20 September Sunday
യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു‌

എതിർക്കുന്നത്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയ നിലപാടിനെ ; കോൺഗ്രസിൽനിന്ന്‌ ബിജെപിയെ സഹായിക്കുകയാണ്‌ അദ്ദേഹം : കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


സ്വന്തം ലേഖകൻ
പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയ നിലപാടുകളെയാണ്‌ വിമർശിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോൺഗ്രസിൽനിന്ന്‌ ബിജെപിയെ സഹായിക്കുകയാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ആർഎസ്‌എസ്‌ ശാരീരിക്‌ പ്രമുഖായി ജില്ലാതലത്തിൽ പ്രവർത്തിച്ചയാളാണ്‌. കോൺഗ്രസുകാരായ പൊലീസുകാരെ കിട്ടാത്തതിനാലല്ലല്ലോ ആർഎസ്‌എസ്‌ നേതാവിനെ തെരഞ്ഞുപിടിച്ച്‌ ഗൺമാനായി നിയമിച്ചത്‌. ആദ്ദേഹത്തിന്റെ ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ നേരത്തേയുള്ളതാണ്‌. ഇപ്പോൾ ശക്തമാക്കി. അതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്‌.

മറ്റ്‌ പാർടികളിലുള്ള പലരും വേറെ പാർടിയിൽ ചേരാറുണ്ട്‌. അവർ ആ പാർടിയുടെ നിലപാടാണ്‌ ഉയർത്തിപ്പിടിക്കുക. എന്നാൽ, ഒരു പാർടിയിൽനിന്ന്‌ മറ്റൊരു പാർടിയുടെ നിലപാട്‌ സ്വീകരിക്കരുത്‌. ബിജെപി, ആർഎസ്‌എസ്‌ വോട്ട്‌ നേടി വിജയിച്ചയാളാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. 

ആലപ്പുഴയിൽ പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത കേസിൽ കോടതി വിധി പരിശോധിച്ച്‌ പൊലീസ്‌ തുടർ നടപടി സ്വീകരിക്കണം. യുഡിഎഫ്‌ കാലത്താണ്‌ സംഭവം. പ്രതികളെ കോടതി വെറുതെ വിട്ടതോടെ യഥാർഥ പ്രതികളെയല്ല അന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌ എന്ന്‌ വ്യക്തമായി. അന്നേ ഈ പരാതി ഉയർന്നിരുന്നു.     

എൽഡിഎഫ്‌ വന്നശേഷം പിഎസ്‌സി വഴിയുള്ള നിയമനം സർവകാല റെക്കോഡാണ്‌. എന്നാൽ, റാങ്ക്‌ പട്ടികയിലുള്ള എല്ലാവർക്കും നിയമനം കിട്ടില്ല. അത്തരക്കാർക്ക്‌ അസംതൃപ്‌തി സ്വാഭാവികമാണ്‌. നിലവിലെ നിയമത്തിന്റെയും സംവിധാനത്തിന്റെയും പ്രശ്‌നമാണത്‌. ഇവയിൽ എന്ത്‌ മാറ്റം വരുത്തണം എന്ന്‌ സർക്കാരും പിഎസ്‌സിയും ചർച്ച ചെയ്‌ത്‌ സ്വീകരിക്കണം. റാങ്ക്‌ പട്ടികയുടെ കാലാവധി നീട്ടരുതെന്ന്‌ കോടതി വിധികൾ നിലവിലുള്ളതാണെന്നും കോടിയേരി പറഞ്ഞു. 

ചാനൽച്ചർച്ചയിൽ പങ്കെടുക്കരുതെന്ന്‌ ഒരു മന്ത്രിക്കും നിർദേശം നൽകിയിട്ടില്ല. എന്നാൽ, ഒരു ചാനലിന്റെ ചർച്ചയിൽ പാർടി പ്രതിനിധികൾ പോകേണ്ടതില്ല. അത്‌ എന്തുകൊണ്ടെന്ന്‌ ആ ചാനൽ തീരുമാനിക്കട്ടെ. നിലപാട്‌ തുടരുമെന്ന്‌ ചാനൽ മേധാവിതന്നെ പറഞ്ഞു. ബിജെപി എംപിയാണ്‌ അതിന്റെ മേധാവി. അവരത്‌ തുടരട്ടെ. അതിന്‌ അവർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. സഹകരിക്കേണ്ടതില്ലെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്നും കോടിയേരി പറഞ്ഞു.
മൃദുഹിന്ദുത്വ നയം കോൺഗ്രസ്‌ തുടരുന്നു

ഹിന്ദുത്വ വർഗീയത ശക്തിപ്പെടുമ്പോൾ അതിനൊപ്പം ചേരുന്ന നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നതെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു‌. അതിന്‌ മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്നു.  ലീഗ്‌ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനം സമുദായത്തെ വഞ്ചിക്കലാണ്‌. കോൺഗ്രസിനെതിരെ ഒന്നും പറയാൻ അവർക്കാകുന്നില്ല. എന്നാൽ, മതന്യൂനപക്ഷ വിഭാഗങ്ങളുടെ നിലപാട്‌ ലീഗ്‌ നിലപാടല്ല. എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ഇടതുപക്ഷത്തിന്‌ അനുകൂല സമീപനം ഉയരുകയാണ്‌. പാവപ്പെട്ടവർക്കും ന്യൂനപക്ഷ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസരംഗത്ത്‌ ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ യുഡിഎഫ്‌ എതിർക്കാത്തത്‌ എന്തുകൊണ്ടാണ്‌. വിദ്യാഭ്യാസ നയത്തെ പിന്തുണച്ച പി ജെ ജോസഫ്‌, ശശി തരൂർ എന്നിവരുടെ നിലപാട്‌ തന്നെയാണോ  യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാടെന്നും കോടിയേരി ചോദിച്ചു.

യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു‌
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ–വികസന പ്രവർത്തനങ്ങൾ തകർക്കാൻ യുഡിഎഫും ബിജെപിയും കൈകോർക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  പറഞ്ഞു‌. അതിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ വിവാദങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പരാജയമാണെന്ന്‌ സ്ഥാപിക്കാനാണ്‌  ഒത്തുചേരൽ‌. അതുവഴി സർക്കാരിനെ അസ്ഥിരപ്പെടുത്തണം. ഇത്‌ ബോധപൂർവമാണ്‌. അടുത്ത തവണ  യുഡിഎഫ്‌ സർക്കാരിനെ അവരോധിച്ച്‌, തങ്ങളുടെ സ്വന്തക്കാരെ ഉപയോഗിച്ച്‌  വരുംകാലത്ത്‌ കേരളത്തിൽ അധികാരം പിടിക്കുകയെന്നതാണ്‌ ബിജെപി മോഹം. ഉത്തരേന്ത്യൻ മോഡൽ വർഗീയതയും  ഭയപ്പെടുത്തി കീഴ്‌പ്പെടുത്തലും  ഇവിടെ ചെലവാകില്ലെന്ന്‌ ബിജെപിക്ക്‌ അറിയാം. കർണാടക, മധ്യപ്രദേശ്‌, രാജസ്ഥാൻ മോഡൽ അട്ടിമറിയും ഇവിടെ നടക്കില്ല. കോൺഗ്രസാണ്‌ ഇതിന്‌ നല്ലതെന്നും അവർക്കറിയാം. താൽക്കാലം കോൺഗ്രസിനെ പിന്തുണയ്‌ക്കുക. പിന്നാലെ അതിലെ ആർഎസ്‌എസ്‌ നിലപാടുള്ളവരെ പിടികൂടി ഭരണത്തിലെത്തുക എന്ന ദീർഘകാല പദ്ധതിയാണ്‌ കേരളത്തിൽ ആർഎസ്‌എസ്‌ നടപ്പാക്കുന്നത്‌. അതിനായി എല്ലാതരത്തിലും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികൾ ഉപേക്ഷിക്കരുത്‌
വിവാദങ്ങളുടെ പേരിൽ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കരുതെന്ന്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. അത്‌ വികസന പ്രവർത്തനങ്ങളെ ഒരു നിലയ്‌ക്കും ബാധിക്കരുത്‌.  വിവാദങ്ങൾക്ക്‌ പിറകെ പോകരുത്‌. പ്രഖ്യാപിച്ച എല്ലാ പരിപാടികളും യാഥാർഥ്യമാക്കണം. എല്ലാം സുതാര്യമായാണ്‌ സർക്കാർ ചെയ്യുന്നത്‌.  കേരളത്തിന്റെ വികസനത്തിന്‌ വഴിവെട്ടുന്നവരാണ്‌ ഇടതുപക്ഷം. എന്നാൽ, യുഡിഎഫും ബിജെപിയും വഴിമുടക്കുന്നു.  ഇത്‌  ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുമെന്നും കോടിയേരി പറഞ്ഞു.  


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top