17 February Monday

ആത്മീയാചാര്യന്മാരെ അണിനിരത്തുന്നത് കേരളത്തെ ഗുജറാത്താക്കാന്‍; വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളത്: കോടിയേരി

സ്വന്തം ലേഖകന്‍Updated: Tuesday Jan 22, 2019

തിരുവനന്തപുരം > ആത്മീയാചാര്യന്മാരെയും മഠാധിപതികളെയും രാഷ്‌ട്രീയത്തിലിടപെടീക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ . ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, ആര്‍എസ്‌പി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരെ സ്വീകരിക്കാന്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ ആത്മീയാചാര്യന്മാരും മഠാധിപതികളും രാഷ്‌ട്രീയമാണ് സംസാരിച്ചത്.

ഇടതുപക്ഷത്തിനും കമ്യുണിസ്റ്റുകള്‍ക്കുമെതിരെ ഇവര്‍ പരസ്യമായ നിലപാട് എടുത്തത് കേവലം യാദൃശ്ചികതയല്ല. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പലവട്ടം പയറ്റി പരാജയപ്പെട്ട ആര്‍എസ്എസ് പയറ്റുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമായാണിത്. ആത്മീയാചാര്യമാരെ അണിനിരത്തി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്‌ട്രീയം പറയിച്ചാല്‍ കേരളത്തില്‍ മാറ്റമുണ്ടാകുമെന്ന് ആര്‍എസ്എസ് സ്വപ്നം കാണുന്നു. എന്നാലിത് വ്യാമോഹം മാത്രമാണ്. ഇത് കേരളമാണ്.

വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇത് പുഛത്തോടെ തള്ളിക്കളയും. ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗമാകുന്ന ആത്മീയാചാര്യന്മാര്‍ ഇത് തിരിച്ചറിയുന്നതാണ് നല്ലത്. സ്വന്തം പ്രവര്‍ത്തന മേഖല വിട്ട് ഇവര്‍ വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ ഭാഗമാകുന്നത് നമ്മുടെ സമൂഹത്തിന് നല്ലതല്ല. സ്‌ത്രീ പ്രവേശനത്തിനു അനുകൂലമായ നിലപാട് മുമ്പ് സ്വീകരിച്ച ആര്‍എസ്എസ് ഇപ്പോള്‍  നിലപാട് മാറ്റി.

അമൃതാനന്ദമയി ഉള്‍പ്പെടെയുള്ളവര്‍ ഇതുപോലെ അയ്യപ്പ സംഗമത്തില്‍ പഴയ നിലപാട് തിരുത്തി. അമൃതാനന്ദമയി 11 വര്‍ഷം മുമ്പ് സ്‌ത്രീ പ്രവേശനത്തിനനുകൂലമായി പ്രസംഗിച്ചിരുന്നു. ഇപ്പോഴുള്ള നിലപാട് മാറ്റം ആര്‍എസ്എസ് പറഞ്ഞതുകൊണ്ടാണോ എന്ന് അവര്‍ വ്യക്തമാക്കണം. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി കമ്യൂണിസ്റ്റുകള്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്നവര്‍ പ്രചരിപ്പിക്കുന്നു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനവും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നാല്‍ അത് ഭീകരവാദത്തിന് വളമേകും. പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ ഇതിനുദാഹരണമാണ്. ഇത് തിരിച്ചറിഞ്ഞ് കേരളീയ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇനി നൂറില്‍ താഴെ ദിവസം മാത്രമേ മോഡി അധികാരത്തിലുണ്ടാകൂ. രാജ്യം മുഴുവന്‍
 മോഡി വിരുദ്ധ തരംഗത്തിലാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഇതിനുള്ള ഉദാഹരണമാണ്. ബിജെപിക്കു ബദലാകാന്‍ കോണ്‍ഗ്രസിനു ഒരിക്കലും കഴിയില്ല. പാര്‍ലമെന്റിലെ 258 ബിജെപി എംപിമാരില്‍ 103പേരും മുന്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ആ പാര്‍ടിയില്‍ത്തന്നെ നില്‍ക്കുമെന്നു ഒരുറപ്പുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജനതയ്ക്ക് കോണ്‍ഗ്രസിനെ വിശ്വാസമില്ല.

ബിജെപിക്കു ബദലാകാന്‍ ഇടതു, മതനിരപേക്ഷ ശക്തികള്‍ക്കേ കഴിയു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് തെളിയും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തിയ 2004ന്റെ തനിയാവര്‍ത്തനമാകും ഈ തെരഞ്ഞെടുപ്പെന്ന് കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top