17 August Wednesday

ഒരാളെയും കണ്ണിര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നത്‌ ഇടതുപക്ഷ കാഴ്‌ചപ്പാട്‌: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

തിരുവനന്തപുരം > ഒരാളെയും കണ്ണിര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ്‌ ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും രംഗത്തിറങ്ങിയിരിക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.  

എൽഡിഎഫ്‌ അധികാരത്തിൽ ഇരിക്കുമ്പോൾ വികസന പദ്ധതികളൊന്നും വേണ്ട എന്ന സമീപനമാണ്‌ ഇരുകൂട്ടർക്കും. അതാണ്‌ സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ അഴിച്ചുവിടുന്ന പ്രചാരണവും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടും സൂചിപ്പിക്കുന്നത്‌. യുഡിഎഫ്‌ അധികാരത്തിലിരുന്ന കാലത്ത്‌ ഹൈസ്‌പീഡ്‌ റെയിൽ പദ്ധതി ആസൂത്രണം ചെയ്‌തിരുന്നു. ഇപ്പോൾ അവർ യാതൊരു യുക്തിയുമില്ലാതെയാണ്‌  സെമി ഹൈസ്‌പീഡ്‌ പദ്ധതിയെ എതിർക്കുന്നത്‌.

അന്ന്‌ പദ്ധതിയെ അനുകൂലിക്കുകയായിരുന്നു എൽഡിഎഫ്‌ ചെയ്‌തത്‌. പണം കണ്ടെത്താൻ സാധിക്കുമെങ്കിൽ പദ്ധതി നടപ്പാക്കണം. സ്ഥലം വിട്ടുനൽകുന്നവർക്ക്‌ മാർക്കറ്റ്‌ വിലയെക്കാൾ കൂടുതൽ നൽകി പുനരധിവാസം ഉറപ്പാക്കണം എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്‌. സിൽവർ ലൈൻ പദ്ധതിയ്‌ക്കായി ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കും.

ഒരാളെയും കണ്ണിര്‌ കുടിപ്പിക്കാതെ  പദ്ധതി നടപ്പിലാക്കണം എന്നതാണ്‌ ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാട്‌. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രശ്‌നങ്ങളുണ്ടെങ്കിൽ അതാണ്‌ സർക്കാരിന്‌ മുന്നിൽ ഉന്നയിക്കേണ്ടത്‌. അതിന്‌ പകരം പദ്ധതികളെ കണ്ണടച്ച്‌ എതിർക്കുന്ന സമീപനം കേരളത്തിന്റെ ഭാവിവികസനത്തിന്‌ സഹായകരമല്ല. ഇത്തരം നിലപാടുകളെ ജനങ്ങൾക്ക്‌ മുന്നിൽ തുറന്ന്‌ കാട്ടുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

നിരപരാധികളെ 
പ്രതിയാക്കുന്നത്‌ എതിർക്കും
പെരിയ കേസിൽ നിരപരാധികളെ പ്രതിയാക്കുന്നതിനെ എതിർക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  പറഞ്ഞു. ചില കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശമനുസരിച്ച്‌ പ്രവർത്തിക്കേണ്ട ഏജൻസിയല്ല സിബിഐ. ഇന്നയാളെ പിടിക്കൂവെന്ന്‌ നിർദേശം വരുന്നു, സിബിഐ അതുപോലെ ചെയ്‌ത്‌ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുന്നു. അത്തരം രാഷ്‌ട്രീയ നിലപാടിനെ തുറന്നെതിർക്കും. യഥാർഥ പ്രതികളെ പിടികൂടുന്നതിനോട്‌ എതിർപ്പില്ല. നിരപരാധികളെ പ്രതിയാക്കിയാൽ അവരുടെ കൂടെ പാർടിയുണ്ടാകും. കുറ്റം ചെയ്തവരോടൊപ്പമുണ്ടാവില്ല. മുമ്പു നടന്ന അന്വേഷണത്തിന്‌ പോരായ്മയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ. പ്രാദേശിക പ്രശ്നത്തിന്റെ പേരിലാണ്‌ കൊലപാതകം. അത്‌ സിപിഐ എം തള്ളിപ്പറഞ്ഞിരുന്നു. ഒരു തർക്കവും  കൊലപാതകത്തിലേക്കെത്താൻ പാടില്ല.  പ്രതിയായതുകൊണ്ട്‌  കുറ്റവാളിയാകില്ല. ഞാനും ഒരു കൊലപാതക കേസിൽ പ്രതിയായിരുന്നു. അയാളെ കണ്ടിട്ടുപോലുമില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി കോടിയേരി പറഞ്ഞു. 

ന്യൂനപക്ഷ വേട്ട: 
7ന്‌ പ്രതിഷേധ ദിനം
മതന്യൂനപക്ഷങ്ങൾക്കും പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങൾക്കുമെതിരെ ആർഎസ്‌എസ്‌ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഏഴിന്‌ സിപിഐ എം പ്രതിഷേധദിനം ആചരിക്കും.  ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ദേശീയതലത്തിൽ പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌  പ്രതിഷേധദിനാചരണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും പട്ടികജാതി–-പട്ടികവർഗക്കാർക്കുമെതിരായ ആക്രമണങ്ങൾ വർധിക്കുകയാണ്‌. കഴിഞ്ഞ ഒമ്പതുമാസത്തിനിടയിൽ ക്രൈസ്‌തവ ആരാധനാലയങ്ങൾക്കെതിരെ മുന്നൂറിലേറെ ആക്രമണമുണ്ടായതായി മനുഷ്യാവകാശ സംഘടനകളുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌.  പശുസംരക്ഷണം, ലൗജിഹാദ്‌ എന്നിവ ഉയർത്തിയുള്ള  ആക്രമണങ്ങൾ ഏറെയാണ്‌.  ഫാദർ സ്‌റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്‌.

കേരളത്തിലും ആർഎസ്‌എസും എസ്‌ഡിപിഐയും വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നുണ്ട്‌.  തലശേരിയിൽ ആർഎസ്‌എസ്‌ നടത്തിയ പ്രകടനം മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെ കലാപത്തിന്‌ ആഹ്വാനം നൽകി പ്രകോപനം സൃഷ്ടിക്കുന്നതാണ്‌. ഇതിനെതിരെ എസ്‌ഡിപിഐ രംഗത്തിറങ്ങി. വർഗീയ ധ്രുവീകരണത്തിനാണ്‌ ഇരുകൂട്ടരുടെയും ശ്രമം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട്‌ സർക്കാർ സ്വീകരിക്കണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top