11 July Saturday

തിരിച്ചടി താല്‍ക്കാലികം; പരാജയത്തിന്റെ ആഴം തിരിച്ചറിയുന്നു- പാര്‍ട്ടിയെ ആശയപരമായും സംഘടനാപരമായും ശക്തിപ്പെടുത്തും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

തിരുവനന്തപുരം > തെരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമെന്നും എന്നാല്‍ അതില്‍ നിന്നും ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇതിനായി ഇടതുപക്ഷത്തിന്  പരമാവധി അംഗസംഖ്യ വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സിപിഐ എമ്മിന്റെ പ്രധാന മുദ്രാവാക്യം.

 ഈ മുദ്രാവാക്യം വഴി സ്വാധീനം ലഭിക്കേണ്ടിയിരുന്ന മതന്യൂനപക്ഷ വിഭാഗത്തെയും മറ്റുല്‍പതിഷ്ണുക്കളേയും സ്വാധീനിക്കുന്നതില്‍ ഇടതുപക്ഷത്തിന വീഴ്ച സംഭവിച്ചിട്ടുണ്ട്. മോഡി സര്‍ക്കാരിനെ താഴെയിറക്കണമെന്നത് കേരളത്തിന്റെ വികാരമാണ്. അത്തരം വികാരം കേരളത്തില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പ്രചരണം പ്രധാന പങ്ക് വഹിച്ചു. എന്നാല്‍ അതിന്റെ നേട്ടം കൊയ്തത് യുഡിഎഫാണ്.

ബിജെപി സര്‍ക്കാരിനെ പുറത്താക്കണം എന്ന കാര്യത്തില്‍ യോജിക്കണം എന്ന് ചിന്തിച്ചവര്‍, കേന്ദ്രത്തില്‍ ഇടപെടാന്‍ ഇടതുപക്ഷത്തിന് വേണ്ടത്ര ശക്തിയില്ലെന്ന് കരുതുകയായിരുന്നു. 2004ല്‍ ഇടതുപക്ഷത്തിന് ഉണ്ടായ സ്വാധീനം ദേശീയതലത്തില്‍ ഇടതിനില്ലെന്നും അതിനാല്‍ 2004ന്റെ അതേ സ്ഥിതിയില്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്താല്‍ ദേശീയതലത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തന്റെ കരുത്ത് വേണ്ടത്ര ശക്തിപ്പെടുകയില്ല എന്ന ചിന്ത ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കണം എന്നുവിചാരിച്ചവരെ സ്വാധീനിക്കുകയായിരുന്നു; അദ്ദേഹം വിശദീകരിച്ചു

പരാജയത്തിന്റെ ആഴം സംസ്ഥാന കമ്മറ്റി തിരിച്ചറിയുന്നു. വോട്ടിംഗ് ശതമാനത്തിലെ കുറവ് പരിശോധിച്ചു. മോഡി- രാഹുല്‍ മത്സരമാണെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. ആര്‍എസ്എസ് ഹിന്ദുത്വ ദ്രുവീകരണത്തിന് ശ്രമിക്കുകയായിരുന്നു. നവോത്ഥാന സംരക്ഷണ സമിതിയുടെ ഇടപെടലാണ് ആര്‍എസ്എസ് അജണ്ട തകര്‍ത്തത്. ഇടതുപക്ഷ നിലപാടുകള്‍ വേണ്ടത്ര പ്രചരണം നടത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രത്തിലും തിരിച്ചടിയുണ്ടായി. ബിജെപിക്കെതിരെ സര്‍ക്കാര്‍ വേണമെന്ന ചിന്തയാണ് കേരളത്തില്‍ ഉണ്ടായത്.

മുസ്ലിം ലീഗിന്റെ പ്രചരണവും യുഡിഎഫിന് അനുകൂലമായി. കോണ്‍ഗ്രസ് വലിയ ശക്തിയാകുമെന്ന് പലരും തെറ്റിദ്ധരിച്ചു. ശബരിമല നിലപാട് ശരിയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരായ ജനവിധിയല്ല ഉണ്ടായത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു ചര്‍ച്ച.  ശബരിമല വിഷയത്തില്‍ മറ്റൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയുമായിരുന്നില്ല. സുപ്രീംകോടതിയുടേതായിരുന്നു വിധി.

 കോണ്‍ഗ്രസും ബിജെപിയും അത് സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ശബരിമല വിഷയം സുവര്‍ണാവസരമായി കണ്ട് ചിലര്‍  സര്‍ക്കാരിനെതിരാക്കാന്‍ ശ്രമിച്ചു. ശബരിമല സംബന്ധിച്ച പ്രചരണത്തിന് മോഡി തന്നെ നേതൃത്വം നല്‍കുകയായിരുന്നു. ക്ഷേത്രങ്ങളെ കേന്ദ്രകരിച്ചും പ്രചരണം നടന്നു.  ഇതില്‍ നിന്നും ബിജെപി നേട്ടം പ്രതീക്ഷിച്ചു. എന്നാല്‍ അവര്‍ക്കെതിരായ ജനവിധിയാണുണ്ടായത്. പല മണ്ഡലങ്ങളിലും ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു. സിപിഐ എമ്മിനെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാക്കുന്ന വിധത്തില്‍ പ്രചരണം നടത്തി.

 പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമം നടന്നു. അതേസമയം പാര്‍ട്ടിയെ രാഷ്ട്രീയപരമായും ആശയപരമായും സംഘടനാപരമായും ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തെ സംബന്ധിച്ച് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ സാധിക്കും. നവോത്ഥാന സംരക്ഷണത്തിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് ജയമായിരുന്നില്ല. വിശ്വാസികള്‍ എതിരായത് തെറ്റിദ്ധാരണ കൊണ്ടാണ്. ഇടതുപക്ഷത്തിന് ഒരു സ്ഥലത്തും ബിജെപി വോട്ടുചെയ്തില്ല. എന്നാല്‍ കോണ്‍ഗ്രസിന് അവര്‍ വോട്ടുനല്‍കി.

ഏതെങ്കിലും മണ്ഡലം സംബന്ധിച്ച് പ്രത്യേക പരിശോധനയില്ലെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും ആളുകള്‍ക്കെതിരായ ജനവിധി ഉണ്ടായിട്ടില്ല എന്നാണ് സംസ്ഥാന കമ്മറ്റി കാണുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ആളുകളെ ബലിയാടുകളാക്കുന്നത് കോണ്‍ഗ്രസിന്റെ ശൈലിയാണ്. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അത് ഇടതുപക്ഷത്തിന്റെ രീതിയല്ല.പാര്‍ട്ടിയുമായി ബന്ധമുള്ള സ്ത്രീകളല്ല മലകയറിയത്. പിഎസ്‌സിയുടെ ചോദ്യങ്ങള്‍ സംന്ധിച്ച് സിപിഐ എമ്മിന് യാതൊരു ബന്ധവുമില്ലെന്നും കോടിയേരി മാധ്യമങ്ങളോട്  വ്യക്തമാക്കി.   
 


പ്രധാന വാർത്തകൾ
 Top