18 January Monday

പാലാരിവട്ടം പാലം: അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേയ്ക്കും അന്വേഷണം എത്തേണ്ടതുണ്ട്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ടൈറ്റാനിയം കുംഭകോണം, പാലാരിവട്ടം പാലം അഴിമതി എന്നിവയ്‌ക്ക്‌ ആദ്യം രമേശ്‌ ചെന്നിത്തല മറുപടി പറയട്ടെയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാലായിൽ രാഷ‌്ട്രീയം പറഞ്ഞുതന്നെയാണ‌് എൽഡിഎഫ‌് ജനങ്ങളെ സമീപിക്കുന്നത്‌. യുഡിഎഫാണ‌് രാഷ‌്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്നതെന്നും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ ആരോപണത്തിന‌് മറുപടിയായി അദ്ദേഹം പറഞ്ഞു.

‘‘യുഡിഎഫിന്റെ രാഷ‌്ട്രീയം പറയാൻ അവരുടെ ആളെ കിട്ടുന്നില്ലെങ്കിൽ ആ പണി ഞങ്ങളെ ഏൽപ്പിക്കരുത‌്. കോൺഗ്രസിന്റെ രാഷ‌്ട്രീയം എൽഡിഎഫ്‌
അല്ല പറയേണ്ടത‌്’’. കോടിയേരി പറഞ്ഞു.  യുഡിഎഫിന‌് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ നിലപാട‌് സ്വീകരിക്കാനോ കഴിയുന്നില്ല. ആകെ
ആശയക്കുഴപ്പമാണ‌്. അതുകൊണ്ടാണ‌്  പ്രതിപക്ഷനേതാവ‌് ഇത്തരം വിമർശനങ്ങളുമായി വരുന്നത‌്. 

എൽഡിഎഫ‌് ഉന്നയിക്കുന്ന രാഷ‌്ട്രീയവിഷയങ്ങളാണ‌് ടൈറ്റാനിയം കുംഭകോണവും പാലാരിവട്ടം പാലം അഴിമതിയും. ഇതിന‌് മറുപടി പറയാൻ ചെന്നിത്തലയും യുഡിഎഫും ഇനിയും തയ്യാറായിട്ടില്ല.  കോൺഗ്രസ‌് ഭരണനാളുകളിലെ ഇറക്കുമതി നയമാണ‌് പാലായിലെ റബർ കർഷകരെ ദുരിതത്തിലാക്കിയത‌്. എൽഡിഎഫ‌് ഇതെല്ലാം പറയുമ്പോൾ മറുപടിയില്ലാതെ യുഡിഎഫ‌് വിയർക്കുന്നു.

കോൺഗ്രസ‌് എംപിമാർ അനുകൂലിച്ചാണ‌് യുഎപിഎ നിയമഭേദഗതി പാർലമെന്റിൽ പാസാക്കിയത‌്. കേരളത്തിലെ യുഡിഎഫ‌് ഈ നിയമത്തെ എതിർക്കുമ്പോഴാണ‌് പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ‌് എംപിമാർ  അതിനെ പിന്താങ്ങിയത‌്. എൻഐഎ ഭേദഗതി ബിൽ, മോട്ടോർ വെഹിക്കിൾ ആക്ട‌് ഭേദഗതി എന്നിവയിലും ഇതേ അവസ്ഥയുണ്ടായി. ഈ വിഷയങ്ങളെല്ലാം എൽഡിഎഫ‌് പാലായിൽ ഉയർത്തുന്നു.  കേരളത്തിൽ എതിർക്കുകയും പാർലമെന്റിൽ അനുകൂലിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയത്തിൽ ചെന്നിത്തലയ‌്ക്ക‌് മൗനമാണ‌് മറുപടി. എൽഡിഎഫ‌് ഉന്നയിക്കുന്ന രാഷ‌്ട്രീയവിഷയങ്ങളിൽ യുഡിഎഫിന‌് അലോസരമുണ്ട‌്. ഇത്തരം പ്രശ‌്നങ്ങൾ തുടർന്നും അവതരിപ്പിക്കും. മന്ത്രിമാർക്കെതിരെ ചട്ടലംഘനം ആരോപിക്കുന്ന യുഡിഎഫ‌് പരാജയം തുറന്നു സമ്മതിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

രാഷ‌്ട്രീയനേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം
പാലാരിവട്ടം പാലംനിർമാണ കുംഭകോണത്തിൽ പങ്കുള്ള രാഷ‌്ട്രീയ നേതൃത്വത്തെയും വിജിലൻസ‌് അന്വേഷണത്തിലൂടെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലം പൊളിച്ച‌് പുനർനിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ‌്തു.

പാലാരിവട്ടം പാലം അഴിമതിക്കെതിരെ എറണാകുളം കേന്ദ്രമാക്കി എൽഡിഎഫ‌് നടത്തിവന്ന പ്രക്ഷോഭത്തിന്റെ കൂടി വിജയമാണ‌് സർക്കാർ തീരുമാനം. യുഡിഎഫ‌് ഭരണകാലത്തെ അഴിമതിയുടെ സാക്ഷ്യപത്രമാണ‌് പാലാരിവട്ടം പാലം. ഈ കുംഭകോണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോൾ റിമാൻഡിലാണ‌്. പാലാരിവട്ടത്തിന‌് സമാനമായി പാലം, റോഡ‌്, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണം സംബന്ധിച്ച‌് നിരവധി അഴിമതി ആരോപണങ്ങൾ യുഡിഎഫ‌് ഭരണകാലത്ത‌് നിയമസഭയിൽ ഉയർന്നിരുന്നു.    കെ ബി ഗണേഷ‌്കുമാർ നിയമസഭയിൽ രേഖാമൂലം ഉന്നയിച്ചതാണിത്‌.  ഈ ആരോപണങ്ങളെ ശരിവക്കുന്നതാണ‌്  വിജിലൻസിന്റെ കണ്ടെത്തലുകൾ. നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ കൂടി ഈ സാഹചര്യത്തിൽ അന്വേഷണവിധേയമാക്കണം.  അഴിമതിക്കാർക്കുള്ള അനുഭവപാഠമാണ‌് പാലാരിവട്ടം പാലം. സംസ്ഥാന സർക്കാരിന്റെ ഇത്തരം നടപടികൾക്ക‌് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

രാജ്യത്ത‌്  ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന ആർഎസ‌്എസ‌് നയം  അടിച്ചേൽപ്പിക്കാൻ ബിജെപി സർക്കാർ നീക്കം നടത്തുമ്പോഴാണ‌് പിഎസ‌്സി പരീക്ഷകളിൽ മലയാളം ചോദ്യപേപ്പർ ഉൾപ്പെടുത്തി മാതൃഭാഷയ‌്ക്ക‌് അർഹമായ പരിഗണന നൽകാൻ സംസ്ഥാനസർക്കാർ മുന്നോട്ടുവന്നതെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top