20 August Tuesday

കേരളത്തിലും മോഡിയുടെ ലക്ഷ്യം വർഗീയധ്രുവീകരണം: കോടിയേരി

സ്വന്തം ലേഖകൻUpdated: Wednesday Apr 17, 2019

തിരുവനന്തപുരം
കേരളത്തിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കുകയാണ‌് നരേന്ദ്ര മോഡിയുടെ വിഷലിപ‌്തപ്രചാരണത്തിന്റെ ലക്ഷ്യമെന്ന‌് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. എന്നാൽ, കേരളത്തിൽ മോഡിയുടെ വർഗീയധ്രുവീകരണം നടക്കില്ല. ആർഎസ‌്എസ‌ിന‌് മുന്നിൽ വിറങ്ങലിച്ച‌് നിൽക്കുന്ന സർക്കാരല്ല പിണറായി സർക്കാരെന്ന‌് മോഡി മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു. കാരേറ്റ‌്, വെമ്പായം എന്നിവിടങ്ങളിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയ്യപ്പന്റെ പേര‌് പറഞ്ഞതിന‌് ആരെയാണ‌് അറസ്റ്റ‌് ചെയ‌്തതെന്ന‌് പ്രധാനമന്ത്രി പറയണം. അയ്യപ്പന്റെ പേരിൽ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച ആർഎസ‌്എസുകാരായ അക്രമികളെയാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്. കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആ നീക്കം പൊളിക്കാൻ എൽഡിഎഫ് സർക്കാരിനായി. നിയമം ലംഘിക്കുന്നവർ ആരായാലും അവർക്കെതിരെ കേരളത്തിൽ നടപടിയുണ്ടാകും. അക്രമികൾക്ക‌് എതിരെ നടപടി പാടില്ലെന്നാണോ മോഡിയുടെ അഭിപ്രായം. മോഡിയുടെയും ബിജെപിയുടെയും പ്രചാരണത്തെ നേരിടാൻ കോൺഗ്രസിനാകില്ല. അവർക്ക‌് എതിരായുള്ള പോരാട്ടത്തിലും കോൺഗ്രസിനെ വിശ്വസിക്കാനാകില്ല. ആർഎസ‌്എസ‌് മുഴക്കുന്ന അതേമുദ്രാവാക്യങ്ങളാണ‌് കോൺഗ്രസും വിളിക്കുന്നത‌്. മുത്തലാഖ‌് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബിജെപിയുമായി കോൺഗ്രസ് ഒത്തുകളിച്ചു. രാമക്ഷേത്രനിർമാണ വിഷയത്തിലും ആർഎസ്എസിന്റെ മുദ്രാവാക്യം ഏറ്റുവിളിക്കുകയാണ് കോൺഗ്രസ്.

ഇടതുപക്ഷം വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികളിൽ ഭൂരിഭാഗവും ഇടതുപക്ഷത്തോടൊപ്പമാണ്. ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കി നിലനിർത്താനും
മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനും ഇടതുപക്ഷത്തിനേ കഴിയൂ. ബിജെപിക്ക‌് എതിരെയുള്ള പോരാട്ടത്തിൽ ജനത്തിന‌് വിശ്വാസം ഇടതുപക്ഷത്തെയാണെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top