21 March Thursday

സമരം സര്‍ക്കാരിനെതിരെങ്കില്‍ സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാറ്റൂ; ഭക്തരെ ബന്ദികളാക്കുന്നത് അവസാനിപ്പിക്കണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

തിരുവനന്തപുരം > ശബരിമലയിലെ സമരം സ്ത്രീപ്രവേശനത്തിനെതിരെയല്ലെങ്കില്‍ സന്നിധാനത്തു നിന്നും സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തങ്ങള്‍ സമരം നടത്തുന്നത് സ്ത്രീപ്രവേശനത്തിനെതിരെയല്ല കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള സമരമാണെങ്കില്‍ തെരുവില്‍ ആശയപ്രചരണത്തിനാണ് ബിജെപി തയ്യാറാകേണ്ടതെന്നും ആശയസംവാദത്തിനു വേണ്ടി ശ്രീധരന്‍പിള്ളയെ വെല്ലുവിളിക്കുന്നതായും കോടിയേരി പറഞ്ഞു.

സമരത്തിനുവേണ്ടി ഭക്തജനങ്ങളെ ബന്ദികളാക്കിയും പൊലീസിനെ ആക്രമിച്ചും നടത്തുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കണം. സര്‍ക്കാരിനെതിരെയാണ് സമരമെങ്കില്‍ ശബരിമലയില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് സമരം മാറ്റണം. ശ്രീധരന്‍പിള്ള ഓരോ ദിവസവും പറയുന്ന കാര്യങ്ങള്‍ ബിജെപിക്ക് തന്നെ വ്യക്തമായ നിലപാടില്ല എന്നാണ് തെളിയിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചോദിച്ചത് സുപ്രീംകോടതിവിധി നടപ്പാക്കുകയസല്ലാതെ വേറെന്ത് വഴിയെന്നാണ്. ഇത് കേരളത്തിലെ ബിജെപിക്കാരോടുള്ള ചോദ്യമാണ്.

ശബരിമല തകര്‍ക്കാന്‍ എന്ത് ശ്രമമാണ് കമ്യൂണിസ്റ്റുകാര്‍ നടത്തിയതെന്നും ശ്രീധരന്‍പിള്ള പറയണം. ശബരിമല വികസനത്തിനുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരുകളും, ഇടതുപക്ഷ ഭരണത്തിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡുകളുമാണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കി നല്‍കിയത്.

ഘോരവനമായിരുന്ന ശബരിമലയിലേക്കുള്ള റോഡ് ആദ്യമായി നിര്‍മിച്ചത് പുന്നപ്ര-വയലാര്‍ സമരസേനാനിയും സിപിഐ എം നേതാവുമായിരുന്ന പി കെ ചന്ദ്രാനന്ദന്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നപ്പോഴാണ്. ആ റോഡിന് നല്‍കിയിരിക്കുന്ന പേര് പി കെ ചന്ദ്രാനന്ദന്‍ റോഡ് എ്‌നാണ്. അത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ശബരിമല ക്ഷേത്രം തകര്ക്കുന്നവരാണെന്ന് പ്രചരിപ്പിച്ചാല്‍ കേരളത്തിനകത്ത് വിലപ്പോകില്ല.

ആര്‍എസ്എസിന്റെ ഉദ്ദേശ്യം ശബരിമല പിടിച്ചെടുക്കലാണ്. കേരളത്തില്‍ അങ്ങനെ പിടിച്ചെടുത്ത ക്ഷേത്രങ്ങളാണ് ബിജെപി തങ്ങളുടെ താവളങ്ങളായി ഉപയോഗിക്കുന്നത്. ശബരിമലയെ കൈപ്പിടിയിലാക്കാന്‍ കുറേക്കാലമായി ശ്രമിക്കുകയാണ് ആര്‍എസ്എസ്.

ഇതിനുവേണ്ടി ദിവസേന ശബരിമലയിലേക്ക് വളണ്ടിയര്‍മാരെ കൊണ്ടുപോയി സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ലക്ഷ്യംവെച്ചിരിക്കുകയാണ്. അന്‍പതിനായിരം വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്ത് വെച്ചിരിക്കുകയാണ്. ഇവരാണ് ഓരോദിവസവും പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ആചാരം വിശ്വാസമെന്നൊക്കെ ആര്‍എസ്എസ് വെറുതേ പറയുന്നതാണ്. ഭീകരവാദികള്‍ക്ക് ഒരു വിശ്വാസവുമില്ല. ആചാരത്തെ അംഗീകരിക്കുന്നവരാണെങ്കില്‍ പതിനെട്ടാം പടി ഇരുമുടിക്കെട്ടില്ലാതെ കയറുമോ, സമരത്തില്‍ നിന്നും സന്നിധാനത്തെ ഒഴിവാക്കില്ലേ, വൃശ്ചികമാസം ഒന്നാംതീയതി ഹര്‍ത്താല്‍ പ്രഖ്യാപിക്കുമോ, ഹര്‍ത്താലില്‍ പത്തനംതിട്ട ജില്ലയെ മണ്ഡലകാലത്ത് ഉള്‍പ്പെടുത്തുമോ, ഭക്തരുടെ വാഹനം തടയുമോ.

സിപിഐ എം സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നവരാണ്. പക്ഷേ ഏതെങ്കിലും ഒരു സ്ത്രീയോട് ശബരിമലയിലേക്ക് പോകണമെന്ന് സിപിഐ എം പറഞ്ഞിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്ന സംഘടനയാണ്. ആ സംഘടനപോലും വിധി വന്നതിനു ശേഷം സ്ത്രീകളെ ശബരിമലയിലേക്ക് അയക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. സര്‍ക്കാരും അതിനുവേണ്ടി ഒരു ശ്രമവും നടത്തിയിട്ടില്ല. സ്വമേധയാ വരുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.

ഇതിന്റെ മറവില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് യുഡിഎഫും കൂട്ടുനില്‍ക്കുകയാണ്. യുഡിഎഫ് നേതാക്കള്‍ സന്ദര്ശിച്ചപ്പോള്‍ പൊലീസ് തടഞ്ഞില്ല. എന്നാല്‍ അവര്‍ പമ്പ വരെ പോയിട്ട് തിരികെ പോയി. എന്തുകൊണ്ടാണ് അവര്‍ മലയിലേക്ക് പോകാതിരുന്നത്. പുകമറ സൃഷ്ടിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് വ്യക്തമായി കഴിഞ്ഞു.

ബിജെപിയുടെ ബി ടീമായി യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തിക്കരുത്. രാഹുല്‍ഗാന്ധി എടുത്ത നിലപാടിനെ തള്ളിക്കൊണ്ടാണ് ബിജെപിയുടെ സമരത്തിന് മൂര്‍ച്ച കൂട്ടാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. സു്പ്രീംകോടതിവിധിയല്ല ഭരണഘടനയല്ല വിശ്വാസമാണ് പ്രധാനം എന്ന് പറയുന്ന നിലപാടിനോട് മുസ്ലീം ലീഗ് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോകാനുള്ള സൗകര്യമുണ്ട്. തടസ്സമുണ്ടെന്ന പ്രചരണം തെറ്റാണ്. അക്രമം കാണിക്കാന്‍ ആരെയും അനുവദിക്കില്ല. 144 പ്രഖ്യാപിച്ചത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാനാണ്. -കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top