കണ്ണൂർ> സിപിഐ എം പൊളിറ്റി ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. തുടർന്ന് സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, വി ശിവദാസൻ എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാവിലെ 8.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽനിന്ന് പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും പയ്യാമ്പലത്തിയത്.
പ്രിയ നേതാവിന്റെ ചരമവാർഷിക ദിനത്തിൽ നാടെങ്ങും വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് തലശേരിയിലും തളിപ്പറമ്പിലും അനുസ്‌മരണ സമ്മേളനം ചേരും. തലശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിൽ എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ചീഫ് എഡിറ്ററായിരുന്ന കോടിയേരിയുടെ ഛായാചിത്രം ദേശാഭിമാനി ആസ്ഥാനത്ത് ജനറൽ മാനേജർ കെ ജെ തോമസ് അനാഛാദനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..