Deshabhimani

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 03:59 PM | 0 min read

തൃശൂർ > കൊടകര കുഴൽപ്പണക്കേസിൽ  തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.  നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത്‌   തൃശൂരിലെ ബിജെപി  ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി  ഒമ്പതു കോടി കുഴൽപ്പണം എത്തിച്ചെന്ന  മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌ മാധ്യമങ്ങളോട്‌ നടത്തിയ വെളിപ്പെടുത്തലിന്റെ  അടിസ്ഥാനത്തിലാണ്‌ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്‌. എന്നാൽ നേരത്തെ കുറ്റപ്പത്രം സമർപ്പിച്ച കേസായതിനാലാണ്‌ തുടരന്വേഷണത്തിന്‌  കോടതി അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജു  ഹർജി നൽകിയത്‌.

ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ എൻ വിനോദ്‌കുമാറാണ്‌  അനുകൂല ഉത്തരവിട്ടത്‌.  സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്‌ണൻ  കേസിൽ ഹാജരായി. കേസിന്റെ തുടർനടപടികൾ ഇരിങ്ങാലക്കുട കോടതിയിൽ നടക്കും.  

കുഴൽപ്പണം കടത്തിയ ധർമരാജനെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാപ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ എന്നിവർ  പരിചയപ്പെടുത്തിയതായി സതീശ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. പണം വരുന്ന ദിവസം  രാത്രി ഓഫീസ്‌ അടക്കരുതെന്നും നേതാക്കൾ നിർദേശിച്ചു.  കുഴൽപ്പണ സംഘത്തിന്‌ ലോഡ്‌ജിൽ മുറിയെടുത്ത്‌ നൽകി. ജില്ലാ ട്രഷറർ സുജയസേനനും ധർമരാജനും കൂടെയുള്ളവരും ചേർന്നാണ്‌ പണച്ചാക്കുകൾ ഓഫീസിന്‌  മുകളിലേക്ക്‌ കയറ്റിയത്‌. ഈ പണം കെട്ടുകളിലാക്കി മേശപ്പുറത്ത്‌ വയ്‌ക്കുന്നത്‌ കണ്ടതായും വെളിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home