20 September Monday

കുഴൽപ്പണം: ബിജെപി സംസ്ഥാന നേതാക്കൾക്ക് പങ്ക്‌; ഇഡിക്കും തെരഞ്ഞെടുപ്പു കമ്മീഷനും നാളെ റിപ്പോർട്ട്‌ നൽകും

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

തൃശൂർ > നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഇറക്കിയ കുഴൽപ്പണം കവർന്നക്കേസിൽ  ഇഡിക്കും ഇൻകംടാക്‌സ്‌ വകുപ്പിനും തെരഞ്ഞെടുപ്പു കമ്മീഷനും പ്രത്യേക അന്വേഷകസംഘം തിങ്കളാഴ്‌ച വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കും. കൊടകരയിലേത് തെരഞ്ഞെടുപ്പിനിറക്കിയ കുഴൽപ്പണമാണെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നുമാണ്‌ പൊലീസിന്റെ ശുപാർശ.

രാജ്യത്തിന്റെ സമ്പത്ത്‌ വ്യവസ്ഥ തകർക്കുന്ന കുഴൽപണ ഇടപാടിൽ  ബിജെപി സംസ്ഥാന നേതാക്കളുടെ ബന്ധമുൾപ്പടെ വിശദമായ റിപ്പോർട്ടാണ്‌ സമർപ്പിക്കുക. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലായി 52 കോടി രൂപ കുഴൽപണം ഇറക്കി. കെ സുര്രേന്ദൻ മത്സരിച്ച കോന്നിയിലുൾപ്പടെ പണം വിതരണം ചെയ്‌തതായും റിപ്പോർട്ടിലുണ്ടാവും.

തെരഞ്ഞെടുപ്പു കമ്മീഷനും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടർക്കും  തെരഞ്ഞെടുപ്പു കമ്മീഷനും ഇ മെയിലായും നേരിട്ടും റിപ്പോർട്ടുകൾ സമർപ്പിക്കും. ഇതിനായി മൂന്ന് വ്യത്യസ്‌ത റിപ്പോർട്ടുകൾ തയ്യാറാക്കിയതായി പൊലീസ് വ്യക്തമാക്കി.  ബിജെപി  സംസ്ഥാന നേതാക്കളുടെ അറിവോടെ നിയമസഭാതെരഞ്ഞെടുപ്പിനെത്തിച്ച പണമാണ്‌ കവർന്നതെന്ന്‌ റിപ്പോർട്ടിലുണ്ട്.  40 കോടിയാണ് വിതരണം ചെയ്‌തത്.

മാർച്ച്‌ അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ വിവിധ ബിജെപി നേതാക്കൾക്ക്‌ പണം കൈമാറി. പാലക്കാട്ടേക്ക് കൊണ്ടു വന്നിരുന്ന ബിജെപിയുടെ 4.4 കോടി മാർച്ചിൽ   സേലത്ത്  തട്ടിയെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും കർണാടകത്തിൽ നിന്നും ബിജെപി 12 കോടി കേരളത്തിലെത്തിച്ചതായും റിപ്പോർട്ടിലുണ്ടാവും. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം  പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്‌. തെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്‌ത കുറ്റകൃത്യത്തിലും അന്വേഷണം തുടരുകയാണ്‌. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ കെ ഉണ്ണികൃഷ്‌ണനെയും സർക്കാർ നിശ്‌ചയിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top