02 July Thursday

പ്രതിപക്ഷത്തിന്റേത്‌ നശീകരണ സമീപനം; ആരെയും ചാക്കിട്ടുപിടിക്കാനില്ല: കോടിയേരി

പ്രത്യേക ലേഖകൻUpdated: Sunday Jun 7, 2020

തിരുവനന്തപുരം > സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറുണ്ടോയെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥിതിഗതി നേരിടുന്നതിന്‌ എല്ലാവരും സർക്കാരിനൊപ്പം ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഘട്ടത്തിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാക്കൾ കേരളത്തിന്‌ എതിരായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അപക്വവും മനുഷ്യത്വരഹിതവുമായ നിലപാടിനെ യുഡിഎഫിലുള്ളവർ പോലും അംഗീകരിക്കുന്നില്ല. മുന്നണിയിൽ തന്നെ ഇതുസംബന്ധിച്ച്‌ തർക്കമുണ്ട്‌. പ്രതിപക്ഷ നേതാവിന്റേത്‌  നശീകരണനിലപാടാണ്‌. ഉമ്മൻചാണ്ടിയും എ കെ ആന്റണിയുമൊക്കെ  പ്രതിപക്ഷ നേതാക്കന്മാരായി പ്രവർത്തിച്ചപ്പോഴുള്ള സമീപനമല്ല ഇത്‌. എന്ത്‌ സംഭവിച്ചാലും  തരക്കേടില്ല തനിക്ക്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തണമെന്ന ഒറ്റ വിചാരമേ  പ്രതിപക്ഷ നേതാവിനുള്ളൂ.

കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനെതിരെ  ഉയർന്നുവരുന്ന കലാപത്തിൽനിന്ന്‌ രക്ഷപ്പെടാനാണിത്‌.  ഏറ്റവുംവലിയ സിപിഐ എം വിരുദ്ധൻ താനാണെന്ന്‌ വരുത്താനുള്ള വെപ്രാള പ്രകടനമാണ്‌ നടത്തുന്നത്‌.  അതിന്‌ മുഖ്യമന്ത്രിക്ക്‌ എതിരെ എന്തെങ്കിലും വിളിച്ചുപറയുകയാണ്‌. മുൻകാല പ്രതിപക്ഷ നേതാക്കന്മാരുടെ പക്വമായ നിലപാട്‌ സ്വീകരിക്കാൻ ചെന്നിത്തല തയ്യാറാകണം.

മണ്ണെടുപ്പിൽ പ്രശ്‌നമില്ല

പമ്പയിലെ മണ്ണെടുപ്പ്‌ പ്രശ്‌നത്തിൽ സിപിഐ എമ്മും സിപിഐയും തമ്മിൽ ഒരു തർക്കവുമില്ല. എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ ചർച്ച ചെയ്‌ത്‌ പരിഹരിക്കും. വെള്ളപ്പൊക്കം തടയാൻ  ദുരന്ത നിവാരണ അതോറിറ്റിയാണ്‌ മണ്ണ്‌ നീക്കം ചെയ്യാൻ തീരുമാനിച്ചത്‌. അത്‌ റവന്യൂ വകുപ്പിന്റെ കീഴിലുമാണ്‌. സർക്കാർ തലത്തിലോ പാർടികൾ തമ്മിലോ തർക്കമോ അവ്യക്തതയോ ഇക്കാര്യത്തിലില്ല.

എല്ലാവർക്കും സൗകര്യം ഒരുക്കിയിട്ട്‌ മാത്രമേ ഡിജിറ്റൽ പഠനം പാടുള്ളൂവെന്നാണ്‌ സിപിഐ എം നിലപാട്‌. രാജ്യത്ത്‌ 10 ശതമാനം കുട്ടികൾക്ക്‌ പോലും ഈ സംവിധാനം ലഭ്യമല്ല. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി. ഇവിടെ ഓൺലൈൻ സൗകര്യം ഇല്ലാത്തവർക്കും അതിന്‌ നടപടി സ്വീകരിക്കുകയാണ്‌. ഈ കേരള മാതൃക സ്വീകരിക്കണമെന്നാണ്‌ സിപിഐ എം നിലപാട്‌. ഓൺലൈൻ പഠനം താൽക്കാലികം മാത്രമാണ്‌. അത്‌ ക്ലാസ്‌മുറി പഠനത്തിന്‌ സമാന്തരവുമല്ലെന്ന്‌ കോടിയേരി പറഞ്ഞു. പാർടി മെമ്പർമാരെക്കുറിച്ച്‌  കിട്ടുന്ന പരാതി പരിശോധിക്കാൻ പാർടിക്ക്‌ പ്രത്യേക സംവിധാനമുണ്ടെന്നാണ്‌ വനിതാ കമീഷൻ അധ്യക്ഷ ജോസഫൈൻ ഉദ്ദേശിച്ചത്‌. അത്‌ പൊലീസിനോ കോടതിക്കോ സമാന്തരമല്ല. നിയമസംവിധാനം എല്ലാ പാർടി അംഗങ്ങൾക്കും ബാധകമാണ്‌. നിയമവ്യവസ്ഥ അനുസരിച്ച്‌ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും സർക്കാർ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്‌. ബെവ്‌ക്യൂ ആപ്‌ കരാർ ആർക്കാണ്‌ കൊടുത്തതെന്ന്‌ പോലും പാർടി അന്വേഷിച്ചിട്ടില്ല. സ്‌പ്രിങ്ക്‌ളർ വിഷയത്തിൽ കോടതി തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ആരെയും ചാക്കിട്ടുപിടിക്കാനില്ല

യുഡിഎഫിൽനിന്ന് ആരെയെങ്കിലും ചാക്കിട്ടുപിടിക്കേണ്ട കാര്യം എൽഡിഎഫിനില്ലെന്ന്‌  കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. അഭിപ്രായവ്യത്യാസവും സംഘർഷവും യുഡിഎഫിൽ വളരുകയാണ്‌.  അത്‌ മറച്ചുപിടിക്കാനുള്ള ശ്രമമാണ്‌ ഉമ്മൻചാണ്ടിയുടേത്‌. യുഡിഎഫിലെ ഏതെങ്കിലും കക്ഷിയെ അടർത്തിക്കൊണ്ടുവരാനും  ഉദ്ദേശിക്കുന്നില്ല.

രാഷ്‌ട്രീയമായി വ്യക്തതയും കെട്ടുറപ്പുമുള്ള മുന്നണിയാണ്‌ എൽഡിഎഫ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടെ നിന്നവരെ പോലും ഒപ്പം നിർത്താൻ അവർക്ക്‌ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 60 ശതമാനം സീറ്റുകളിൽ എൽഡിഎഫ്‌ വിജയിച്ചു. ഇപ്പോൾ പത്ത്‌ കക്ഷികളാണ്‌ എൽഡിഎഫിലുള്ളത്‌. അതുകൊണ്ട്‌ തന്നെ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ്‌ നേടും.

ജോസഫ്‌–-ജോസ്‌ തർക്കത്തിൽ ഞങ്ങൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. നയപരമായ അഭിപ്രായ വ്യത്യാസമാണുള്ളതെങ്കിൽ അക്കാര്യം തുറന്നുപറയട്ടെ. യുഡിഎഫിനുള്ളിൽനിന്ന്‌ കാര്യങ്ങൾ നടത്താനാണ്‌ രണ്ട്‌ കൂട്ടരും ശ്രമിക്കുന്നതെന്ന സൂചനയാണ്‌ ഞങ്ങൾക്കുള്ളത്‌. മറിച്ചാണെങ്കിൽ രാഷ്‌ട്രീയമായ നിലപാട്‌ വ്യക്തമാക്കട്ടെ. അതിന്‌ ശേഷം എൽഡിഎഫ്‌ ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന്‌ കോടിയേരി ചോദ്യത്തിന്‌ മറുപടി നൽകി.


പ്രധാന വാർത്തകൾ
 Top