18 June Tuesday
സർവേ പ്രവചനങ്ങൾ വിലയ്‌ക്കെടുക്കപ്പെടുന്ന രാഷ്‌ട്രീയതന്ത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതി പ്രവേശനമല്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതി പ്രവേശനമല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശബരിമലവിഷയം കാരണം ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറാൻ വേണ്ടത്ര കഴിയുമോ എന്ന സംശയം പല ഭാഗത്തു നിന്നും ഉയർന്നുവരുന്നുണ്ട്. അത്തരം സന്ദേഹങ്ങൾക്ക് ഒരു അടിസ്ഥാനമില്ല. ഈ ആശങ്ക പരത്തുന്നതിന്, ബിജെപി‐യുഡിഎഫ് കേന്ദ്രങ്ങളെ പിന്തുണച്ച് വിവിധ മാധ്യമങ്ങളുടെ പേരിൽ പുറത്തുവന്ന സർവേ പ്രവചനങ്ങൾ കാരണമായിട്ടുണ്ട്. ജനമനസ്സുകളെ പാകപ്പെടുത്താനായി വിലയ്‌ക്കെടുക്കപ്പെടുന്ന രാഷ്‌ട്രീയതന്ത്രമാണ് ഇത്തരം സർവേ റിപ്പോർട്ടുകളെന്നും കേടിയേരി ബാലകൃഷ്‌ണൻ ഫേസ്‌ ബുക്ക്‌ പേജിൽ പറഞ്ഞു.

2004ലെ ലോക്‌സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് ആറും യുഡിഎഫിന് 14 ഉം സീറ്റാണ് ചാനൽ സർവേകൾ പ്രവചിച്ചത്. എന്നാൽ, ഫലം വന്നപ്പോൾ എൽഡിഎഫിന് 18 ഉം യുഡിഎഫിനും എൻഡിഎയ്‌ക്കും ഓരോ സീറ്റുവീതവുമാണ് ലഭിച്ചത്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം പ്രവചന സർവേ റിപ്പോർട്ടുകൾക്ക് കഴമ്പില്ല. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനങ്ങൾ നൽകാൻ പോകുന്നത് 2004ലെ പോലുള്ള വൻ വിജയമാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതി പ്രവേശനമല്ല. കൊള്ളരുതായ്‌മയിൽ റെക്കോഡിട്ട മോഡി ഭരണത്തിന്റെ പരാജയം മറച്ചുവയ്‌ക്കാൻ ശബരിമല വിഷയത്തെ രാഷ്‌ട്രീയ തിരശ്ശീലയാക്കാൻ ചില ശക്തികൾ പരിശ്രമിക്കുകയാണ്. അഞ്ച് ആണ്ടാകാൻ പോകുന്ന മോഡി ഭരണം രാജ്യത്തെ അപകടത്തിലാക്കി. ഈ കാലയളവിൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഭരണത്തിലെ അഴിമതി മുതലെടുത്ത് ഭരണത്തിലേറിയവർ അഴിമതിയിൽ അവരെ കടത്തിവെട്ടിയിരിക്കുകയാണ്. റഫേൽ വിമാന ഇടപാട് ഉൾപ്പെടെ അതാണ് അടിവരയിടുന്നത്.

രണ്ടുകോടി പേർക്ക് ഒരുവർഷം തൊഴിൽ നൽകും എന്ന് പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തു. അത് പ്രകാരം പത്തുകോടി പേർക്ക് പുതുതായി തൊഴിൽ നൽകണമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാണ്ടിലെ കാര്യംമാത്രം എടുത്താൽ ഒരുകോടി പത്തുലക്ഷം പേർക്ക് തൊഴിൽ പോയി. തൊഴിലില്ലായ്‌മയുടെ വർധനയിലാണ് മോഡി സർക്കാരിന് സർവകാലനേട്ടം.കർഷക ആത്മഹത്യ, വിലക്കയറ്റം, തൊഴിൽസുരക്ഷിതത്വം നഷ്‌ടപ്പെടൽ തുടങ്ങിയവയെല്ലാം സങ്കീർണവിഷയങ്ങളായി. നവ ഉദാരവൽക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കിയതിന്റെ ഫലമാണ് ഇത്. ഇതിനും പുറമെയാണ് തീവ്രഹിന്ദുത്വ അഴിഞ്ഞാട്ടം. ഇതിന്റെയെല്ലാം ഫലമായി ഭരണഘടന, ജനാധിപത്യം, ബഹുസ്വരത എന്നിവയെല്ലാം ആർ എസ് എസ് നയിക്കുന്ന ബിജെപിയുടെ ഭരണത്തിൽ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു.

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാസംവിധാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുമെന്നത് പകൽപോലെ വ്യക്തം. ഇങ്ങനെ ഏറ്റവും അപകടകരമായ ഹിന്ദുത്വ വർഗീയശക്തിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്നതാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരണം. അതിന് ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ ശക്തി വർധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top