06 December Tuesday

സമരക്കരുത്തില്‍ വീണ്ടും അമരത്ത്

വെബ് ഡെസ്‌ക്‌Updated: Monday Feb 26, 2018

കേരളത്തിലെ വിപ്ളവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ ത്രസിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍നിന്നാണ് കോടിയേരിയും കേരളത്തിലെ സിപിഐ എമ്മിനെ നയിക്കാന്‍ എത്തുന്നത്. മൂന്നുവര്‍ഷം പാര്‍ട്ടിയെ നയിച്ച അനുഭവത്തിന്റെ കൂടി കരുത്തില്‍ വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തുകയാണ് അദ്ദേഹം.

തലശേരിയിലെ കോടിയേരിയില്‍ കല്ലറ തലായി എല്‍പി സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനിച്ചു. കോടിയേരി ജൂനിയര്‍ ബേസിക് സ്കൂള്‍, ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌‌സിറ്റി കോളേജില്‍ ഡിഗ്രിക്ക്. കെഎസ്എഫിന്റെ പ്രവര്‍ത്തകനായാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്.  മാഹി കോളേജ് യൂണിയന്‍ ചെയര്‍മാനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1973 മുതല്‍ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്ഐയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അടിയന്തരാവസ്ഥക്കു മുമ്പ് കേരളത്തിലെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കെഎസ്‌യു‌‌വും മറ്റ് പിന്തിരിപ്പന്‍ ശക്തികളും എസ്എഫ്ഐയെ ആക്രമണങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം നേരിട്ട് അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍, അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ കേരളത്തിന് പുതിയ പ്രതീക്ഷയും പോരാട്ടവീറും പകര്‍ന്ന് എസ്എഫ്ഐ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി ഉദിച്ചുയര്‍ന്നു. 1973 മുതല്‍ '79 വരെയുള്ള ഈ കാലഘട്ടത്തില്‍ എസ്എഫ്ഐയുടെ അമരക്കാരനായിരുന്നു കോടിയേരി.


1971ലെ തലശേരി കലാപത്തില്‍ മുസ്ളിം ജനവിഭാഗങ്ങള്‍ക്ക് ആത്മധൈര്യം പകരാനും സഹായങ്ങള്‍ നല്‍കാനുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.

1970ല്‍ സിപിഐ എം ഈങ്ങയില്‍പീടിക  ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ കോടിയേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

യുവജനപ്രസ്ഥാനത്തിലെത്തിയപ്പോള്‍ 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. തുടര്‍ന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1990 മുതല്‍ അഞ്ചുവര്‍ഷം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ ജില്ലയില്‍ സിപിഐ എമ്മിനെതിരായ ഭരണകൂട-പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണത്തെ ചെറുത്ത് പ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം നേതൃത്വം നല്‍കി. കുപ്രസിദ്ധമായ സഹകരണ മാരണ നിയമത്തിനും കെ സുധാകരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സിപിഐ എമ്മിനെതിരെ നടന്ന അക്രമങ്ങള്‍ക്കും എതിരായ ചെറുത്തുനില്‍പ്പിന് അദ്ദേഹം നേതൃത്വം നല്‍കി. കൂത്തുപറമ്പ് വെടിവയ്‌പ്, കെ വി സുധീഷിന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ല്‍ ആലപ്പുഴയില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1995ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ല്‍ ഹൈദരാബാദില്‍ നടന്ന 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍  കോയമ്പത്തൂരില്‍ നടന്ന 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

1982, '87, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ച് മികവു തെളിയിച്ചു. കേരളാ പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവനയാണ് കോടിയേരി നല്‍കിയത്. ഭരണകൂടത്തിന്റെ മര്‍ദനോപകരണം എന്ന കുപ്രസിദ്ധിയില്‍നിന്ന് ജനസേവകരാക്കി കേരളാ പൊലീസിന്റെ മുഖംതന്നെ മാറ്റിയെടുക്കുന്നതില്‍ കോടിയേരിയെന്ന ഭരണകര്‍ത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി മാറി. ക്രമസമാധാനപാലനത്തില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയര്‍ത്തി. കുറ്റകൃത്യങ്ങളോട് കര്‍ശന നിലപാടെടുക്കാനും അത് തടയാനും കഴിഞ്ഞു. എന്നാല്‍, ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്നവര്‍ മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിച്ച് ജയിലുകളുടെ പരമ്പരാഗത മുഖംതന്നെ മാറ്റിയെടുത്തു.  

പൊലീസ് നിയമത്തിലും ജയില്‍ നിയമത്തിലും കാലാനുസൃതമായ മാറ്റംവരുത്തി. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാന്‍ അദ്ദേഹം നടത്തിയ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനം ഫലംകണ്ടുവെന്നത് കേരളത്തിലെ സമകാലിക യാഥാര്‍ഥ്യമാണ്.

പ്രതിപക്ഷ ഉപനേതാവെന്ന നിലയില്‍ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകള്‍ തുറന്നുകാട്ടാനും ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും അദ്ദേഹം സമര്‍ഥമായി നേതൃത്വംനല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നടപടികളും തുറന്നുകാട്ടി അതിനെതിരായി നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം വളര്‍ത്തിയെടുക്കുന്നതില്‍ മികച്ച കമ്യൂണിസ്റ്റ് സാമാജികനെന്ന നിലയില്‍ അദ്ദേഹം മികവു കാട്ടി. നിയമസഭയുടെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി, ആഭ്യന്തരവകുപ്പ് സബ്ജക്ട് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. വൈദ്യുതി ബോര്‍ഡ് അനൌദ്യോഗിക അംഗമായിരുന്നു.

ചൈന, ക്യൂബ, അമേരിക്ക, ജപ്പാന്‍, സിംഗപ്പുര്‍, ശ്രീലങ്ക, ബഹ്റൈന്‍, യുഎഇ, ജര്‍മനി, ഒമാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സിപിഐ എം നേതാവും തലശേരി എംഎല്‍എയുമായിരുന്ന എം വി രാജഗോപാലന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരി (യുഎഇ), ചലച്ചിത്രനടന്‍ ബിനീഷ് കോടിയേരി എന്നിവരാണ് മക്കള്‍. ഡോ. അഖില, റിനിറ്റ എന്നിവര്‍ മരുമക്കള്‍

ദുരിതജീവിതം താണ്ടിയ ജനനേതാവ്

അമ്മയുടെ സ്വപ്നങ്ങളുടെ വിപരീതദിശയിലേക്കായിരുന്നു കോടിയേരിയുടെ ജീവിതയാത്ര. എന്നാല്‍, അമ്മയോടുള്ള സ്നേഹവും വിധേയത്വവും ജീവിതത്തിലുടനീളം ഒപ്പമുണ്ട്. കേരളത്തിലെ വിപ്ളവപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തെത്തുമ്പോള്‍ കോടിയേരി ബാലകൃഷ്ണനെ വ്യക്തിജീവിതത്തില്‍ ഏറ്റവുമേറെ സ്വാധീനിച്ച വ്യക്തിയായി തിളങ്ങിനില്‍ക്കുന്നത് അമ്മ നാരായണി അമ്മ.


ക്ളേശംനിറഞ്ഞ കുട്ടിക്കാലമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്. പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ കുഞ്ഞുണ്ണിക്കുറുപ്പ് കോടിയേരിയുടെ കുട്ടിക്കാലത്തുതന്നെ മരിച്ചു. നാലു പെണ്‍മക്കളെയും കോടിയേരിയെയും വളര്‍ത്താന്‍ പാടുപെട്ട അമ്മയ്ക്ക് ഏക പ്രതീക്ഷയായിരുന്നു മകന്‍ ബാലകൃഷ്ണന്‍. അടുത്ത വീടുകളില്‍ പാല്‍ വിറ്റാണ് അമ്മ കുട്ടികളെ വളര്‍ത്തിയത്. വീട്ടിലെ ആവശ്യത്തിനുള്ള വെള്ളം ദൂരെനിന്ന് അമ്മ ചുമന്നുകൊണ്ടുവന്നു. സ്കൂളിലേക്കു പുറപ്പെടുംമുമ്പ് വീടുകളില്‍ പാല്‍ എത്തിച്ചിരുന്നത് ബാലകൃഷ്ണന്‍. പഠിപ്പിച്ച് മകനെ ഉദ്യോഗസ്ഥനാക്കാനാണ് അമ്മ ആഗ്രഹിച്ചത്. എന്നാല്‍, 10-ാം ക്ളാസ് പരീക്ഷയുടെ അവസാനദിവസം ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മകനെ കണ്ടതോടെ അമ്മയുടെ ഹൃദയം തകര്‍ന്നു. രണ്ടു മാസം ആശുപത്രിവാസം കഴിഞ്ഞ് പുറത്തുവന്നു. എങ്കിലും അമ്മ പ്രതീക്ഷ കൈവിട്ടില്ല. മകനെ ഉദ്യോഗസ്ഥനാക്കാനായി ബിരുദപഠനത്തിന് ചേര്‍ക്കാന്‍ 10 സെന്റ് സ്ഥലം വിറ്റു. എന്നാല്‍, അമ്മയുടെ പ്രതീക്ഷകളുടെ എതിര്‍ദിശയിലേക്കാണ് രാഷ്ട്രീയ കേരളം കോടിയേരിയെ കൊണ്ടുപോയത്. സംഘര്‍ഷഭരിതമായ രാഷ്ട്രീയ ജീവിതം കോടിയേരി  തെരഞ്ഞെടുത്തു. ഒടുവില്‍ മകന്‍ നാടിന്റെ ആഭ്യന്തരമന്ത്രിയാകുന്നതിനും അമ്മ സാക്ഷിയായി. മന്ത്രിമന്ദിരം കാണുകപോലും ചെയ്യാതെ ഒരുമാസത്തിനുള്ളില്‍ അമ്മ മരിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ്ചെയ്ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മര്‍ദിച്ചശേഷം വിട്ടു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂര്‍ത്തി, എം പി വീരേന്ദ്രകുമാര്‍, ബാഫക്കി തങ്ങള്‍ എന്നിവര്‍ക്കൊപ്പം ജയില്‍വാസം. ജയിലിലായിരുന്ന കാലത്ത് രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു. തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎന്‍യുവിലെ വിദ്യാര്‍ഥിധ്വംസനത്തിനെതിരെ നടന്ന സമരം, നാല്‍പ്പാടി വാസുവിന്റെ വധത്തില്‍ പ്രതിഷേധിച്ച് നടന്ന സമരം, കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയില്‍വേ സമരം എന്നിവയില്‍ പങ്കെടുത്തപ്പോള്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top