18 September Wednesday

വിശ്വാസികളെ വിലക്കുന്ന ഭരണഘടന ലോകത്ത്‌ ഒരു കമ്യൂണിസ്റ്റ്‌ പാർടിക്കുമില്ല: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവന്തപുരം > വിശ്വാസികളെ വിലക്കുന്ന ഭരണഘടന ലോകത്തൊരു കമ്യൂണിസ്റ്റ്‌ പാർടിക്കുമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രചാരണം നടന്നു. ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കോൺഗ്രസും ബിജെപിയും ജനങ്ങളെ കബളിപ്പിച്ചു. കമ്യൂണിസ്റ്റുകൾ വിശ്വാസത്തിനെതിരാണെന്ന്‌ വ്യാപകമായി പ്രചരിച്ചിച്ചു. ഇതിൽ ശത്രുവർഗം വിജയിച്ചു. സുപ്രീംകോടതിയിലൂടെ മാത്രമേ ശബരിമലവിഷയത്തിൽ ശാശ്വതമായ പരിഹാരമാകൂ എന്നാണ്‌ പാർടി പറഞ്ഞത്‌. പിന്നീട്‌ ക്രന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞതും അതാണെന്നും കോടിയേരി ബാലകൃ്ഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിശ്വാസികളാണ്‌ കേരളത്തിൽ ബഹുഭൂരിപക്ഷവും. മതപരമായ ചടങ്ങുകൾ ബഹിഷ്‌കരിക്കണമെന്ന്‌ പാർടി ആഹ്വാനം ചെയ്‌തിട്ടില്ല. വിശ്വാസികളുടെ പിന്തുണയില്ലാതെ പാർടിക്ക്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 71ലക്ഷം വോട്ട്‌ എങ്ങനെ ലഭിക്കുമെന്നും കോടിയേരി ചോദിച്ചു. ശബരിമല വിഷയത്തിൽ കോടതി വിധിയെ സ്വാഗതം ചെയ്യുകമാത്രമാണ്‌ പാർടി ചെയ്‌തത്‌. എല്ലാപാർടികളും ആദ്യഘട്ടത്തിൽ അതാണ്‌ ചെയ്‌തത്‌. എന്നാൽ പിന്നീട്‌ കോൺഗ്രസും ബിജെപിയും രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിച്ചു.
 ശബരിമലയിൽ കയറുന്നതിൽ പാർടി ആരെയും തടഞ്ഞിട്ടുമില്ല, കയറ്റിയിട്ടുമില്ല. മതവിഭാഗങ്ങളുടെ ഒരുചടങ്ങിൽ നിന്നും മാറിനിൽക്കാൻ പാർടി പറഞ്ഞിട്ടില്ല. എന്നാൽ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കണം. വിശ്വാസികൾക്കും പാർടി അംഗങ്ങളാകാം. കർഷകരും തൊഴിലാളികളും തന്നെയാണ്‌ അമ്പലങ്ങളിലും പള്ളികളിലും പോകുന്നതും അതുപോലെതന്നെ പാർടുയുടെ സമരപരിപാടികളിലും പങ്കെടുക്കുന്നത്‌. വർഗീയശക്തികളിൽ നിന്ന്‌ ആരാധനാലയങ്ങളെ സംരക്ഷിക്കണം. പാർടി എന്നനിലയിൽ പാർടി മെമ്പർമാർക്ക്‌ പെരുമാറ്റച്ചട്ടമുണ്ടാകും. അത്‌ ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും പാർടി തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണെന്നും ഏതെങ്കിലും വ്യക്തികൾക്ക്‌ അതിൽ നിന്ന്‌ മാറിനിൽക്കാനാവില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
 
 പാർടിയെക്കുറിച്ച്‌ തെറ്റായ ധാരണകൾ പരത്തുന്നതിൽ ശത്രുവർഗം വിജയിച്ചിട്ടുണ്ട്‌. പാരിസ്ഥിതിക റിപ്പോർട്ടുകളിൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കും. ഇതിനായി ഒരു വിദഗ്‌ധ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
 പൊലീസിന്റെ പ്രവർത്തനം മികച്ചതാണ്‌. കെവിൻ കൊലപാതകത്തിലെ വിധി പൊലീസിന്റെ പ്രവർത്തനമികവിന്‌ തെളിവാണ്‌.  മുഖ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതാണ്‌. എല്ലാവിഷയങ്ങളിലും ചടുലമായി തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നു. എൽഡിഎഫ്‌ ഗവൺമെന്റിന്‌ ആരോടും വൈര്യനിര്യാതന ബുദ്ധിയില്ല. അഴിമതിക്കേസിൽ പി ചിദംബരത്തെ സംരക്ഷിക്കേണ്ടതില്ല. എന്നാൽ സിബിഐയുടെ നടപടിയിൽ പിഴവുകളുണ്ടായി. ബിനോയ്‌ കോടിയേരിക്ക്‌ പാർടിയും ഗവൺമെന്റും ഒരുസഹായവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top