന്ദ്രമോഡിയും അമിത‌്ഷായും നേരത്തേ പ്രസ‌്താവിച്ചിരുന്നു. സിപിഐ എം ആ വെല്ലുവിളി ഏറ്റെടുത്തു. അവിടെ എൽഡിഎഫ‌് സ്ഥാനാർഥി വിജയിച്ചു. കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെ പിരിച്ചുവിട്ട‌് വീണ്ടും തെരഞ്ഞെടുപ്പ‌് നടത്താനൊക്കെ ശ്രമിക്കുന്നു. അങ്ങനെ തെരഞ്ഞെടുപ്പ‌് നടന്നാൽ എൽഡിഎഫിന‌് നിലവിലുള്ള 91 സീറ്റുകൾ 121 ആയി വർധിക്കും. ബിജെപിക്ക‌് ഇപ്പോൾ മരുന്നിന‌് തൊട്ടുകൂട്ടാൻ ഉള്ള സീറ്റുകൂടി പോകും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആർഎസ‌്എസ‌ിന്റെയും ബിജെപിയുടെയും നിലപാടുകൾക്കെതിരെ ഫലപ്രദമായി ഇടപെടാൻ സിപിഐ എം പ്രവർത്തകർക്കു കഴിയണം.

ശബരിമല വിഷയത്തിൽ കോൺഗ്രസ‌് സ്വീകരിച്ച നിലപാട‌് എഐസിസി, കെപിസിസി മെമ്പർമാരെ ബിജെപിയാക്കാനാണ‌് സഹായകമായത‌്. സുപ്രീംകോടതി വിധിയെ ആർഎസ‌്എസ‌് നേതൃത്വവും കോൺഗ്രസ‌് ഹൈക്കമാൻഡും സ്വാഗതം ചെയ‌്തതാണ‌്. അപ്പോഴാണ‌് ഒരു സമുദായ സംഘടന നാമജപവുമായി ഇറങ്ങിയത‌്. ഇത‌് അവസരമായി കണ്ട‌് ഒപ്പം കൂടാം എന്ന‌് ആർഎസ‌്എസ‌് കരുതി. ഇതിനൊപ്പം കോൺഗ്രസും കൂടി. ആർഎസ‌്എസ‌് സംഘടിപ്പിക്കുന്ന പരിപാടിയിൽ കൊടിയെടുക്കാതെ പങ്കെടുക്കാനാണ‌് കോൺഗ്രസ‌് നേതൃത്വം അവരുടെ പ്രവർത്തകരോടു പറഞ്ഞത‌്. പരിപാടിയിൽ പങ്കെടുത്ത ശേഷം കോൺഗ്രസുകാർ വൈകിട്ട‌് ബിജെപിയുടെ ഓഫീസിലാണ‌് എത്തിയത‌്.  രാമൻനായരെപ്പോലുള്ള നേതാക്കൾ ഇങ്ങനെ ബിജെപിയായി മാറുന്ന സ്ഥിതിയായി.

അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയെയും ബിജെപിയെയും അധികാരത്തിൽനിന്ന‌് പുറത്താക്കുന്നതിന‌് ഉതകുന്ന രാഷ‌്ട്രീയ നിലപാടായിരിക്കും സിപിഐ എം സ്വീകരിക്കുക. ബിജെപിയെ നേരിടാൻ കോൺഗ്രസിന‌് കഴിയില്ല. ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കുന്നില്ല. മൃദുഹിന്ദുത്വ നിലപാടാണ‌് കോൺഗ്രസ‌് സ്വീകരിക്കുന്നത‌്. ബാബറി മസ‌്ജിദ‌് നിന്ന സ്ഥലത്ത‌് രാമക്ഷേത്രം നിർമിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന‌് അവരുടെ നേതാവ‌് റാവത്ത‌് പറയുന്നു. സമീപകാലത്ത‌്  മുത്തലാക്ക‌്‌ വിഷയത്തിൽ അടക്കം കോൺഗ്രസ‌് സ്വീകരിക്കുന്നതെല്ലാം ആർഎസ‌്എസ‌് നിലപാടാണ‌്.

തൊഴിലാളി സംഘടനകളെ ഏകോപിപ്പിക്കാൻ നേതൃത്വപരമായ പങ്കുവഹിച്ച നേതാവാണ‌് ഇ ബാലാനന്ദൻ. ഇപ്പോൾ ഉള്ള വിശാലമായ ട്രേഡ‌് യൂണിയൻ ഐക്യം രാജ്യത്ത‌് കെട്ടിപ്പടുക്കാൻ സാധിച്ചതിൽ അദ്ദേഹം വഹിച്ച പങ്ക‌് നിസ‌്തുലമാണ‌്. തൊഴിലാളികളുടെ വർഗപരമായ ഐക്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിൽ ഇ ബാലാനന്ദന്റെ സ‌്മരണ കരുത്താകുമെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top