കോഴിക്കോട്> കോടഞ്ചേരി ഗവ. കോളജിലെ മുഴുവൻ പൂർവവിദ്യാർഥികളുടെയം മെഗാ അലുംനി മീറ്റ് ജനുവരി 26ന് നടക്കും. 1980 മുതൽ 2022 വരെ കോളജിൽനിന്നു പഠിച്ചിറങ്ങിയ മുഴുവൻ പേരെയും ക്ഷണിച്ചാണ് സംഗമം നടത്തുന്നത്. ഒപ്പം കോളജിൽ സേവനം ചെയ്‌ത അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ക്ഷണിക്കുന്നുണ്ട്. കോളജ് ഐക്യുഎസിയുടെയും അലുംനി അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിലുള്ള സംഗമം ‘വാകമരത്തണലിൽ’ 26ന് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ്.
മലയോരമേഖലയ്‌ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ വഴി തുറന്നതാണ് കോടഞ്ചേരി ഗവ. കോളജ്. കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ കോടഞ്ചേരിയിൽ റബർ തോട്ടങ്ങൾക്കിടയിലെ കുന്നിൻചരുവിൽ 1980ലാണ് കോളജ് സ്ഥാപിതമായത്. ആദ്യകാലത്തെ അടിസ്ഥാനസൗകര്യം ഒരു സർക്കാർ എൽപി സ്കൂളിനേക്കാൾ ദയനീയമായിരുന്നു. ഓടിട്ട താൽക്കാലിക കെട്ടിടങ്ങൾ. സിമന്റ് പൂശാത്ത അരഭിത്തി. ക്ലാസുകൾക്കിടയിൽ തുണി കർട്ടൻ. ലാബിലേക്ക് പരീക്ഷണങ്ങൾക്കുള്ള വെള്ളം അടുത്തവീട്ടിലെ കിണറ്റിൽനിന്ന് കുട്ടികൾ കോരിക്കൊണ്ടുവരേണ്ട അവസ്ഥ. ഈ പരിമിതികൾക്കിടയിലും പഠനരംഗത്ത് കോളജ് ഉന്നതനിലവാരം പുലർത്തി.
.jpg)
കോടഞ്ചേരി ഗവ.കോളേജ് – പഴയ ചിത്രങ്ങൾ
താമരശേരി, ഓമശേരി, ബാലുശേരി, ഈങ്ങാപ്പുഴ, അടിവാരം, തിരുവമ്പാടി, മുക്കം, കൊടുവള്ളി, കൂടത്തായ്, ആനക്കാംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നൊക്കെ എസ്എസ്എൽസിക്ക് ഉന്നതവിജയം നേടിയ വിദ്യാർഥികൾ കോടഞ്ചേരി കോളജിലേക്ക് ഉന്നത പഠനത്തിനെത്തി. മലപ്പുറം, വയനാട് ജില്ലകളിൽനിന്നുള്ളവരും കോടഞ്ചേരി കോളജിൽ പഠിച്ചിരുന്നു. പ്രീഡിഗ്രിക്ക് ഫസ്റ്റ്, സെക്കൻഡ് ഗ്രൂപ്പുകൾ ആദ്യംമുതലേ ഈ കോളജിൽ ഉണ്ടായിരുന്നതിനാൽ റൂറൽ മേഖലയിൽനിന്നുള്ള മികച്ച മാർക്കുകാരുടെ ലക്ഷ്യസ്ഥാനമായി കോടഞ്ചേരി മാറി.
ആദ്യത്തെ 10 വർഷത്തോളം പ്രീഡിഗ്രി കോഴ്സ് മാത്രമുണ്ടായിരുന്ന കോളജിൽ പിന്നീട് ഡിഗ്രി, പിജി കോഴ്സുകളും വന്നു. ഇപ്പോൾ ഗവേഷണ സൗകര്യം വരെയുണ്ട്. കുന്നിൻ ചരുവിലെ താൽക്കാലിക കെട്ടിടങ്ങളിൽ ഒന്നര പതിറ്റാണ്ടോളം പ്രവർത്തിച്ച ശേഷമാണ് കോളജ് സ്വന്തം കെട്ടിടത്തിലേക്കു മാറിയത്.
മെഗാ അലുംനി മീറ്റിൽ ഉദ്ഘാടന സമ്മേളനം, ക്ലാസ് ഒത്തു കൂട്ടലുകൾ, കലാ പരിപാടികൾ, ബയോ ഡൈവേഴ്സിറ്റി റിസർവ് സന്ദർശനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: ഡോ. കെ.പി. ഷബീർ: 9961488683, ഡോ.മോഹൻദാസ്: 9846357956, ഡോ. ജോബി രാജ്: 9447640432, കെ.പി. അഷ്റഫ്: 8113993366.
റജിസ്ട്രേഷന്:
https://docs.google.com/forms/d/e/1FAIpQLSdbNqbLbuzd633KuMcHPFZYmKTKU5-ZoC62sULE4jJjOu1vpg/viewform?usp=sf_link
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..